Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് ചിത്രം കമ്മിറ്റ് ചെയ്തപ്പോൾ തൃഷ മെസ്സേജ് അയച്ചു, തുടക്കക്കാരിയായ എന്നെ അവർ ചേർത്തുപിടിച്ചു; തൃഷയുമായുള്ള സൗഹൃദം പറഞ്ഞ് മാളവിക

text_fields
bookmark_border
malavika mohanan
cancel
camera_alt

മാളവിക, വിജയ്, തൃഷ

തമിഴ് സിനിമാലോകത്തെ സൗഹൃദങ്ങളെക്കുറിച്ചും മുതിർന്ന താരങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച വലിയ പിന്തുണയെക്കുറിച്ചും മനസ്സ് തുറന്ന് നടി മാളവിക മോഹനൻ. കാർത്തിക് സുബ്ബരാജ് ചിത്രം 'പേട്ട'യുടെ സെറ്റിൽ വെച്ച് ആദ്യമായി കണ്ടുമുട്ടിയതു മുതൽ തൃഷ കൃഷ്ണൻ തന്നോട് കാണിച്ച സ്നേഹവും കരുതലും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുണ്ടെന്ന് മാളവിക പറഞ്ഞു. മിക്കവരും സ്വന്തം ലോകത്ത് ഒതുങ്ങിക്കൂടുന്ന സിനിമാരംഗത്ത് തൃഷയുടെ ഈ സമീപനം വളരെ അപൂർവ്വമാണെന്നാണ് മാളവിക പറയുന്നത്.

തുടക്കക്കാരിയായ തന്നെ തൃഷ ചേർത്തുപിടിച്ചതിനെക്കുറിച്ച് താരം വാചാലയായി. രജനികാന്ത് നായകനായ 'പേട്ട'യിലൂടെയാണ് മാളവിക തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. വാരാണസിയുടെ പ്രാന്തപ്രദേശങ്ങളിൽ നടന്ന ഷൂട്ടിങ്ങിൽ ഏതാനും ദിവസങ്ങൾ മാത്രമാണ് ചിത്രീകരണമുണ്ടായിരുന്നതെന്ന് മാളവിക പറയുന്നു. അവിടെ വെച്ചാണ് തൃഷക്കൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങൾ ചിത്രീകരിച്ചത്. എസ്.എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് മാളവിക ആ ദിവസങ്ങളെക്കുറിച്ച് ഓർത്തെടുത്തത്.

‘പേട്ടയിൽ അഭിനയിക്കുമ്പോൾ ഞാൻ തീർത്തും ഒരു തുടക്കക്കാരിയായിരുന്നു. എന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു അത്. 'ബിയോണ്ട് ദി ക്ലൗഡ്‌സ്' പോലുള്ള ചുരുക്കം ചില സിനിമകൾ ചെയ്തതല്ലാതെ വലിയൊരു കൊമേഴ്‌സ്യൽ സിനിമയിൽ ഞാൻ ആദ്യമായിട്ടായിരുന്നു. എന്നാൽ തൃഷ എന്നോട് പെരുമാറിയ രീതി എന്നെ അത്ഭുതപ്പെടുത്തി.

അവർ എന്നെ കംഫർട്ടബിളാക്കി. ഒന്നിച്ച് ഭക്ഷണം കഴിക്കാനും സംസാരിച്ചിരിക്കാനുമൊക്കെ പ്ലാനുകൾ ഇടുകയും അതിലൊക്കെ എന്നെയും ഉൾപ്പെടുത്തുകയും ചെയ്തു. ഞങ്ങൾ ഒരേ ഹോട്ടലിലായിരുന്നു താമസം. വളരെ ആത്മാർത്ഥതയോടെയാണ് അവർ എന്നെ കൂടെക്കൂട്ടിയത്’ മാളവിക പറഞ്ഞു.

സിനിമയിലെ സീനിയോറിറ്റിയും പദവികളും പലപ്പോഴും ആളുകൾ തമ്മിലുള്ള സംസാരത്തെപ്പോലും നിശ്ചയിക്കുന്ന ഇൻഡസ്ട്രിയിൽ തൃഷയുടെ പെരുമാറ്റം തികച്ചും വേറിട്ടതായിരുന്നുവെന്ന് മാളവിക പറയുന്നു. മിക്ക ആളുകളും സ്വന്തം കാര്യം മാത്രം നോക്കി മാറിനിൽക്കുകയും 'ഞാൻ എന്തിനാണ് മറ്റുള്ളവരോട് ഇത്ര നല്ല രീതിയിൽ സംസാരിക്കുന്നത്?' എന്ന് കരുതുകയും ചെയ്യുന്നവരാണ്. എന്നാൽ തൃഷ അങ്ങനെയല്ലായിരുന്നു നടി കൂട്ടിച്ചേർത്തു.

ആ സൗഹൃദം 'പേട്ട'യുടെ ലൊക്കേഷനിൽ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. മാസങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ദളപതി വിജയ് ചിത്രം മാസ്റ്ററിലേക്ക് മാളവിക കരാറൊപ്പിട്ടപ്പോൾ ആദ്യമെത്തിയ അഭിനന്ദനങ്ങളിൽ ഒന്ന് തൃഷയുടേതായിരുന്നു.

‘മാസ്റ്റർ കമ്മിറ്റ് ചെയ്തപ്പോൾ തൃഷ എനിക്ക് മെസ്സേജ് അയച്ചു: 'ഹേയ് ബേബ്, എനിക്ക് നിന്നെയോർത്ത് ഒരുപാട് സന്തോഷമുണ്ട്. ഇത് വലിയൊരു അവസരമാണ്. അഭിനന്ദനങ്ങൾ!' എന്നായിരുന്നു ആ സന്ദേശം. മറ്റൊരു നടിയുടെ വളർച്ചയിൽ സന്തോഷിക്കാനും ഇത്തരമൊരു സന്ദേശമയക്കാനും വലിയൊരു മനസ്സ് തന്നെ വേണം’ മാളവിക പറഞ്ഞു.

2021 ജനുവരിയിൽ റിലീസ് ചെയ്ത 'മാസ്റ്റർ' 200 കോടിയിലധികം രൂപ വാരിക്കൂട്ടി മെഗാഹിറ്റായതോടെ മാളവികയുടെ കരിയർ വലിയ വഴിത്തിരിവിലേക്ക് കടക്കുകയായിരുന്നു. പ്രശസ്ത ഛായാഗ്രാഹകൻ കെ.യു. മോഹനന്റെ മകളായ മാളവിക ദുൽഖർ സൽമാൻ ചിത്രം 'പട്ടം പോലെ'യിലൂടെയാണ് സിനിമാരംഗത്ത് ചുവടുവെച്ചത്.

മോഹൻലാലിനൊപ്പമുള്ള 'ഹൃദയപൂർവ്വം', പ്രഭാസിനൊപ്പമുള്ള 'ദി രാജാ സാബ്' എന്നീ സിനിമകൾക്ക് ശേഷം മാളവിക അഭിനയിച്ച പുതിയ ചിത്രം കാർത്തിയുടെ 'സർദാർ 2' തിയറ്ററുകളിലെത്തിക്കഴിഞ്ഞു. കരിയറിലെ ഈ തിരക്കുകൾക്കിടയിലും സിനിമാജീവിതത്തിന്റെ തുടക്കത്തിൽ തനിക്ക് ലഭിച്ച സ്നേഹവും കരുതലുമാണ് ഈ അനുഭവങ്ങളിലൂടെ മാളവിക പങ്കുവെക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malavika Mohanan Recalls Trisha’s Warmth and Support
Next Story