മീശപിരിച്ച് ലാലേട്ടൻ; വൈറലായി പൂച്ചക്കുട്ടി
text_fieldsവർഷങ്ങൾക്കുശേഷം താടിയില്ലാതെ, മീശപിരിച്ചുള്ള ലുക്ക് പിടിച്ച് മോഹൻലാൽ. തരുൺ മൂർത്തി ചിത്രത്തിന് വേണ്ടിയാണ് മോഹൻലാലിന്‍റെ പുതിയ ലുക്ക്. വെള്ള നിറത്തിലുള്ള ഷർട്ട് ധരിച്ചുനിൽക്കുന്ന ചിത്രമാണ് മോഹൻലാൽ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ഷർട്ടിന്റെ പോക്കറ്റിന്റെ മുകളിലുള്ള പൂച്ചക്കുട്ടിയുടെ ചിത്രമാണ് അതിൽ ഹൈലൈറ്റ്. നേരത്തേ, ഈ ലുക്കിലുള്ള ഒരു ചിത്രം താരം പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എൽ-366 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി സിനിമയിൽ പൊലീസ് വേഷത്തിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്.
മോഹൻലാലിന്‍റെ മുന്നൂറ്റി അറുപത്തിയാറാമത്തെ ചിത്രവും, ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ഇരുപത്തിയൊന്നാമത്തെ ചിത്രവുമാണിത്. പൊലീസ് സബ് ഇൻസ്പക്ടറായ ടി.എസ്. ലൗലാജൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ടൗൺ ഷിപ്പിൽ ജോലി നോക്കുന്ന ഒരു എസ്.ഐ. ഇദ്ദേഹത്തിന്‍റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ പൊലീസ് യൂണിഫോമിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന L-366 പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. പൊലീസ് യൂനിഫോമിലുള്ള മോഹൻലാലിന്‍റെ പോസ്റ്ററാണ് പുറത്തുവിട്ടത്. L366 എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരുന്നത്.
മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. മനോജ്.കെ. ജയൻ, ജഗദീഷ്, ഇർഷാദ്, വിഷ്ണു.ജി.വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

