‘മുല്ലപ്പൂവ് നായർ എന്നാണ് ഇപ്പോൾ എന്നെ മകൻ കളിയാക്കുന്നത്, അന്ന് ഫ്ലൈറ്റ് കേറും വരെ ഞാൻ ഹാപ്പി ആയിരുന്നു’ -നവ്യ നായർ
text_fieldsനവ്യ നായർ
മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യ നായര്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ലഭിച്ച വിഷയം സമൂഹ മാധ്യമങ്ങളിൽ
വലിയ ചർച്ചയായിരുന്നു. ആസ്ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂവാണ് നവ്യയുടെ പക്കല്‍ ഉണ്ടായിരുന്നത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായാണ് നവ്യ നായര്‍ ആസ്‌ട്രേലിയയിലേക്ക് പോയിരുന്നത്. ആസ്‌ട്രേലിയൻ യാത്രയുടെ വിഡിയോ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 'ഫൈൻ അടിക്കുന്നേന് തൊട്ടു മുമ്പുള്ള പ്രഹസനം' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്. ഇപ്പോഴിതാ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.
സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. 'മുല്ലപ്പൂവ് നായർ എന്നാണ് ഇപ്പോൾ എന്നെ മകൻ കളിയാക്കുന്നത്. തിരുവോണം ആണെന്ന് അറിയാതെയാണ് ഞാൻ അന്ന് പരിപാടിക്ക് അഡ്വാൻസ് വാങ്ങിയത്. അന്ന് ഞാൻ ഓണം മൂഡിന് വേണ്ടി സെറ്റും മുണ്ടും മുല്ലപ്പൂവും എല്ലാം വെച്ചു. ആദ്യം ഞാൻ ഒരു പ്ലാസ്റ്റിക് മുല്ലപ്പൂവ് ആണ് വെച്ചിരുന്നത്. അമ്മ പറഞ്ഞു അച്ഛൻ വാങ്ങി കൊണ്ട് വന്ന മുല്ലപ്പൂ വെച്ച് പോയില്ലെങ്കിൽ അച്ഛന് വിഷമം വരുമെന്ന്. രണ്ട് മുഴം രണ്ടായി മുറിച്ച് അങ്ങോട്ട് പോകുമ്പോഴും ഇങ്ങോട്ട് വരുമ്പോഴും വെക്കാൻ പറഞ്ഞു. അന്ന് ഫ്ലൈറ്റ് കേറും വരെ ഞാൻ ഹാപ്പി ആയിരുന്നു.
‘എന്‍റെ ഒപ്പം ആര്യ ഉണ്ടായിരുന്നു. ബിസിനസ് ക്ലാസ് മുഴുവൻ ചേച്ചിയുടെ മുല്ലപ്പൂവിന്‍റെ മണമാണെന്ന് ആര്യ എന്നോട് പറഞ്ഞു. ഞാൻ സന്തോഷിച്ച് ഇരിക്കുകയായിരുന്നു. സിംഗപ്പൂരിൽ നിന്ന് മെൽബണിലേക്കുള്ള ഫ്ലൈറ്റിലാണ് കയറിയത്. അവിടെ നിന്ന് ഡിക്ലറേഷൻ കാർഡ് തന്നിരുന്നു. അതിൽ പൂരിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ പ്ലാന്‍റ് ചോദിക്കുണ്ടായിരുന്നു. ഞാൻ അതിൽ കഞ്ചാവ് എന്നാണ് പ്രതീക്ഷിക്കുന്നത്. ആ ലെവൽ ആണ് ഞാൻ ചിന്തിക്കുന്നത്. ചെറുത് ഒന്നും എന്‍റെ ചിന്തയിലും ഇല്ല.
മുല്ലപ്പൂവ് ഞാൻ മറന്നേ പോയി. അവിടെ നിന്ന് അവർ എന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. ഞാൻ ആകെ പേടിച്ചു പോയി. എന്‍റെ ബാഗിൽ നിന്ന് അവർക്ക് ഒന്നും കിട്ടിയില്ല. എന്നിട്ട് അവർ എന്‍റെ മുടിയിൽ നിന്ന് മുല്ലപ്പൂവ് അഴിക്കാൻ പറഞ്ഞു. ഞാൻ അഭിമാനത്തോടെ കേരളത്തിൽ നിന്നാണ്, ഓണമാണ് മുല്ലപ്പൂവാണ് എന്നൊക്കെ പറഞ്ഞു. അവർ എനിക്ക് 1890 ഡോളർ അടിച്ചു തന്നു. ഒന്നേക്കാൽ ലക്ഷം രൂപ. പിന്നീട് കുറച്ച് നേരത്തേക്ക് ചെവിയിൽ നിന്ന് പുക പോകുന്ന ഫീൽ ആയിരുന്നു. ഒരുപാട് കാല് പിടിച്ച് നോക്കി പക്ഷെ അവർക്ക് മൈൻഡ് ഇല്ലായിരുന്നു’ നവ്യാ നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

