‘എഡിറ്റിങ് മോശം, നിരാശാജനകം’; നാനിയുടെ ‘ദ പാരഡൈസി’ന് 1 സ്റ്റാർ റേറ്റിങ്ങുമായി മഹേഷ് ബാബുവിന്റെ മകൻ
text_fieldsഗൗതം, മഹേഷ് ബാബു, നാനി
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ മകൻ ഗൗതം ഘട്ടമനേനി വീണ്ടും സിനിമാ ലോകത്ത് ചർച്ചയാകുന്നു. നാനിയുടെ ഏറ്റവും പുതിയ ചിത്രം 'ദ പാരഡൈസി'നെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരപുത്രൻ. പ്രശസ്ത സിനിമാ റിവ്യൂ പ്ലാറ്റ്ഫോമായ ലെറ്റർബോക്സ്ഡിൽ ഒറ്റ നക്ഷത്രം മാത്രം നൽകിയാണ് ഗൗതം 'ദ പാരഡൈസ്' എന്ന ചിത്രത്തെ വിലയിരുത്തിയത്.
‘സിനിമാറ്റോഗ്രാഫിയും വൈകാരിക രംഗങ്ങളിലെ അഭിനയവും എനിക്ക് ഇഷ്ടപ്പെട്ടു. അതല്ലാതെ മറ്റൊന്നും ഇഷ്ടപ്പെട്ടില്ല. വളരെ നിരാശാജനകം. എഡിറ്റിങ് വളരെ മോശമായിരുന്നു. ശ്രീകാന്ത് ഓദേല സംവിധാനം ചെയ്ത 'ദ പാരഡൈസ്' വലിയ ഹൈപ്പോടെയാണ് തിയറ്ററുകളിലെത്തിയത്. 'ദസറ'ക്ക് ശേഷം ശ്രീകാന്ത് ഓദേലയും നാനിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.
വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം പാൻ ഇന്ത്യൻ റിലീസായാണ് എത്തിയത്. എന്നാൽ ആദ്യ ദിനം മുതൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. ബോക്സ് ഓഫീസിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് മഹേഷ് ബാബുവിന്റെ മകന്റെ തുറന്ന വിമർശനം എത്തുന്നത്. ഇതാദ്യമായല്ല ഗൗതം ഇത്തരത്തിൽ തുറന്നടിക്കുന്നത്.
സിനിമാ നിരൂപണത്തിൽ തന്റെതായ നിലപാട് പുലർത്തുന്ന വ്യക്തിയാണ് ഗൗതം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇതിനു മുൻപ് കന്നഡ സൂപ്പർതാരം യാഷ് നായകനായി എത്തിയ 'ടോക്സിക്' എന്ന ബിഗ് ബജറ്റ് ചിത്രത്തെയും ഗൗതം നിശിതമായി വിമർശിച്ചിരുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് ആഗസ്റ്റ് 26 ന് തിയറ്ററുകളിലെത്തിയ 'ടോക്സിക്' വലിയ പരാജയമായിരുന്നു. ചിത്രത്തിന് ലെറ്റർബോക്സ്ഡിൽ വെറും അര നക്ഷത്രം (0.5 സ്റ്റാർ) മാത്രമാണ് ഗൗതം നൽകിയത്.
ആ റിവ്യൂ അന്ന് സോഷ്യൽ മീഡിയയിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. യാഷ് ആരാധകർ ഗൗതമിനെതിരെ രൂക്ഷമായി രംഗത്തെത്തിയിരുന്നു. ലെറ്റർബോക്സ്ഡിൽ ഏറെ സജീവമാണ് 19 കാരനായ ഗൗതം ഘട്ടമനേനി. നൂറുകണക്കിന് സിനിമകൾക്ക് റിവ്യൂ നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം, സ്വന്തം അച്ഛൻ മഹേഷ് ബാബുവിന്റെ സിനിമകളെ പോലും അദ്ദേഹം നിഷ്പക്ഷമായി വിലയിരുത്തുന്നു എന്നതാണ്.
മഹേഷ് ബാബുവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായി കണക്കാക്കപ്പെടുന്ന 'പോക്കിരി', '1: നേനൊക്കഡൈൻ' എന്നീ ചിത്രങ്ങൾക്ക് ഗൗതം 5 സ്റ്റാർ റേറ്റിങ് നൽകിയിട്ടുണ്ട്. മഹേഷ് ബാബുവിന്റെ അഭിനയ ജീവിതത്തിലെ മാസ്റ്റർപീസുകളാണ് ഈ രണ്ട് ചിത്രങ്ങളും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ അച്ഛന്റെ തന്നെ പരാജയ ചിത്രങ്ങളായ 'നിജം', 'വംശി', 'ബ്രഹ്മോത്സവം' തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം വളരെ കുറഞ്ഞ റേറ്റിങ്ങാണ് മകൻ നൽകിയത്.
അച്ഛനാണെന്ന പരിഗണനയില്ലാതെ, സിനിമയെ സിനിമയായി മാത്രം കാണുന്ന ഗൗതമിന്റെ ഈ രീതിക്ക് സിനി ലോകത്ത് വലിയ കയ്യടി ലഭിക്കാറുണ്ട്. താരപുത്രനാണെങ്കിലും സിനിമയെ ഗൗരവമായി കാണുന്ന, തുറന്ന അഭിപ്രായം പറയാൻ മടിയില്ലാത്ത ഗൗതമിന്റെ ശൈലിക്ക് സിനി പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഭാവിയിൽ സിനിമയിലേക്ക് വരാൻ തയാറെടുക്കുന്ന ഗൗതമിന്റെ സിനിമാ കാഴ്ചപ്പാട് എത്രത്തോളം മൂർച്ചയുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ റിവ്യൂകൾ എന്നാണ് ആരാധകർ പറയുന്നത്. അതേസമയം നാനിയുടെയും യാഷിന്റെയും ആരാധകർ ഗൗതമിന്റെ ഈ വിമർശനത്തിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.

