‘ആര് മുന്നിൽ വന്നാലും ഭയമില്ല, പക്ഷേ ഉർവശിയുടെ മുന്നിൽ ഞാൻ പേടിച്ചിട്ടുണ്ട്; അവർ ലോകത്തിന്റെ എൻസൈക്ലോപീഡിയെന്ന് ഖുശ്ബു
text_fieldsഖുശ്ബു, ഉർവശി
നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി 2020ൽ പുറത്തിറങ്ങിയ ഫാന്റസി കോമഡി ചിത്രമായിരുന്നു ‘മൂക്കുത്തി അമ്മൻ’. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തിൽ അമ്മൻ ദേവിയുടെ വേഷത്തിലാണ് നയൻതാര എത്തിയത്. ഒരു ആൾദൈവത്തിന്റെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരാൻ ദേവിയും വാർത്താ അവതാരകനും ഒന്നിക്കുന്നതായിരുന്നു കഥ.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിയേറ്റർ റിലീസ് ഒഴിവാക്കി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു റിലീസ്.ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയതിന് പിന്നാലെ ഇപ്പോൾ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. നയൻതാര തന്നെ വീണ്ടും മൂക്കുത്തി അമ്മനായി എത്തുന്ന ‘മൂക്കുത്തി അമ്മൻ 2’ നവംബർ ആറിന് തിയറ്ററുകളിലെത്തും.
നയൻതാര, റെജീന, ഉർവശി, യോഗി ബാബു, സ്നേഹ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനിടെ ഉർവശിയെ കുറിച്ച് നടി ഖുശ്ബു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ഒരുപാട് കാലമായി സിനിമയിൽ അഭിനയിക്കുന്നു. അഭിനയിക്കുമ്പോൾ ആര് മുന്നിൽ വന്നു നിന്നാലും എനിക്ക് ഭയമില്ല. പക്ഷേ, ഒരേ സ്റ്റേജും ഫ്രെയിമും പങ്കിടുമ്പോൾ ഞാൻ പേടിച്ചിട്ടുണ്ടെങ്കിൽ അത് ഉർവശിയുടെ മുന്നിൽ മാത്രമാണ്. ചിലർ അഭിനയിക്കുമ്പോൾ നമ്മൾ ഒരേ ഫ്രെയിമിലാണെങ്കിൽ നമ്മളെ കടിച്ചുതിന്ന് തുപ്പിക്കളയും. എന്നാൽ ഉർവശി അങ്ങനെയല്ല. നമ്മളെ കണ്ടപാടെ വിഴുങ്ങിയിട്ട് പോകും.
ഒരു ഫ്രെയിമിൽ ഉർവശി ഉണ്ടെങ്കിൽ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും അവരിലേക്കാണ് പോകുന്നതെന്നും, അപ്പോൾ പിന്നെ നമ്മൾ എവിടെയാണെന്ന് തിരഞ്ഞുനോക്കേണ്ടി വരുമെന്നും ഖുശ്ബു പറഞ്ഞു. അത്രമേൽ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ഉർവശി അഭിനയിക്കുന്നതെന്നും, അവർ ഫന്റാസ്റ്റിക് ആക്ടർ ആണെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.
അവൾ എന്നെ കുബു സ്വാമി എന്ന് വിളിക്കും. ഞാൻ അവളെ പൊടി എന്നാണ് വിളിക്കുക. അതാണ് ഉർവശിയുടെ ചെല്ലപ്പേര്. അത്രയും വർഷമായിട്ടുള്ള സൗഹൃദമാണ് ഞങ്ങളുടേത്. പൊടി അന്ന് എങ്ങനെയായിരുന്നോ ഇപ്പോഴും അങ്ങനെത്തന്നെയാണ്. ഒരു മാറ്റവുമില്ല ഖുശ്‌ബു പറഞ്ഞു. ആത്മീയമാകട്ടെ, രാഷ്ട്രീയമാകട്ടെ, പെർഫോൻസ് ആകട്ടെ, സിനിമയാകട്ടെ, കമൽഹാസനെ എങ്ങനെ എൻസൈക്ലോപീഡിയ എന്ന് വിളിക്കുമോ അതുപോലെ ലോകത്തിന്റെ തന്നെ എൻസൈക്ലോപീഡിയയാണ് ഉർവശിയെന്നും ഖുശ്‌ബു പറഞ്ഞു.

