പരിക്കേറ്റ കുട്ടികൾക്ക് വെള്ളം കൊടുക്കാൻ പോലും സമ്മതിച്ചില്ല; കുറച്ചുകൂടി മാറിയിരുന്നെങ്കിൽ എനിക്കും അടികിട്ടുമായിരുന്നു -രഞ്ജിനി ഹരിദാസ്
text_fieldsരഞ്ജിനി ഹരിദാസ്
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ചും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി അവതാരക രഞ്ജിനി ഹരിദാസ് സമരവേദിയിലെത്തി. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയ താനും പൊലീസ് വലയത്തില്‍ പെട്ടുപോയെന്നും, കുറച്ചുകൂടി മാറിയാണ് നിന്നിരുന്നതെങ്കില്‍ ലാത്തിച്ചാര്‍ജ് തനിക്കും കിട്ടുമായിരുന്നുവെന്നും രഞ്ജിനി പറഞ്ഞു.
സോനം വാങ്ചുക്ക് അടക്കമുള്ളവരെ സമരവേദിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത രീതിയെ രഞ്ജിനി ഹരിദാസ് രൂക്ഷമായി വിമർശിച്ചു. ‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോനം വാങ്ചുക്കിന്റെ സത്യാഗ്രഹം സോഷ്യൽ മീഡിയയിലൂടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ രാജ്യത്തിന് വേണ്ടി നല്ലൊരു കാര്യം ചെയ്യുന്ന ഒരാളെ ഏറെ അനാദരവോടെ, വെള്ളത്തുണിയിൽ മൃതദേഹം കൊണ്ടുപോകുന്നതുപോലെ പൊലീസുകാർ എടുത്തുകൊണ്ടുപോയ കാഴ്ച കണ്ടപ്പോൾ സമാധാനം പോയി. കേവലം ഒരു ഇന്റർനെറ്റ് പോരാളിയായി വീട്ടിലിരിക്കാൻ കഴിയാതെ വന്നതോടെയാണ് ഡൽഹിയിലേക്ക് നേരിട്ടെത്താൻ തീരുമാനിച്ചത്’ രഞ്ജിനി ഹരിദാസ് പറഞ്ഞു.
പ്രതിഷേധക്കാരെ തടയാൻ നഗരത്തിലുടനീളം ബാരിക്കേഡുകൾ ഉയർത്തിയ പൊലീസ് നടപടി ജനങ്ങളുടെ പ്രതിഷേധം കണ്ടുള്ള ഭയം മൂലമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഹൈകോടതി ജഡ്ജിമാരുടെ വസതികൾ സ്ഥിതിചെയ്യുന്ന ഭാഗങ്ങളിൽ പോലും സഞ്ചാരസ്വാതന്ത്ര്യം തടയുന്ന രീതിയിലാണ് പൊലീസ് പെരുമാറിയതെന്നും, സമാധാനപരമായി പ്രതിഷേധിച്ച യുവാക്കൾക്ക് നേരെ കണ്ണീർവാതകവും ലാത്തിച്ചാർജുമാണ് പ്രയോഗിച്ചതെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
ഗ്രാമങ്ങളിൽ കൂലിപ്പണി ചെയ്തും പ്രയാസപ്പെട്ടുമാണ് രക്ഷിതാക്കൾ മക്കളെ പഠിപ്പിക്കുന്നത്. പരീക്ഷാ തട്ടിപ്പുകൾ കാരണം കുട്ടികൾ ജീവനൊടുക്കുന്ന സാഹചര്യം വരെയുണ്ടായിട്ടും അധികൃതർ ഒരു മറുപടിയും നൽകുന്നില്ലെന്നത് നിരാശാജനകമാണ്. അടിയുണ്ടാക്കാൻ വന്നവരല്ല ഇവിടത്തെ യുവാക്കൾ. എന്നിട്ടും അവർക്ക് നേരെ ലാത്തിച്ചാർജും ടിയർഗ്യാസും പ്രയോഗിച്ചു. പരിക്കേറ്റ കുട്ടികൾക്ക് വെള്ളമോ ഭക്ഷണമോ നൽകാനോ ആംബുലൻസ് വിളിക്കാനോ പോലും പൊലീസ് സമ്മതിച്ചില്ല. കുറച്ചുകൂടി മാറിയാണ് നിന്നിരുന്നതെങ്കിൽ തനിക്കും ലാത്തിച്ചാർജ് കിട്ടുമായിരുന്നു. ഭരണപക്ഷത്തോടുള്ള വിരോധമല്ല, മറിച്ച് തെറ്റായ നിലപാടുകൾക്കെതിരെ സംസാരിക്കാനാണ് താൻ എത്തിയത്. അതിനെ എന്തിനാണ് ഭയക്കുന്നതെന്നും രഞ്ജിനി ചോദിച്ചു.
പൊലീസ് അടിച്ചോടിക്കുകയും സമരപ്പന്തൽ തകർക്കുകയും ചെയ്തെങ്കിലും സി.ജെ.പി പ്രവർത്തകർ രാത്രിയോടെ വീണ്ടും ജന്തർ മന്തറിലെത്തി വേദി ശുചീകരിച്ച് പുതിയ പന്തൽ കെട്ടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് എഴുപതോളം പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും പൊതുമുതൽ നശിപ്പിച്ചതിനടക്കം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സി.ജെ.പി നേതൃത്വം വ്യക്തമാക്കി. വീണ്ടും ആളുകൾ തടിച്ചുകൂടിയ പശ്ചാത്തലത്തിൽ ജന്തർ മന്തറിലും പരിസരങ്ങളിലും ദ്രുതകർമസേനയെയും കൂടുതൽ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

