മൈക്കിൾ ജാക്‌സന്റെ 'മൈക്കിൾ'; ട്രെയിലർ ഏറ്റെടുത്ത് ആരാധകർ
text_fieldsപോപ്പ് കിങ് മൈക്കിൾ ജാക്‌സന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'മൈക്കിൾ' എന്ന ബയോപികിന്‍റെ ട്രെയിലർ പുറത്തിറങ്ങി. റിലീസായി ആറുമണിക്കൂർ കൊണ്ട് മൂന്നുകോടിക്കടുത്ത് ആളുകളാണ് ട്രെയിലർ കണ്ടത്. 2026 ഏപ്രിൽ 24ന് ലോകമെമ്പാടും റിലീസ് ചെയ്യും. 2025 ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ആന്റോയിൻ ഫുക്വ ആണ് ചിത്രത്തിന്‍റെ സംവിധാനം. ജോൺ ലോഗന്‍റേതാണ് തിരക്കഥ. 2019ലാണ് സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടന്നിരുന്നു. നിയമപരവും നിർമാണപരവുമായ ഒട്ടേറെ വെല്ലുവിളികൾ കാരണം വർഷങ്ങളോളം വൈകി. മെയ് 2024ൽ ചിത്രീകരണം പൂർത്തിയായി.
മൈക്കിൾ ജാക്‌സന്റെ സഹോദരപുത്രൻ ജാഫർ ജാക്‌സനാണ് സിനിമയിൽ പോപ്പ് ഇതിഹാസത്തിന്റെ വേഷം അവതരിപ്പിക്കുന്നത്. ട്രെയിലറിൽ ജാക്‌സന്റെ ഐക്കോണിക് വസ്ത്രങ്ങളും സിഗ്നേച്ചർ സ്‌റ്റെപ്പുകളുമായിട്ടാണ് ജാഫർ എത്തുന്നത്. ജാഫർ അഭിനയിക്കുന്ന ആദ്യസിനിമ കൂടിയാണിത്.
മൂൺവാക്ക് ഉൾപ്പെടെ പോപ്പ് സംസ്കാരത്തെ പുനർനിർവചിച്ച ജാക്സന്റെ ഏറ്റവും ഐക്കോണിക് ആയ പ്രകടനങ്ങളുടെ ഗംഭീരമായ പുനരാവിഷ്കാരങ്ങളും ട്രെയിലറിൽ കാണിക്കുന്നുണ്ട്. ഗായകനും ഡാൻസറും കൂടിയായ ജാഫർ 12-ാം വയസ്സിലാണ് നൃത്തവും പാട്ടും സീരിയസായെടുക്കുന്നത്. 2019ൽ ജാഫർ തന്റെ ആദ്യത്തെ സിംഗ്ൾ ആൽബം പുറത്തിറക്കി. രണ്ടുവർഷത്തെ കാസ്റ്റിങ്ങിന് ശേഷമാണ് ജാഫറിനെ നായകനാക്കാൻ സിനിമയുടെ അണിയറപ്രവർത്തകർ തീരുമാനിക്കുന്നത്.
മൈക്കിൾ ജാക്‌സന്റെ ജീവിതത്തിലെ തിളക്കമാർന്ന ഏടുകൾ സിനിമയിലുണ്ടാവുമെന്നാണ് പറയപ്പെടുന്നത്. മൈക്കിൾ ജാക്സന്റെ ബാൻഡിന്റെ അനുമതിയോടെ ഒരുക്കുന്ന ചിത്രമായതിനാൽ ഇതിഹാസ ഗായകന്റെ യഥാർഥ സംഗീതവും വിഡിയോയും സിനിമക്ക് ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയും.വിവാദപരമായ സംഭവങ്ങളും അദ്ദേഹത്തിനെതിരെ വന്ന ആരോപണങ്ങളുമൊന്നും സിനിമയിൽ ഇടംപിടിച്ചിട്ടില്ലെന്നും വാർത്തകളുണ്ട്. മൈൽസ് ടെല്ലർ, ലാരെൻസ് ടേറ്റ്, ലോറ ഹാരിയർ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പൂർണമായും ജാക്‌സനെ ശുദ്ധീകരിക്കാനല്ല തങ്ങളുടെ ശ്രമമെന്ന് നിർമാതാക്കളിലൊരാളായ ഗ്രഹാം കിങ് പറയുന്നു. ജാക്സനെതിരായ ബാല ലൈംഗിക പീഡനാരോപണങ്ങളും തിരക്കഥയിൽ ഉൾപ്പെടുന്നു. ‘ഏറ്റവും ആകർഷകവും പക്ഷപാതരഹിതവുമായി കഥ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം, അദ്ദേഹത്തെ ശുദ്ധീകരിക്കാനല്ല’ എന്ന് ഗ്രഹാം കിങ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

