പുതുമുഖങ്ങളെ ചേർത്ത് പിടിക്കുന്ന ഒരേയൊരു സൂപ്പർസ്റ്റാർ; തനിക്ക് ആത്മവിശ്വാസം തന്നത് രജനി സാറെന്ന് മാളവിക മോഹനൻ
text_fieldsമാളവിക മോഹനൻ,രജനികാന്ത്്
കാർത്തി നായകനാകുന്ന പുതിയ ചിത്രം 'സർദാർ 2' റിലീസിനൊരുങ്ങവെ, തമിഴ് സിനിമാരംഗത്തെ തന്റെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെച്ച് നടി മാളവിക മോഹനൻ. പി.എസ്. മിത്രാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്.ജെ സൂര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിക്രമിനൊപ്പം അഭിനയിച്ച 'തങ്കലാൻ' എന്ന ചിത്രത്തിന് ശേഷം മാളവിക വീണ്ടും തമിഴിലെത്തുന്ന ചിത്രമാണിത്.
കൂടാതെ ഈ വർഷം പുറത്തിറങ്ങിയ 'ഇദയം മുരളി'യിൽ അതിഥി വേഷത്തിലും താരം എത്തിയിരുന്നു. സെപ്റ്റംബർ 10ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിൽ കടുത്ത വെല്ലുവിളികൾ നിറഞ്ഞ ആക്ഷൻ രംഗങ്ങളാണ് താൻ ചെയ്തിരിക്കുന്നതെന്ന് മാളവിക വ്യക്തമാക്കി. ഇതുവരെ ചെയ്യാൻ ഭയന്നിരുന്ന പല സ്റ്റണ്ടുകളും കഠിനാധ്വാനത്തിലൂടെ ചിത്രത്തിനായി ചെയ്തുതീർത്തതായും, ആക്ഷൻ രംഗങ്ങളോട് തനിക്ക് പ്രത്യേക താൽപ്പര്യമുണ്ടെന്നും താരം ആരാധകരുമായി പങ്കുവെച്ചു.
ഫാൻസുമായി നടത്തിയ ചോദ്യോത്തര വേളയിൽ സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പമുള്ള വിശേഷങ്ങളും താരം പങ്കുവെച്ചു. 2019 ലെ 'പേട്ട' എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം മാളവികയും അഭിനയിച്ചിരുന്നു. ഒരു പുതിയ നടിയെ സംബന്ധിച്ചിടത്തോളം ലഭിക്കാവുന്ന ഏറ്റവും മികച്ച അനുഭവമായിരുന്നു അതെന്ന് താരം വിശേഷിപ്പിച്ചു. പുതുമുഖങ്ങളെ പിന്തുണക്കുകയും അവരെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു സൂപ്പർസ്റ്റാർ രജനി സാറാണെന്നും, കരിയറിന്റെ തുടക്കത്തിൽ അദ്ദേഹം നൽകിയ പിന്തുണയും ആത്മവിശ്വാസവും താൻ എക്കാലത്തും ഹൃദയത്തോട് ചേർത്തുപിടിക്കുന്നുവെന്നും മാളവിക വ്യക്തമാക്കി.
'പേട്ട'യിൽ നവാസുദ്ദീൻ സിദ്ദിഖിയുടെ കഥാപാത്രത്തിന്റെ സഹോദരിയായ പൂങ്കൊടി എന്ന കഥാപാത്രത്തിലൂടെയാണ് താരം തമിഴിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് വിജയ്ക്കൊപ്പം 'മാസ്റ്റർ' (2021), ധനുഷിനൊപ്പം 'മാരാൻ' (2022) തുടങ്ങിയ ചിത്രങ്ങളിലും താരം പ്രമുഖ വേഷങ്ങൾ കൈകാര്യം ചെയ്തു.
പ്രിൻസ് പിക്ചേഴ്സിന്റെയും ഐവി എന്റർടൈൻമെന്റിന്റെയും ബാനറിൽ എസ്. ലക്ഷ്മൺ കുമാറും ഇഷാൻ സക്സേനയും ചേർന്ന് നിർമിക്കുന്ന 'സർദാർ 2022' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'സർദാർ 2'. ആദ്യ ഭാഗത്തിന്റെ വലിയ വിജയത്തിന് ശേഷം എത്തുന്ന ചിത്രത്തിൽ ആഷിക രംഗനാഥ്, യോഗി ബാബു, രജിഷ വിജയൻ തുടങ്ങിയ വലിയൊരു താരനിരയും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലൂടെ തന്റെ കരിയറിലെ മറ്റൊരു വലിയ വഴിതിരിവിനായി കാത്തിരിക്കുകയാണ് മാളവിക മോഹനൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

