‘കമ്പനി’ റീമേക്ക് ചെയ്യാനാണ് ആഗ്രഹിക്കുന്നത്; അന്ന് സിനിമയെടുക്കുമ്പോൾ എനിക്ക് അധോലോകത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല -രാം ഗോപാൽ വർമ
text_fieldsരാം ഗോപാൽ വർമ
വർഷങ്ങളായി പല ഇന്ത്യൻ ചലച്ചിത്ര നിർമാതാക്കളും ഗ്യാങ്സ്റ്റർ സിനിമകൾ നിർമിച്ചിട്ടുണ്ടെങ്കിലും രാം ഗോപാൽ വർമയെ പോലെ മറ്റാരെങ്കിലും ഈ വിഭാഗത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. 1989ൽ നാഗാർജുനയെ നായകനാക്കി ഒരുക്കിയ തന്റെ ആദ്യ ചിത്രമായ ശിവ മുതൽ അന്തം, സത്യ, കമ്പനി, സർക്കാർ, രക്ത ചരിത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ഈ ചലച്ചിത്ര വിഭാഗത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തി. ചില പരീക്ഷണങ്ങൾ പരാജയപ്പെട്ടെങ്കിലും, ശിവ, സത്യ, കമ്പനി തുടങ്ങിയ സിനിമകൾ ഗ്യാങ്സ്റ്റർ സിനിമകൾ പുതിയ മാനദണ്ഡം സൃഷ്ടിച്ചു.
ഇപ്പോഴിതാ തന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന 'കമ്പനി' എന്ന ചിത്രം അടുത്തിടെ വീണ്ടും കണ്ടപ്പോൾ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാം ഗോപാൽ വർമ. മോഹൻലാൽ, അജയ് ദേവ്ഗൺ, വിവേക് ഒബ്‌റോയ്, മനീഷ കൊയ്‌രാള എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് കമ്പനി. അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിന്റെയും അദ്ദേഹത്തിന്റെ ഡി-കമ്പനിയുടെയും ജീവിതത്തെയും പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. തന്റെ സിനിമകളിൽ വീണ്ടും ഒരു സിനിമയാക്കാൻ ആഗ്രഹിക്കുന്ന വിഷയം ഏതാണെന്ന ചോദ്യത്തിനായിരുന്നു താരത്തിന്‍റെ മറുപടി.
‘എന്റെ ഒരു സിനിമ റീമേക്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. റീമേക്ക് എന്ന് പറഞ്ഞാൽ, അതിന്റെ വിഷയം എടുത്ത് ഞാൻ വീണ്ടും ഒരു സിനിമയാക്കും. ആ സിനിമ കമ്പനി ആണ്. കാരണം ഇതാണ്, അത് മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് തോന്നുന്നു. സമീപ വർഷങ്ങളിൽ അധോലോകത്തെക്കുറിച്ച് എനിക്കുള്ള അറിവ് വളരെയധികം വർധിച്ചു. ഞാൻ ആ സിനിമയെടുക്കുമ്പോൾ എനിക്ക് അത്തരമൊരു അറിവുണ്ടായിരുന്നില്ല. പത്രത്തലക്കെട്ടുകൾ എടുത്ത് അതൊരു സിനിമയാക്കുന്നതുപോലെയായിരുന്നു കമ്പനി ചെയ്തത്. അതുകൊണ്ട്, ഇപ്പോൾ കമ്പനി കാണുമ്പോൾ അത് ഉപരിതലത്തിൽ മാത്രം സ്പർശിച്ചുപോയ ഒരു സിനിമയായി തോന്നുന്നു. ഇന്ന് എനിക്ക് അത് ചെയ്യാനായാൽ, ഇതിനേക്കാൾ ആഴത്തിലുള്ള ഒരു സിനിമ നിർമിക്കാൻ എനിക്ക് കഴിയുമെന്ന് വിശ്വാസമുണ്ട് രാം ഗോപാൽ വർമ പറഞ്ഞു.
റിലീസിന് ശേഷം താൻ ഒരിക്കലും സ്വന്തം സിനിമകൾ കാണാറില്ലായിരുന്നെന്നും എന്നാൽ 25 വർഷത്തിന് ശേഷം 'സത്യ' കണ്ടപ്പോഴാണ് ഈ ശീലം മാറിയതെന്നും രാം ഗോപാൽ വർമ. സത്യ റിലീസായി 25 വർഷത്തിന് ശേഷം ഞാൻ അത് കണ്ടു. അത് എന്നിൽ എന്തോ ഒരു വികാരം ഉണർത്തി. അതുകൊണ്ട് തന്നെ എന്റെ കരിയറിലെ ഐക്കോണിക് എന്ന് കരുതുന്ന ചിത്രങ്ങൾ ഞാൻ ഇപ്പോൾ വീണ്ടും കാണാറുണ്ട്. ഞാൻ അടുത്തിടെ കമ്പനി കണ്ടു. എനിക്കത് ഇഷ്ടപ്പെട്ടില്ല. ശിവ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. സർക്കാർ കണ്ടപ്പോഴും അത്രയങ്ങ് ഇഷ്ടപ്പെട്ടിട്ടില്ല. ദി ഗോഡ്ഫാദർ (1972) വീണ്ടും കണ്ടതോടെ സർക്കാർ എന്ന സിനിമയിൽ എങ്ങനെ പ്രവർത്തിക്കണമായിരുന്നു എന്നതിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

