വിജയ് ലണ്ടനിലേക്ക്; മുഖ്യമന്ത്രിയായ ശേഷം ആദ്യ വിദേശയാത്ര
text_fieldsതമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക് പുറപ്പെടും. മുഖ്യമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ദുബൈ വഴിയാണ് ലണ്ടനിലെത്തുക. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്താനാണ് സന്ദർശനമെന്നാണ് റിപ്പോർട്ട്.
ലണ്ടനിൽ ഏതാനും ദിവസം തങ്ങുന്ന വിജയ് വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനുമുള്ള സാധ്യതകൾ സംബന്ധിച്ചായിരിക്കും പ്രധാന ചർച്ചകൾ. വ്യവസായ, ധനകാര്യ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് മുന്നോടിയായി ലണ്ടനിലെത്തിയേക്കുമെന്നാണ് വിവരം.
വ്യാഴാഴ്ച രാത്രി ചെന്നൈയിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബൈ വഴിയാണ് വിജയ് യാത്ര തിരിക്കുക. ആദ്യ വിദേശ സന്ദർശനമായതിനാൽ സുരക്ഷാ, പ്രോട്ടോകോൾ ക്രമീകരണങ്ങൾക്കായുള്ള നടപടികൾ ചെന്നൈ വിമാനത്താവളത്തിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിലെ പഴയ ടെർമിനലിൽ ബുധനാഴ്ച ഉന്നതതല അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈസൺ യോഗം ചേരുമെന്നാണ് റിപ്പോർട്ട്.
ലണ്ടൻ യാത്രക്ക് മുന്നോടിയായി ബുധനാഴ്ച പനയൂരിലെ ടി.വി.കെ ആസ്ഥാനത്ത് വിജയിന്റെ അധ്യക്ഷതയിൽ രണ്ടാം സഖ്യ ഏകോപന യോഗവും നടക്കും. സഖ്യത്തിന്റെ ഘടനയും പ്രവർത്തനരീതിയും സംബന്ധിച്ച നിർണായക വിഷയങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. പൊതുമിനിമം പരിപാടി തയാറാക്കൽ, സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരണം, സഖ്യത്തിന് ഔദ്യോഗിക പേര് നിശ്ചയിക്കൽ എന്നിവയും പരിഗണനയിലുണ്ട്.
കോൺഗ്രസ്, വി.സി.കെ, മുസ്‍ലിം ലീഗ്, എം.ഡി.എം.കെ, സി.പി.ഐ, സി.പി.എം എന്നിവ ഉൾപ്പെടുന്നതാണ് ടി.വി.കെ നേതൃത്വത്തിലുള്ള സഖ്യം. പ്രധാന കക്ഷികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇടതുപക്ഷ കക്ഷികൾ വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. അടുത്തിടെ നടന്ന ‘വെട്രി തമിഴ്നാട് ഇൻവെസ്റ്റ്മെന്റ് കോൺക്ലേവ് 2026’ൽ 104 ധാരണാപത്രങ്ങളിലൂടെ 1,02,514 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

