പത്തുമിനിറ്റ് ഉപദേശത്തിന് കാൽലക്ഷം, ഒരു അക്ഷരം ‘മാറ്റാൻ’ ആയിരങ്ങൾ; ജ്യോതിഷികൾക്ക് പണം കായ്ക്കുന്ന മരമായി ബോളിവുഡ്
text_fieldsപൊതുവെ ബോളിവുഡ് താരങ്ങൾക്ക് ജ്യോതിഷത്തിൽ വിശ്വാസം അധികമാണെന്നാണ് പറയപ്പെടുന്നത്. കരിയറിലും ബോക്സോഫീസിലും തിരിച്ചടികൾ നേരിടുമ്പോൾ ‘വിശ്വാസം’ അതിന്റെ പരകോടിയിലെത്തുന്നു. അതുകൊണ്ടുതന്നെ ജ്യോതിഷികൾ പറയുന്ന മാറ്റങ്ങൾ ജീവിതത്തിൽ വരുത്താൻ അവർ പലപ്പോഴും തയാറാകാറുമുണ്ട്.
തങ്ങളെ തേടിയെത്തുന്ന താരങ്ങൾ ജ്യോതിഷികൾക്ക് പണം കായ്ക്കുന്ന മരം കൂടിയാണ്. തങ്ങളിൽ അന്ധമായ വിശ്വാസവുമായെത്തുന്ന താരങ്ങളിൽനിന്ന് ആയിരക്കണക്കിന് രൂപയാണ് ഇവർ ഫീസായി ഈടാക്കുന്നത്. സെലിബ്രിറ്റി ജ്യോതിഷിയായ സഞ്ജയ് ബി. ജുമാനി ഒരു കൺസൾട്ടേഷന് 12,300 രൂപ ഈടാക്കുന്നതായാണ് സമീപകാല റിപ്പോർട്ട്. ഒരാൾക്ക് ഒരു ഓഡിയോ അല്ലെങ്കിൽ വിഡിയോ കൺസൾട്ടേഷൻ ലഭിക്കുന്ന 23,100 രൂപയുടെ മറ്റൊരു പാക്കേജും ജുമാനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ബോളിവുഡ് താരം അജയ് ദേവ്ഗണിനോട് തന്റെ കുടുംബപ്പേരിൽ നിന്ന് 'എ' ഒഴിവാക്കാൻ ശുപാർശ ചെയ്തത് താനാണെന്ന് ജുമാനി അവകാശപ്പെടുന്നു. 'അജയ് ദേവ്ഗൺ ഇതിനകം തന്നെ ഒരു താരമായിരുന്നു. എന്നാൽ കുടുംബപ്പേരിൽ നിന്ന് 'എ' ഒഴിവാക്കിയപ്പോൾ, അദ്ദേഹം 500 കോടി ക്ലബിൽ പ്രവേശിച്ചു' -ജുമാനി പറഞ്ഞു. അക്ഷയ് കുമാർ തന്റെ 44-ാം വയസ്സിൽ പരാജയ കാലഘട്ടത്തിൽ നിന്ന് പുറത്തുകടക്കുമെന്നും 45-ാം വയസ്സിൽ തന്റെ ആദ്യത്തെ 100 കോടി രൂപയുടെ ഹിറ്റ് നേടുമെന്നും താൻ പ്രവചിച്ചുവെന്നുമാണ് ഇയാളുടെ മറ്റൊരു വാദം.
ജുമാനിയുടെ 12,300 രൂപക്കുള്ള കൺസൾട്ടേഷൻ പാക്കേജിൽ ഭാഗ്യ സംഖ്യകൾ, അക്ഷരത്തെറ്റുകൾ, പ്രധാന തീയതികൾ, കരിയർ, ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ എന്നിവ ഉൾപ്പെടുന്നുവത്രെ. 10 മിനിറ്റിൽ താഴെയുള്ള വിഡിയോ അല്ലെങ്കിൽ ഓഡിയോ കൺസൾട്ടേഷനും കുറച്ച് വ്യക്തിഗത ചോദ്യങ്ങളും ഉൾപ്പെടുന്നതാണ് 23,100 രൂപയുടെ പാക്കേജ്.
മറ്റൊരു സെലിബ്രിറ്റി ജ്യോതിഷിയായ സുന്ദീപ് കൊച്ചാർ, ദീപിക പദുക്കോൺ ഉന്നതിയിലേക്ക് എത്തുമെന്ന് പ്രവചിച്ചതായി അവകാശപ്പെടുന്നു. കാലക്രമേണ ഐശ്വര്യ റായിയെപ്പോലെയാകുമെന്ന് താൻ പറഞ്ഞതായാണ് അവകാശവാദം. യു.എസിലേക്ക് താമസം മാറിയതിനുശേഷം മാധുരി ദീക്ഷിത് ഇന്ത്യയിലേക്കും ഒടുവിൽ ബോളിവുഡിലേക്കും തിരിച്ചുവരുമെന്ന് താൻ പ്രവചിച്ചതായും അദ്ദേഹം പറയുന്നു.
82-ാം വയസ്സിലും ആവേശത്തോടെ സിനിമകളിൽ പ്രവർത്തിക്കുന്ന അമിതാഭ് ബച്ചനെക്കുറിച്ചും സുന്ദീപ് കൊച്ചാർ സംസാരിച്ചു. ‘ബിഗ് ബി’ക്ക് നീലക്കല്ലുകൾ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അത് ധരിക്കുന്ന ആർക്കും അദ്ദേഹത്തെപ്പോലെയാകാൻ കഴിയുമെന്ന് ഇതിനർഥമില്ല. അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ നിയന്ത്രിക്കുന്നു. അദ്ദേഹം 80-കളിലാണെങ്കിലും ഇപ്പോഴും ജോലി ചെയ്യാനുള്ള ഊർജ്ജമുണ്ട് -സുന്ദീപ് കൊച്ചാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

