'എന്നോടെങ്കിലും പറയാമായിരുന്നു, എവിടെ വേണമെങ്കിലും കൊണ്ടുപോയി ഞാൻ അവനെ ചികിത്സിപ്പിക്കുമായിരുന്നില്ലേ!'; കൊച്ചിൻ ഹനീഫയുടെ വിയോഗത്തിൽ പൊട്ടികരഞ്ഞ മമ്മൂട്ടി
text_fieldsമലയാള സിനിമയിൽ തന്റെ അഭിനയപ്രതിഭകൊണ്ടും സ്നേഹസമ്പന്നമായ പെരുമാറ്റംകൊണ്ടും ഏവരുടെയും ഹൃദയം കവർന്ന കലാകാരനായിരുന്നു കൊച്ചിൻ ഹനീഫ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ 300-ലധികം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും തന്റേതായ മുദ്രപതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സിനിമാമേഖലയിലുള്ള എല്ലാവർക്കും എന്നും മധുരമുള്ള ഓർമ്മകൾ മാത്രം സമ്മാനിച്ച അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.
മെഗാസ്റ്റാർ മമ്മൂട്ടിയും കൊച്ചിൻ ഹനീഫയും തമ്മിലുണ്ടായിരുന്ന ആത്മബന്ധം സിനിമാലോകത്ത് ഏറെ പ്രശസ്തമാണ്. 2010 ഫെബ്രുവരിയിലാണ് 59-ാം വയസ്സിൽ കരൾ സംബന്ധമായ രോഗങ്ങളെത്തുടർന്ന് ഹനീഫ അന്തരിക്കുന്നത്. എന്നാൽ തനിക്ക് ബാധിച്ച മാരകരോഗത്തെക്കുറിച്ചുള്ള വിവരം അവസാന നിമിഷം വരെ തന്നോട് ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ നിന്നുപോലും അദ്ദേഹം മറച്ചുവെക്കുകയായിരുന്നു. തന്റെ വിഷമങ്ങൾ പറഞ്ഞ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന നിർബന്ധമായിരുന്നു അതിന് കാരണം. എന്നാൽ രോഗം അന്ത്യഘട്ടത്തിലെത്തിയപ്പോൾ മാത്രമാണ് പ്രിയപ്പെട്ടവർ പോലും വിവരം അറിയുന്നത്.
ഹനീഫയുടെ വേർപാടറിഞ്ഞ നിമിഷത്തിൽ മമ്മൂട്ടി അനുഭവിച്ച ആഴത്തിലുള്ള ദുഃഖത്തെക്കുറിച്ച് നടനും രാഷ്ട്രീയപ്രവർത്തകനുമായ മുകേഷ് മുൻപ് തന്റെ പോഡ്‌കാസ്റ്റിൽ പങ്കുവെച്ചിരുന്നു. ഹനീഫയുടെ വേർപാടിൽ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് മമ്മൂട്ടി വിങ്ങിപ്പൊട്ടിയത്. തനിക്ക് ഹനീഫയെ രക്ഷിക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമമായിരുന്നു അദ്ദേഹത്തിന്. 'എന്നോടെങ്കിലും ആ വിവരം മുൻകൂട്ടി പറയാമായിരുന്നു, ലോകത്ത് എവിടെ വേണമെങ്കിലും കൊണ്ടുപോയി ഞാൻ അവന് മികച്ച ചികിത്സ ഉറപ്പാക്കുമായിരുന്നല്ലോ' എന്ന് പറഞ്ഞ് കരയുന്ന മമ്മൂട്ടിയുടെ വാക്കുകൾ കണ്ടുനിന്നവരുടെ മനസ്സ് അലിയിക്കുന്നതായിരുന്നു.
1972-ൽ 'അഴിമുഖം' എന്ന ചിത്രത്തിലൂടെ വില്ലൻ വേഷങ്ങളിലാണ് കൊച്ചിൻ ഹനീഫ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 1985-ൽ മമ്മൂട്ടിയെ നായകനാക്കി 'ഒരു സന്ദേശം കൂടി' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം സംവിധാന രംഗത്തേക്കും ചുവടുവെച്ചു. തുടർന്ന് 'മൂന്നു മാസങ്ങൾക്ക് മുമ്പ്', 'വാത്സല്യം' ഉൾപ്പെടെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. പിന്നീട് പൂർണമായും അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 'കിരീടം', 'പഞ്ചാബി ഹൗസ്', 'മീശമാധവൻ', 'സി.ഐ.ഡി മൂസ' തുടങ്ങിയ ചിത്രങ്ങളിലെ അവിസ്മരണീയമായ ഹാസ്യ-സ്വഭാവ വേഷങ്ങളിലൂടെ മലയാളി മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി. ഹനീഫയുടെ മരണശേഷം വർഷങ്ങൾ കഴിഞ്ഞ് കൊച്ചി വെണ്ണലയിൽ അദ്ദേഹത്തിന്റെ കുടുംബം പണിതുയർത്തിയ പുതിയ വീടിന് ഹനീഫ ആഗ്രഹിച്ചതുപോലെ 'കൊച്ചിൻ ഹനീഫയുടെ എ.ബി മൻസിൽ' എന്ന് പേരിട്ടതും ഏവരുടെയും മനസ് നിറച്ച വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

