പണം വാങ്ങി ഡൽഹിയിലെത്തിയെന്ന് ആരോപണം: വിമർശകരുടെ വായടപ്പിച്ച് രഞ്ജിനി ഹരിദാസ്; ‘എന്തായാലും അറിയിച്ചതിന് നന്ദി!’
text_fieldsരഞ്ജിനി ഹരിദാസ്
നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പ്രക്ഷോഭ സമരം വൻ വിജയത്തിലെത്തിയിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്നുള്ള ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യത്തെ ജെൻ സി യുവാക്കളുടെയും പോരാട്ടവീര്യത്തിന്റെ തിളക്കമാർന്ന വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
ഡൽഹി ജന്തർ മന്തറിൽ നടന്ന ഈ ചരിത്രപരമായ സമരത്തിന് രാജ്യവ്യാപകമായി അത്യപൂർവ്വ പിന്തുണയാണ് ലഭിച്ചത്. വിദ്യാർഥി സമൂഹത്തിന്റെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാംസ്കാരിക-സിനിമാ ലോകത്തുനിന്നുള്ള നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. അതിൽ തുടക്കം മുതൽ സമരവേദിയിൽ നേരിട്ടെത്തിയ ചുരുക്കം ചില മലയാളികളിൽ പ്രധാനിയായിരുന്നു രഞ്ജിനി ഹരിദാസ്.
പ്രതിഷേധത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ രഞ്ജിനി ഹരിദാസ് നേരിട്ടെത്തിയിരുന്നു. നടി സിജ റോസ്, മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി എന്നിവർക്കൊപ്പമാണ് രഞ്ജിനി സമരവേദിയിലെത്തി വിദ്യാർഥികൾക്ക് ആവേശം പകർന്നത്.
സമരത്തിന്റെ തുടക്കം മുതൽ അത് ലക്ഷ്യത്തിലെത്തുന്നത് വരെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വാർത്തകളും വിശേഷങ്ങളും പങ്കുവെക്കുകയും വിദ്യാർഥികളുടെ ആവശ്യങ്ങൾക്കായി ശബ്ദമുയർത്തുകയും ചെയ്യാൻ രഞ്ജിനി മുൻപന്തിയിലുണ്ടായിരുന്നു. വിദ്യാർഥികൾക്ക് നേരെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അടിച്ചമർത്തലുകൾക്കെതിരെയും അവർ ശക്തമായി പ്രതികരിച്ചു.
സമരത്തെ പിന്തുണച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയ്ക്കകത്തും പുറത്തും കടുത്ത അധിക്ഷേപങ്ങളും വിമർശനങ്ങളുമാണ് രഞ്ജിനിക്ക് നേരിടേണ്ടി വന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് താരം ഡൽഹിയിലെത്തിയതെന്ന തരത്തിൽ ചില കേന്ദ്രങ്ങളിൽ നിന്ന് സൈബർ ആക്രമണങ്ങൾ അഴിച്ചുവിട്ടു. എന്നാൽ, അത്തരം വിമർശനങ്ങൾക്കൊന്നും വഴങ്ങാതെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയേകി ഉറച്ചുനിൽക്കാൻ രഞ്ജിനിക്ക് സാധിച്ചു.
ഇപ്പോഴിതാ തനിക്കെതിരെ ചില മാധ്യമങ്ങൾ പ്രചരിപ്പിച്ച തെറ്റായ വാർത്തക്ക് രഞ്ജിനി നൽകിയ കിടിലൻ മറുപടിയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഡൽഹിയിലെത്തിയത് പണം വാങ്ങി; രഞ്ജിനി ഹരിദാസ് ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസർമാർക്കെതിരെ എൻ.ഐ.എ അന്വേഷണത്തിന് ഹർജി" എന്ന തലക്കെട്ടോടെ ജനം ഓൺലൈൻ നൽകിയ വാർത്തക്കാണ് താരം മറുപടി നൽകിയത്. ജനം ഓൺലൈനിന്റെ പോസ്റ്റിന് താഴെ രഞ്ജിനി കുറിച്ച കമന്റ് ഇങ്ങനെയായിരുന്നു.
അവരോട് അടുത്ത മാസം 20ന് ശേഷം വരാൻ പറയാൻ പറ്റുമോ? അതുവരെ ഞാൻ കുറച്ച് തിരക്കിലാണ്. എന്തായാലും അറിയിച്ചതിന് നന്ദി! ട്രോളും മാസ്സും കലർന്ന രഞ്ജിനിയുടെ ഈ പ്രതികരണത്തിന് സോഷ്യൽ മീഡിയയിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്. താരത്തിന്റെ ധീരമായ നിലപാടിനെയും മറുപടിയെയും അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് പിന്നാലെ സി.ജെ.പിയെയും സമരരംഗത്തുണ്ടായിരുന്ന യുവാക്കളെയും അഭിനന്ദിച്ചുകൊണ്ട് രഞ്ജിനി ഹരിദാസ് കുറിപ്പും പങ്കുവെച്ചിരുന്നു. "ഞങ്ങൾക്ക് ചെയ്യാൻ കഴിയാതിരുന്നത് നിങ്ങൾ ചെയ്തു കാണിച്ചു തന്നു. അതിനുവേണ്ടി എല്ലാവരുടെയും പേരിൽ ഞാൻ നിങ്ങളോട് നന്ദി പറയുന്നു. ഇനി അധികാരത്തിലുള്ളവർ തെറ്റ് ചെയ്യുമ്പോഴെല്ലാം അവരോട് ചോദ്യങ്ങൾ ചോദിക്കാനും കണക്ക് ചോദിക്കാനും നമുക്ക് കഴിയുമെന്ന് നിങ്ങൾ തെളിയിച്ചു തന്നു. അതിനുള്ള പ്രചോദനവും ധൈര്യവുമാണ് ഈ സമരം നമ്മൾക്കെല്ലാവർക്കും നൽകിയത്." രഞ്ജിനി ഹരിദാസ് പറഞ്ഞു. വിമർശകർക്ക് മുന്നിൽ തളരാതെ സത്യത്തിനും വിദ്യാർഥി അവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട രഞ്ജിനി ഹരിദാസിന്റെ നിലപാടുകൾ വലിയ കയ്യടിയാണ് നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

