16 വർഷത്തിന് ശേഷം ഉപ്പയുടെ സ്വപ്നം പൂർത്തിയാക്കി മക്കൾ; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് പുതിയ വീടൊരുങ്ങി
text_fieldsകൊച്ചിൻ ഹനീഫയുടെ കുടുംബം
കൊച്ചി: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ കൊച്ചിൻ ഹനീഫ വിടപറഞ്ഞ് 16 വർഷങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വന്തമായി സ്വപ്ന ഭവനമൊരുങ്ങി. കൊച്ചി വെണ്ണല അംബേദ്കർ റോഡിലാണ് 'കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിൽ' എന്ന പേരിൽ മനോഹരമായ വീട് ഉയർന്നിരിക്കുന്നത്.
2010ൽ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിൻ ഹനീഫ അപ്രതീക്ഷിതമായി വിടപറയുമ്പോൾ ഇരട്ടക്കുട്ടികളായ സഫക്കും മർവക്കും നാല് വയസ്സ് മാത്രമായിരുന്നു പ്രായം. തുടർന്ന് കഴിഞ്ഞ 16 കൊല്ലമായി കടവന്ത്രയിലെ വാടകവീട്ടിലായിരുന്നു കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയും മക്കളും താമസിച്ചിരുന്നത്. ഒടുവിൽ, ഞായറാഴ്ച നടന്ന ചടങ്ങിൽ നടൻ ദിലീപ്, ഹരിശ്രീ അശോകൻ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെയും ഉറ്റവരുടെയും സാന്നിധ്യത്തിൽ കുടുംബം പുതിയ വീട്ടിലേക്ക് പാൽകാച്ചി കയറി.
താൻ നിർമിക്കുന്ന വീടിന് പിതാവ് എ.ബി. മുഹമ്മദിന്റെ ഓർമക്കായി 'എ.ബി. മൻസിൽ' എന്ന് പേരിടണം എന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. ആ സ്വപ്നമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. അഞ്ച് ബെഡ്‌റൂമുകൾ ഉൾപ്പെടുന്ന മൂന്ന് നില വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത് മക്കളായ സഫയും മർവയും ചേർന്നാണ്. ഹനീഫിക്കയുടെ ജീവിതത്തിലെ ഓർമച്ചിത്രങ്ങളും പുരസ്കാരങ്ങളും മൊമന്റോകളുമെല്ലാം വീട്ടിൽ ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.
ഹനീഫയുടെ മരണശേഷം സ്വത്തുക്കൾ ചില നിയമക്കുരുക്കുകളിൽപ്പെട്ടതാണ് കുടുംബത്തിന് വീട് നിർമാണം വൈകാൻ കാരണമായത്. മക്കളായ സഫക്കും മർവക്കും 18 വയസ്സ് തികഞ്ഞതോടെയാണ് നിയമതടസ്സങ്ങൾ മാറി ഹനീഫയുടെ സമ്പാദ്യം കുടുംബത്തിന് തിരികെ ലഭിച്ചത്. തലശ്ശേരികുടുംബാംഗമായ ഭാര്യ ഫാസിലയോട് ഹനീഫയുടെ മരണശേഷം നാട്ടിലേക്ക് മടങ്ങാൻ ഉറ്റവർ ആവശ്യപ്പെട്ടിരുന്നെങ്കിലും, തന്റെ പ്രിയതമന്റെ പേരിനൊപ്പമുള്ള നാടിന്റെ മണ്ണിൽ തന്നെ നിൽക്കാനാണ് അവർ തീരുമാനിച്ചത്.
കൊച്ചിൻ ഹനീഫയുടെ ആത്മാഭിമാനത്തെ മാനിച്ചുകൊണ്ട് കഴിഞ്ഞ 16 വർഷവും കുടുംബത്തെ ചേർത്തുപിടിച്ച വ്യക്തിയാണ് നടൻ ദിലീപ്. ആരുടെ മുന്നിലും തലകുനിക്കാൻ ഇഷ്ടപ്പെടാത്ത ഹനീഫയുടെ സ്വഭാവം അറിയാമായിരുന്ന ദിലീപ്, കുടുംബത്തിന് സ്ഥിരവരുമാനം ഉറപ്പാക്കാനായി ഒരു വഴി കണ്ടെത്തുകയായിരുന്നു. ഹനീഫിക്കയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇനോവ കാർ തന്റെ സിനിമ സെറ്റുകളിൽ വാടകക്ക് ഓടിക്കാൻ ദിലീപ് അനുവാദം നൽകി. കഴിഞ്ഞ 16 വർഷമായി ഈ കാറിൽ നിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിന്റെ പ്രധാന ആശ്രയങ്ങളിലൊന്ന്.
ചില നിയമപ്രശ്നങ്ങളുണ്ടായിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ സമ്പാദ്യം കൊണ്ടു തന്നെ ഹനീഫിക്ക ആഗ്രഹിച്ച പോലെയൊരു വീട് നമുക്ക് പണിയാൻ പറ്റി. ഹനീഫിക്ക വലിയൊരു അഭിമാനിയാണ്. ആരുടെ മുൻപിലും തല കുനിക്കുന്നത് ഇഷ്ടമില്ലാത്ത ഒരാളാണ്. 16 വർഷം അതിന് വേണ്ടി നമ്മൾ കാത്തിരുന്ന പോലെ തന്നെയായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്.
1970കളിൽ വില്ലൻ വേഷങ്ങളിലൂടെ സിനിമയിൽ ശ്രദ്ധേയനായ കൊച്ചിൻ ഹനീഫ പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങി. തങ്ങൾക്കാവശ്യമായതെല്ലാം അച്ഛന്റെ സമ്പാദ്യത്തിൽ നിന്ന് തന്നെ നേടിയെടുക്കാൻ സാധിച്ചതിന്റെ വലിയ സന്തോഷത്തിലാണ് ഇന്ന് ഹനീഫയുടെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

