‘ഞാൻ റോഡിലിറങ്ങി അലറി വിളിച്ചു, ആറ് മാസത്തോളം ഉറങ്ങാൻ കഴിഞ്ഞില്ല’; സെയ്ഫിന് കുത്തേറ്റ രാത്രിയെക്കുറിച്ച് കരീന
text_fieldsസെയ്ഫ് അലി ഖാനും കരീനയും
ബോളിവുഡ് താരദമ്പതികളായ കരീന കപൂറും സെയ്ഫ് അലി ഖാനും ഒരുമിച്ച് കോഫി വിത്ത് കരണിൽ എത്തിയപ്പോൾ ഒട്ടനവധി വികാരനിർഭരമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കോഫി വിത്ത് കരൺ സീസൺ 9 ലെ നാലാമത്തെ എപ്പിസോഡിലാണ് ഇരുവരും അതിഥികളായി എത്തിയത്. വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് കരണിന്റെ കൗച്ചിൽ എത്തുന്നത്.
ഇതുവരെ പുറത്തുവന്ന പ്രൊമോകൾ തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു. സെയ്ഫിന്റെ തമാശകളും കരീനയുടെ സ്വാഭാവികമായ ചാരുതയും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ ഇതിനിടയിൽ ഇരുവരും തുറന്നുപറഞ്ഞത് കഴിഞ്ഞ വർഷം നടന്ന സെയ്ഫ് അലി ഖാന് നേരെയുള്ള കുത്തേറ്റ സംഭവത്തെക്കുറിച്ചാണ്. ആ രാത്രിയുടെ ഭീകരതയെക്കുറിച്ച് കരീന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
‘ആറ് മാസത്തോളം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് കരീന വെളിപ്പെടുത്തി. ഭയം തന്നെ വിട്ടൊഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. ഞാൻ റോഡിൽ നിന്ന് അലറി വിളിക്കുകയായിരുന്നു, 'റുക്കോ, റുക്കോ'. അത് ഒരു സിനിമാ രംഗം പോലെയായിരുന്നു കരീന പറഞ്ഞു. ആ രാത്രിയെ രാത്രികളുടെ ചരിത്രത്തിലെ ഏറ്റവും മോശമായ രാത്രി എന്നാണ് സെയ്ഫ് അലി ഖാൻ വിശേഷിപ്പിച്ചത്.
പരിക്കുകളുടെ ഗൗരവം കാരണം തിരിച്ചുവരാൻ താൻ എടുത്ത സമയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മക്കൾ ആ സംഭവത്തിന് സാക്ഷികളായതോടെ ടെൻഷൻ ഇരട്ടിയായെന്നും ഇരുവരും പറഞ്ഞു. ആ പ്രതിസന്ധി ഘട്ടത്തിൽ പ്രിയപ്പെട്ടവരിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ചും ദമ്പതികൾ വാചാലരായി.
2025 ജനുവരി 16ന് പുലർച്ചെയാണ് ബോളിവുഡിനെ ഞെട്ടിച്ച സംഭവം നടന്നത്. മുംബൈയിലെ വസതിയിൽ അജ്ഞാതനായ ഒരാൾ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തി പരിക്കേൽപ്പിച്ചു. വീട്ടിൽ കയറിയ ആളുമായി ഉണ്ടായ സംഘർഷത്തിനിടെയാണ് സെയ്ഫിന് നട്ടെല്ലിലും കഴുത്തിലും കൈകളിലും ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ലീലാവതി ആശുപത്രിയിൽ 2.5 മണിക്കൂർ നീണ്ട ന്യൂറോ സർജറിക്കും പ്ലാസ്റ്റിക് സർജറിക്കും സെയ്ഫ് വിധേയനായി.
ഗൗരവമേറിയ സംഭാഷണങ്ങൾക്കിടയിലും എപ്പിസോഡിൽ രസകരമായ നിരവധി മുഹൂർത്തങ്ങളുമുണ്ട്. കരൺ ജോഹറിനെ കളിയാക്കാൻ കരീന ഒരു അവസരവും വിട്ടില്ല. ‘കോഫി വിത്ത് കരൺ അവസാന സീസണിലേക്ക് എത്തിയതിൽ എനിക്ക് സന്തോഷവും ആശ്വാസവുമുണ്ട്. ഇനി വീണ്ടും വീണ്ടും കോഫി വിത്ത് കരണിൽ വരേണ്ടല്ലോ’ എന്ന് കരീന പറഞ്ഞു.
ഷോയുടെ അവസാന സീസണിനോട് നിങ്ങൾ കാണിക്കുന്ന സെൻസിറ്റിവിറ്റിക്ക് നന്ദി എന്നായിരുന്നു കരണിന്‍റെ മറുപടി. നിലവിലെ നടന്മാരിൽ നമ്പർ വൺ ആരാണെന്ന് കരൺ കരീനയോട് ചോദിച്ചപ്പോൾ, ഉത്തരം എന്താണെന്ന് എല്ലാവർക്കും അറിയാം. ‘മറ്റ് നടന്മാരെ പുകഴ്ത്താനും നിനക്ക് അനുവാദമുണ്ട്’ എന്നാണ് അപ്പോൾ സെയ്ഫ് പറഞ്ഞത്.

