ശിഷ്യക്ക് മോണോ ആക്ടിൽ ഒന്നാം സ്ഥാനം, പരിശീലകന് ആഹ്ലാദം വാനോളം; നൊസ്റ്റാൾജിക് ചിത്രവുമായി നവ്യ നായർ
text_fieldsനവ്യ നായർ
മലയാള സിനിമയിലും മറ്റും ഏറെ ആരാധകരുള്ള നടിയാണ് നവ്യ നായർ. അഭിനയത്തോടൊപ്പം നൃത്തത്തെയും ഒരുപോലെ സ്നേഹിക്കുന്ന വ്യക്തിയാണ് നവ്യ. ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്ത രൂപങ്ങളിൽ പ്രാവീണ്യമുള്ള അവർ കേരളത്തിലും പുറത്തും ധാരാളം നൃത്തവേദികളിൽ സജീവമായി പങ്കെടുക്കാറുണ്ട്. തന്റെ കുട്ടിക്കാലത്തും കൗമാരത്തിലും നൃത്തവേദികളിൽ സജീവമായിരുന്നതിനെക്കുറിച്ച് നവ്യ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. നവ്യ നായരെ സംബന്ധിച്ചിടത്തോളം അവരുടെ കലോത്സവ ഓർമകൾ സന്തോഷവും വിജയവും സങ്കടവും എല്ലാം ഒരുപോലെ സമ്മാനിച്ചതാണ്. ഇപ്പോഴിതാ നവ്യ പങ്കുവെച്ച പഴയ കലോത്സവ ഓർമയുടെ ഒരു പേപ്പർ കട്ടിങ് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
‘പ്രതിഭയുടെ തിളക്കം വാനോളം
നാലടി പൊക്കമുള്ള ശിഷ്യ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മൂന്നര അടിക്കാരൻ പരിശീലകന് ആഹ്ലാദം വാനോളം. കായംകുളം സെന്‍റ് മേരീസ് ഹൈസ്ക്കൂളിലെ വി.ധന്യയാണ് യു.പി വിഭാഗം മോണോ ആക്ടിൽ ഒന്നാമത്തെത്തിയത്. പരിശീലകൻ ആലപ്പുഴക്കാരനായ സുദർശനും’.
അഞ്ചാം ക്ലാസ് എന്ന കാപ്ഷനോട് കൂടിയാണ് നവ്യ പത്ര കട്ടിങ് പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയത്.
നവ്യയുടെ കലോത്സവ ഓർമകളിൽ ഏറ്റവും പ്രധാനപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ സംഭവം കലാതിലകപ്പട്ടം നഷ്ടപ്പെട്ടതിനെ തുടർന്നുള്ള വൈകാരിക പ്രതികരണമാണ്. 2001ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകപ്പട്ടം സ്വന്തമാക്കാൻ നവ്യക്ക് കഴിഞ്ഞില്ല. ഈ വിഷമത്തിൽ അവർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുകയും ചെയ്തു. ഈ വിഡിയോ ഇന്നും സോഷ്യൽ മീഡിയയിൽ കലോത്സവ കാലത്ത് വൈറലാകാറുണ്ട്.
അന്ന് തനിക്ക് നഷ്ടപ്പെട്ടതിലെ വിഷമം കൊണ്ടാണ് ആ വർഷം കലാതിലകപ്പട്ടം നേടിയ അമ്പിളി ദേവിക്കെതിരെ അറിയാതെ ചില പരാമർശങ്ങൾ താൻ നടത്തിയതെന്ന് നവ്യ പിന്നീട് ഖേദത്തോടെ തുറന്നു പറഞ്ഞിട്ടുണ്ട്. അതൊരു പതിനഞ്ചുകാരിയുടെ പക്വതക്കുറവായിരുന്നു. ആ കുട്ടിയുടെ പ്രകടനം പോലും കാണാതെയാണ് ഞാൻ അന്ന് അങ്ങനെ പെരുമാറിയത് എന്ന് നവ്യ പിന്നീട് പല വേദികളിലും വ്യക്തമാക്കുകയുണ്ടായി.
കലാതിലകപ്പട്ടം നഷ്ടപ്പെട്ടതിനേക്കാൾ, താൻ സ്ഥിരമായി ഒന്നാം സ്ഥാനം നേടിയിരുന്ന മോണോ ആക്ട് പോലുള്ള ഇനങ്ങളിൽ 'ബി' ഗ്രേഡ് മാത്രം ലഭിച്ചതായിരുന്നു അന്ന് ഏറ്റവും സങ്കടമുണ്ടാക്കിയതെന്നും നവ്യ ഓർമ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

