കേരളത്തിലെ ലൈറ്റ്മാൻമാർ രണ്ട്-മൂന്ന് മണിക്കൂർ മാത്രമേ ഉറങ്ങാറുള്ളൂ, മലയാളത്തിലും ഹിന്ദിയിലും 12 മണിക്കൂർ വരെ ഷിഫ്റ്റുകൾ നീളാറുണ്ട്; ദീപികക്ക് പിന്നാലെ കീർത്തി സുരേഷും
text_fieldsകീർത്തി സുരേഷ്
ദീപിക പദുകോൺ എട്ട് മണിക്കൂർ പ്രവൃത്തിദിനം ആവശ്യപ്പെട്ടതിന് പിന്നാലെ കീർത്തി സുരേഷ് രംഗത്തെത്തി. എട്ട് മണിക്കൂർ ജോലി ചെയ്യുന്ന ദിവസങ്ങളിൽ പോലും ആവശ്യത്തിന് ഉറങ്ങാൻ സമയം ലഭിക്കുന്നില്ലെന്ന് കീർത്തി പറഞ്ഞു. ഹൈദരാബാദിൽ തന്റെ പുതിയ ചിത്രമായ'റിവോൾവർ റീത്ത'യുടെ പ്രമോഷനിടെയാണ് കീർത്തി സുരേഷ് ഇക്കാര്യം വ്യക്തമാക്കിയത്. പരിമിതമായ സമയമുള്ള ജോലി ഷെഡ്യൂളിൽ പോലും ഒരു നടന് ആറ് മണിക്കൂർ ഉറക്കം മാത്രമാണ് ലഭിക്കുന്നതെന്ന് കീർത്തി പറഞ്ഞു.
“രാവിലെ 9 മണിക്ക് ഷിഫ്റ്റ് തുടങ്ങണമെങ്കിൽ ഞാൻ 7:30ന് അവിടെ എത്തേണ്ടതുണ്ട്. അതിനായി ഞാൻ 6:30ന് വീട്ടിൽ നിന്ന് ഇറങ്ങണം. 5:30ന് എഴുന്നേൽക്കണം. വൈകുന്നേരം 6 മണി അല്ലെങ്കിൽ 6:30ന് പായ്ക്ക്-അപ്പ് കഴിഞ്ഞാൽ വീട്ടിലേക്ക് യാത്ര ചെയ്യണം. വസ്ത്രം മാറണം, വ്യായാമം ചെയ്യണം, അത്താഴം കഴിക്കണം. അതിനുശേഷം ഉറങ്ങാൻ ആവശ്യമായ സമയം കണ്ടെത്താൻ ശ്രമിക്കുമ്പോഴാണ് ബുദ്ധിമുട്ട്. ഇപ്പോൾ രാത്രി 11:30ന് ഉറങ്ങി ഞാൻ 5:30ന് എഴുന്നേൽക്കേണ്ടതുണ്ട്” -കീർത്തി പറഞ്ഞു.
‘എട്ട് മണിക്കൂർ ഉറക്കമാണ് നല്ലതെന്ന് നമ്മൾ പറയുന്നു. പക്ഷേ നമുക്ക് ആറ് മണിക്കൂർ പോലും ഉറങ്ങാൻ കഴിയുന്നില്ല. ഇത് ഒരു സാധാരണ 9-6 ഷിഫ്റ്റിലെ കാര്യമാണ്. ഹിന്ദി, മലയാളം സിനിമാ വ്യവസായങ്ങളിൽ പലപ്പോഴും 12 മണിക്കൂർ ഷിഫ്റ്റുകൾ ഉണ്ടാകാറുണ്ട്. കേരളത്തിലെ ലൈറ്റ്മാൻമാർക്ക് 2-3 മണിക്കൂർ മാത്രമേ ഉറങ്ങാൻ ലഭിക്കൂ. എന്നാൽ ഭക്ഷണവും വ്യായാമവും പോലെ തന്നെ പ്രധാനമാണ് ഉറക്കവും. തമിഴ്, തെലുങ്ക് വ്യവസായങ്ങളാണ് എട്ട് മണിക്കൂർ ജോലി ഷിഫ്റ്റുകൾ നടപ്പിലാക്കാൻ കൂടുതൽ സന്നദ്ധത കാണിക്കുന്നതെന്നും’ കീർത്തി പറഞ്ഞു.
നേരത്തെ ദീപിക പദുകോണും സിനിമാ പ്രവർത്തകർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കായി വാദിച്ചിരുന്നു. ‘ഞാൻ ആദ്യം സംസാരിക്കാൻ ആഗ്രഹിക്കുന്നത് ഞങ്ങൾ ജോലി ചെയ്യുന്ന സമയത്തെക്കുറിച്ചാണ്. പ്രത്യേകിച്ചും ക്രൂ അംഗങ്ങൾക്ക് വേണ്ടി. ആളുകളെ അധികസമയവും തുടർച്ചയായും ജോലി ചെയ്യിപ്പിച്ചാൽ വേഗത്തിൽ കാര്യങ്ങൾ ചെയ്തുതീർക്കാൻ കഴിയുമെന്നൊരു ധാരണയുണ്ട്. എന്റെ ചിന്ത നേരെ വിപരീതമാണ്. നിങ്ങൾ ആളുകൾക്ക് മതിയായ വിശ്രമ സമയവും ഒഴിവ് സമയവും നൽകിയാൽ അവർ മെച്ചപ്പെട്ട ഊർജ്ജത്തോടെ തിരികെ വരും. അത് വേഗത്തിൽ ജോലി ചെയ്യാൻ അവരെ സഹായിക്കുകയും ഔട്ട്പുട്ടിന്റെ ഗുണനിലവാരം മികച്ചതാവുകയും ചെയ്യും.
രണ്ടാമത്തെ ഘട്ടം, ഓവർടൈമിന് നഷ്ടപരിഹാരം നൽകുക എന്നതാണ്. ഇത് എന്റെ സിനിമയാണെന്ന് അഭിനേതാക്കൾക്ക് തോന്നിയേക്കാം. അഭിനേതാക്കൾക്കും സംവിധായകർക്കും ഉയർന്ന പദവിയിലുള്ള എല്ലാവർക്കും ഒടുവിൽ അവാർഡുകളും പ്രതിഫലങ്ങളും ലഭിക്കും. എന്നാൽ ക്രൂ അംഗങ്ങൾ വളരെ നേരത്തെ എത്തുകയും വളരെ വൈകി പോകുകയും ചെയ്യുന്നവരാണ്. അതിനാൽ ചില ദിവസങ്ങളിൽ സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ടോ മറ്റോ അധികസമയം ജോലി ചെയ്യേണ്ടി വന്നാൽ കുറഞ്ഞത് അവർക്ക് മണിക്കൂർ അടിസ്ഥാനത്തിൽ ഓവർടൈമിന് നഷ്ടപരിഹാരം നൽകാനുള്ള ഒരു സംവിധാനം നമ്മൾ കണ്ടെത്തണം’ എന്ന് ദീപിക ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

