സെയ്ഫ് അലി ഖാന്റെ വീട്ടിലെ ആക്രമണം: അക്രമി ഒരു കോടി ആവശ്യപ്പെട്ടതായി സ്റ്റാഫ് നഴ്സിന്‍റെ മൊഴി
text_fieldsസെയ്ഫ് അലി ഖാൻ
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയിൽ 2025 ജനുവരിയിൽ നടന്ന ആക്രമണക്കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരിയുമായ 59കാരിയായ സ്റ്റാഫ് നഴ്സ് കോടതിയിൽ തന്റെ മൊഴി നൽകി. വെള്ളിയാഴ്ച ആരംഭിച്ച വിചാരണയിലാണ് ആ രാത്രി നടന്ന ഭീകര നിമിഷങ്ങളെക്കുറിച്ച് നഴ്സ് വിശദമായി വെളിപ്പെടുത്തിയത്.
2025 ജനുവരി 15 രാത്രി ഏകദേശം 2 മണിയോടെയാണ് സംഭവം. ഒരു ശബ്ദം കേട്ടാണ് താൻ ഉണർന്നതെന്ന് നഴ്സ് കോടതിയെ അറിയിച്ചു. അപ്പോൾ ബാത്റൂമിലെ ലൈറ്റ് തെളിഞ്ഞിരിക്കുന്നത് കണ്ടു. കരീന കപൂറാണ് ബാത്റൂമിൽ പോയതെന്നാണ് ആദ്യം കരുതിയത്. എന്നാൽ വീണ്ടും എന്തോ പന്തികേട് തോന്നി ഉണർന്നപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.
തൊപ്പി ധരിച്ച ഒരാൾ സെയ്ഫിന്റെയും കരീനയുടെയും ഇളയ മകൻ ജെഹിന്റെ കിടക്കക്ക് നേരെ നിഴൽ പോലെ നീങ്ങുന്നു. കുട്ടിക്ക് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന് ഭയന്ന് കുട്ടിയെ എടുക്കാൻ ശ്രമിച്ചപ്പോഴാണ് ആക്രമി തന്നെ ആക്രമിച്ചത്. കൈയ്യിൽ കരുതിയിരുന്ന ഹാക്സോ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം.
‘എനിക്ക് പണം വേണം, ഒരു കോടി രൂപ വേണം’ എന്ന് അക്രമി തന്നോട് ആവശ്യപ്പെട്ടതായും നഴ്സ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതൊരു മോഷണ ശ്രമമാണെന്ന് അപ്പോൾ തന്നെ വ്യക്തമായിരുന്നുവെന്നും അവർ പറഞ്ഞു.
വെള്ളിയാഴ്ച കോടതിയിൽ നടന്ന തിരിച്ചറിയൽ പരേഡിൽ 31കാരനായ മുഹമ്മദ് ഷരീഫുളാണ് തന്റെ മുന്നിൽ വന്നതെന്ന് നഴ്സ് ഉറപ്പിച്ച് പറഞ്ഞു. സെയ്ഫ് ഖാന്റെ ബാന്ദ്രയിലെ ആഡംബര ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയത് ഇയാൾ തന്നെയാണെന്നാണ് മൊഴി.
ബഹളം കേട്ട് സെയ്ഫ് അലി ഖാൻ ഓടിയെത്തിയപ്പോഴാണ് അക്രമി അദ്ദേഹത്തെയും കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ മുംബൈ പൊലീസ് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് പിടികൂടിയത്.
ഇത് ആസൂത്രിതമായ മോഷണ ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. താരത്തിന്റെ വീട്ടിൽ നിന്ന് വലിയ തുക കവർന്നെടുക്കാനായിരുന്നു പദ്ധതിയെന്നും അന്വേഷണത്തിൽ വ്യക്തമായി. കേസിൽ വിചാരണ പുരോഗമിക്കുകയാണ്. നഴ്സിന്റെ മൊഴി കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

