‘അന്ന് ആ നിമിഷങ്ങൾ ആസ്വദിച്ചിരുന്നെങ്കിൽ എന്ന് ഒരുനാൾ നിങ്ങൾ ആഗ്രഹിക്കും’; ചെറിയ സന്തോഷങ്ങളെ ചേർത്തുപിടിക്കണമെന്ന് പരിണീതി ചോപ്ര
text_fieldsപരിണീതി ചോപ്ര
ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെ ചേർത്തുപിടിക്കാനും സ്വയം സ്നേഹിക്കാനും ഉപദേശിച്ചുകൊണ്ട് ബോളിവുഡ് താരം പരിണീതി ചോപ്ര പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് താരം മനസുതുറന്നത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈ സന്ദേശം പങ്കുവെച്ചത്.
‘ചെറിയ കാര്യങ്ങളെച്ചൊല്ലി സമ്മർദത്തിലാകുന്നത് നിർത്തുക. നിങ്ങളുടെ ശരീരത്തോട് ദയ കാണിക്കുക. അതിനെ പരിപോഷിപ്പിക്കുക, വിമർശിക്കാതിരിക്കുക. എന്നെങ്കിലും ഒരു ദിവസം നിങ്ങൾ ആഗ്രഹിക്കും, പഴയ ആ നിമിഷങ്ങളെ ഞാൻ കുറച്ചുകൂടി അഭിനന്ദിച്ചിരുന്നെങ്കിൽ എന്ന്. പുറത്തിറങ്ങുക, ആകാശത്തേക്ക് നോക്കുക, സൂര്യപ്രകാശത്തെ തൊട്ടറിയുക’ പരിണീതി കുറിച്ചു.
ഭൗതികമായ വസ്തുക്കൾക്ക് പിന്നാലെ പായുന്നതിനേക്കാൾ പ്രിയപ്പെട്ടവർക്കൊപ്പം ഓർമകൾ സൃഷ്ടിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് താരം ഓർമിപ്പിക്കുന്നു. ഫോൺ മാറ്റിവെച്ച് ചുറ്റുമുള്ളവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സ്നേഹം തുറന്നു പ്രകടിപ്പിക്കാനും താരം ആഹ്വാനം ചെയ്തു.
‘കൂടുതൽ ചിരിക്കുക, സ്നേഹമുള്ളവർക്ക് കുറിപ്പുകൾ എഴുതുക. മറ്റുള്ളവരെ സഹായിക്കുന്നത് നൽകുന്ന സന്തോഷം മറ്റൊന്നിനും നൽകാനാവില്ല. ജീവിതത്തിൽ എല്ലാ കാര്യങ്ങളും തികഞ്ഞതാകണമെന്നില്ല, നിങ്ങൾക്ക് പൂർണ്ണമായ ശരീരമോ പൂർണ്ണമായ ജീവിതമോ വേണമെന്നുമില്ല. നിങ്ങളുടെ ഹൃദയത്തിന് സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം പിന്തുടരുക. നിങ്ങളെ തളർത്തുന്ന കാര്യങ്ങളോട് 'നോ' പറയാൻ ശീലിക്കുക’ പരിണീതി കൂട്ടിച്ചേർത്തു.
രാഘവ് ഛദ്ദയുമായുള്ള വിവാഹശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും പക്വമായ കാഴ്ചപ്പാടുകളെക്കുറിച്ചും പരിനീതി പലപ്പോഴും പങ്കുവെക്കാറുണ്ട്. തന്റെ സിനിമാലോകവും രാഘവിന്റെ രാഷ്ട്രീയ ജീവിതവും തമ്മിൽ കൃത്യമായ ഒരു അതിർവരമ്പ് പരിനീതി സൂക്ഷിക്കുന്നുണ്ട്. ‘വീട്ടിലെത്തിയാൽ ഞങ്ങൾ സിനിമയെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ സംസാരിക്കാറില്ല’ എന്ന് പരിണീതി പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

