കണ്ണ് നിറഞ്ഞ നിമിഷങ്ങൾ; ജനാർദ്ദനനെ കണ്ട് കൊച്ചിൻ ഹനീഫയുടെ കുടുംബവും ലിസിയും
text_fieldsമലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ഹാസ്യനടന്മാരിൽ ഒരാളായിരുന്ന കൊച്ചിൻ ഹനീഫയുടെ കുടുംബം നടൻ ജനാർദ്ദനനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു. കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയും മക്കളും നടി ലിസിയും ചേർന്നാണ് ജനാർദ്ദനന്റെ വീട് സന്ദർശിച്ചത്. ഈ ഹൃദയസ്പർശിയായ കൂടിക്കാഴ്ചയുടെ വിഡിയോ ഫാസിലയുടെ സഹോദരൻ ഫിറോസ് ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
മലയാളികൾ എന്നും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഓർക്കുന്ന കലാകാരനാണ് ജനാർദ്ദനൻ എന്ന് പറഞ്ഞുകൊണ്ടാണ് ഫിറോസ് വിഡിയോ ആരംഭിക്കുന്നത്. നമ്മുടെ സ്വന്തം ജനുവേട്ടൻ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഹനീഫിക്കയുടെ വീടിന് തൊട്ടടുത്താണ് ജനുവേട്ടൻ താമസിക്കുന്നതെന്നും ലിസി ചേച്ചിക്കൊപ്പമാണ് അദ്ദേഹത്തെ കാണാൻ പോയതെന്നും വ്യക്തമാക്കി.
സന്ദർശനത്തിനിടെ ഉണ്ടായ രസകരമായ ഒരു സംഭവവും ഫിറോസ് വെളിപ്പെടുത്തി. ആദ്യം താൻ മുറിയിൽ കയറി ജനാർദ്ദനനെ പരിചയപ്പെട്ടു. പിന്നീട് തന്റെ പെങ്ങൾ ഫാസില മുറിയിലേക്ക് വന്നപ്പോൾ ജനാർദ്ദനന് ആദ്യം ആളെ മനസിലായില്ല. ആരാണ് എന്ന് അദ്ദേഹം ചോദിച്ചു. അപ്പോൾ തമാശയായി 'ഇത് ആശാന്‍റെ സ്വന്തം എൽദോയുടെ ഭാര്യയാണ്' എന്നാണ് താൻ മറുപടി പറഞ്ഞത്. ഇത് കേട്ടതും ജനാർദ്ദനൻ പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും ഫിറോസ് പറയുന്നു.
ലിസി ചേച്ചിയും ജനാർദ്ദനന്റെ രണ്ട് പെൺമക്കളും മുൻ ഡിഐജിയുടെ ഭാര്യ ബിന്ദുവും ഫാസിലയും ഒക്കെ ഒരുമിച്ചിരുന്ന് സംസാരിക്കുന്ന സമയത്ത് ജനാർദ്ദനന് ലഭിച്ച അവാർഡുകളും മൊമെന്റോകളും കാണാനായി താൻ ഹാളിലേക്ക് പോയി എന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറച്ചു കഴിഞ്ഞ് തിരികെ മുറിയിലേക്ക് ചെന്നപ്പോൾ കണ്ണ് തുടച്ചുകൊണ്ട് ലിസി ചേച്ചി പുറത്തേക്ക് വരുന്നത് കണ്ടു. അകത്തേക്ക് കയറി നോക്കിയപ്പോൾ ജനാർദ്ദനന്റെ കണ്ണുകളും നിറഞ്ഞിരുന്നു.
അത് വെറുമൊരു കണ്ണുനീർ ആയിരുന്നില്ലെന്നും, എത്രയോ വർഷങ്ങളായി അവർ തമ്മിലുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും ആത്മബന്ധത്തിന്റെയും പ്രകടനമായിരുന്നു അതെന്നും ഫിറോസ് വികാരഭരിതനായി പറയുന്നു. അതേസമയം കഴിഞ്ഞ മാസമാണ് 16 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഫാസിലയും മക്കളും സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് പുതിയ വീട്ടിലേക്ക് താമസം മാറിയത്. പുതിയ വീട്ടിലേക്ക് താമസം മാറിയതിന് പിന്നാലെ മമ്മൂട്ടി ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ ഫാസിലയെയും മക്കളെയും കാണാൻ വീട്ടിലെത്തിയിരുന്നു.
2010ൽ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിൻ ഹനീഫ അപ്രതീക്ഷിതമായി വിടപറയുമ്പോൾ ഇരട്ടക്കുട്ടികളായ സഫക്കും മർവക്കും നാല് വയസ്സ് മാത്രമായിരുന്നു പ്രായം. തുടർന്ന് കഴിഞ്ഞ 16 കൊല്ലമായി കടവന്ത്രയിലെ വാടകവീട്ടിലായിരുന്നു കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയും മക്കളും താമസിച്ചിരുന്നത്. ഒടുവിൽ, ഞായറാഴ്ച നടന്ന ചടങ്ങിൽ നടൻ ദിലീപ്, ഹരിശ്രീ അശോകൻ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെയും ഉറ്റവരുടെയും സാന്നിധ്യത്തിൽ കുടുംബം പുതിയ വീട്ടിലേക്ക് പാൽകാച്ചി കയറി.
താൻ നിർമിക്കുന്ന വീടിന് പിതാവ് എ.ബി. മുഹമ്മദിന്റെ ഓർമക്കായി 'എ.ബി. മൻസിൽ' എന്ന് പേരിടണം എന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. ആ സ്വപ്നമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. അഞ്ച് ബെഡ്‌റൂമുകൾ ഉൾപ്പെടുന്ന മൂന്ന് നില വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത് മക്കളായ സഫയും മർവയും ചേർന്നാണ്. ഹനീഫിക്കയുടെ ജീവിതത്തിലെ ഓർമച്ചിത്രങ്ങളും പുരസ്കാരങ്ങളും മൊമന്റോകളുമെല്ലാം വീട്ടിൽ ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

