ഉർവശിയുടെ 'ആശ' ഒ.ടി.ടിയിലേക്ക്; സ്ട്രീമിങ് ഒക്ടോബർ 16 മുതൽ
text_fieldsകൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഉർവശി ചിത്രം 'ആശ' ഒ.ടി.ടിയിലേക്ക്. കൊറിയൻ, ഇന്റർനാഷണൽ ക്രൈം ത്രില്ലറുകളോട് കിടപിടിക്കുന്ന മേക്കിങ് ശൈലിയിലൂടെ ശ്രദ്ധേയമായ ചിത്രം ഒക്ടോബർ 16 മുതൽ സീ ഫൈവിലൂടെ സ്ട്രീമിങ് ആരംഭിക്കും. പ്രായഭേദമന്യേ, പ്രത്യേകിച്ച് ജെൻ-സി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രത്തിൽ ഉർവശിക്കും ജോജു ജോർജിനുമൊപ്പം ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ നിന്നുള്ള ലക്ഷണമൊത്തൊരു ഡാർക്ക് സസ്പെൻസ് ത്രില്ലറായാണ് വിലയിരുത്തപ്പെടുന്നത്. ലോക സിനിമകളെ നെഞ്ചിലേറ്റുന്ന ഇന്നത്തെ തലമുറയെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ക്രാഫ്റ്റോടെയാണ് സഫർ സനൽ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രവചനാതീതമായ കഥാഗതിയും സസ്പെൻസും ചിത്രത്തെ വിദേശ ത്രില്ലറുകളുടെ നിലവാരത്തിലേക്ക് ഉയർത്തുന്നു.
അസാധാരണമായ അഭിനയ പാടവമാണ് ചിത്രത്തിൽ ഉർവശി കാഴ്ചവെച്ചിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ മാനസികനില തെറ്റിയെന്ന് തോന്നുന്ന രീതിയിലുള്ള പെരുമാറ്റവും, മക്കളെ ചേർത്തുപിടിക്കുന്ന അമ്മയായും, പൊലീസിനോടും നിയമ വ്യവസ്ഥയോടും ചങ്കൂറ്റത്തോടെ പോരാടുന്ന സ്ത്രീയുമൊക്കെയായി ഏറെ ആഴത്തിലാണ് ഉർവശി 'ആശ'യെ സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉർവശിക്കൊപ്പം ജോജു ജോർജിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും പ്രകടനങ്ങൾ കാണികളെ മുൾമുനയിൽ നിർത്തുന്നതാണ്.
ഗോവിന്ദ് വസന്തയുടെ പശ്ചാത്തല സംഗീതവും മധു നീലകണ്ഠന്റെ റിയലിസ്റ്റിക് ഛായാഗ്രഹണവും ഷാൻ മുഹമ്മദിന്റെ ചടുലമായ എഡിറ്റിങ്ങും സിനിമയുടെ ത്രില്ലർ സ്വഭാവത്തെ കൂടുതൽ മികച്ചതാക്കുന്നു. സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായ ചിത്രം ഒരു 'വേൾഡ് ക്ലാസ്' അനുഭവമാണ് സമ്മാനിക്കുന്നതെന്ന് സിനിമാ പ്രേമികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

