ശ്രീരാമനെ ബോളിവുഡ് ആക്ഷൻ ഹീറോകളെപ്പോലെ മാറ്റി; രൺബീറിന്റെ 'രാമായണ'ത്തിനെതിരെ മുകേഷ് ഖന്ന
text_fieldsരൺബീർ കപൂർ, മുകേഷ് ഖന്ന
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബോളിവുഡ് നടൻ മുകേഷ് ഖന്ന വീണ്ടും രംഗത്ത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ ശ്രീരാമനെ ചിത്രീകരിച്ചിരിക്കുന്ന രീതിയെയാണ് അദ്ദേഹം ശക്തമായി ചോദ്യം ചെയ്തിരിക്കുന്നത്.
'മര്യാദാ പുരുഷോത്തമൻ' ആയി ആരാധിക്കപ്പെടുന്ന ശ്രീരാമനെ സാധാരണ ബോളിവുഡ് ആക്ഷൻ ഹീറോകളെപ്പോലെ അവതരിപ്പിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിച്ചിരിക്കുന്നതെന്നും ചിത്രത്തിലെ അമിതമായ വിഎഫ്എക്സ് ഉപയോഗം കഥാപാത്രത്തിന്റെ ഗൗരവം ചോർത്തിക്കളയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബോളിവുഡ് നൗ എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുകേഷ് ഖന്ന തന്റെ നിലപാട് വ്യക്തമാക്കിയത്. രാംചരൺ സമാൻ, രാമലീല തുടങ്ങിയ പരമ്പരാഗത കാഴ്ച്ചകളിലൂടെയും ഇതിഹാസ ഗ്രന്ഥങ്ങളിലൂടെയും നാം കണ്ടറിഞ്ഞ ശ്രീരാമന്റെ സ്വഭാവസവിശേഷതകൾക്ക് തീർത്തും വിരുദ്ധമാണ് പുതിയ ചിത്രത്തിലെ കാഴ്ചകളെന്ന് അദ്ദേഹം പറഞ്ഞു.
‘ചിത്രത്തിന്റെ ട്രെയിലറിലും ടീസറുകളിലും രൺബീർ കപൂർ അവതരിപ്പിക്കുന്ന ശ്രീരാമൻ മരത്തിൽ കയറി നിന്ന് അമ്പെയ്യുന്നതായി കാണിക്കുന്നുണ്ട്. വർഷങ്ങളായി രാമായണം വായിച്ചും രാമലീലകൾ കണ്ടും മനസ്സിലാക്കിയ എനിക്ക് ഈ രംഗങ്ങൾ തീർത്തും അപരിചിതമായി തോന്നുന്നു. ശ്രീരാമനെ ഒരിക്കലും മരത്തിൽ കയറി ആക്ഷൻ കാണിക്കുന്ന സാധാരണ ഒരു ഹീറോ ആയി അവതരിപ്പിക്കരുത്. അത്തരമൊരു ശൈലി ആ കഥാപാത്രത്തിന്റെ ദീപ്തിക്ക് ചേർന്നതല്ല’ മുകേഷ് ഖന്ന പറഞ്ഞു.
ഇതിഹാസ സിനിമകളിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് താൻ എതിരല്ലെന്നും എന്നാൽ വിഎഫ്എക്‌സിന്റെയും കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെയും അതിപ്രസരം കഥാപാത്രങ്ങളുടെ വൈകാരിക തലത്തെയും ദൈവീകതയെയും ബാധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ആർ. ചോപ്രയുടെ വിഖ്യാത സീരിയലായ 'മഹാഭാരത'ത്തിൽ ഭീഷ്മപിതാമഹനായി വേഷമിട്ട് ജനശ്രദ്ധ നേടിയ നടനാണ് മുകേഷ് ഖന്ന.
രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും അഭിനയിക്കുന്ന നിതീഷ് തിവാരി ചിത്രം പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. എന്നാൽ സാങ്കേതിക തികവിന് നൽകുന്ന അമിത പ്രാധാന്യം രാമായണം നൽകുന്ന ഭക്തിനിർഭരമായ അനുഭവത്തെ ഇല്ലാതാക്കുമോ എന്ന ആശങ്കയാണ് മുകേഷ് ഖന്നയെപ്പോലുള്ള മുതിർന്ന കലാകാരന്മാർ പങ്കുവെക്കുന്നത്.
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് വലിയ രീതിയിൽ തരംഗം സൃഷ്ടിച്ച 'അനിമൽ' എന്ന ചിത്രത്തിൽ രൺബീർ കപൂർ അവതരിപ്പിച്ച രൺവിജയ് സിങ് എന്ന അക്രമാസക്തവും സങ്കീർണ്ണവുമായ കഥാപാത്രം ഉണ്ടാക്കിയ പ്രതിച്ഛായ പ്രേക്ഷകർ ശ്രീരാമന്റെ വേഷത്തിൽ അദ്ദേഹത്തെ കാണുന്നതിനെ സ്വാധീനിച്ചേക്കാമെന്നാണ് മുകേഷ് ഖന്ന പറഞ്ഞിരുന്നു. ചിത്രത്തെക്കുറിച്ചുള്ള മറ്റ് ചർച്ചകളും സജീവമായിരിക്കുന്നതിനിടയിലാണ് നടന്റെ ഈ പരാമർശങ്ങൾ വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

