ആ സംഭവത്തിന് ശേഷം ക്രിക്കറ്റ് താരങ്ങളെ ക്ഷണിച്ചിട്ടില്ല; വിരാട് കോഹ്‌ലിയെ 'കോഫി വിത്ത് കരണിലേക്ക് ക്ഷണിക്കാത്തതിന് കാരണം പറഞ്ഞ് കരൺ ജോഹർ
text_fieldsകരൺ ജോഹറിന്‍റെ ടോക്ക് ഷോയായ ‘കോഫി വിത്ത് കരണി’ൽ പല മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ വന്നുപോയിട്ടുണ്ടെങ്കിലും ക്രിക്കറ്റ് താരങ്ങൾ വളരെ അപൂർവമായിട്ടേ വന്നിട്ടുള്ളൂ. അനുഷ്ക ശർമ ഒന്നിലധികം തവണ ഷോയിൽ എത്തിയിട്ടുണ്ടെങ്കിലും വിരാട് കോഹ്ലി ഇതുവരെ കോഫി വിത്ത് കരണിൽ പങ്കെടുത്തിട്ടില്ല. വിരാടിനെ ഷോയിലേക്ക് വിളിക്കാതിരിക്കുന്നത് ഹാർദിക് പാണ്ഡ്യ-കെ.എൽ രാഹുൽ വിവാദം കാരണമാണെന്ന് കരൺ വെളിപ്പെടുത്തി. സാനിയ മിർസയുടെ 'സെർവിങ് ഇറ്റ് അപ്പ് വിത്ത് സാനിയ' എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവേ ആയിരുന്നു കരണിന്റെ ഈ വെളിപ്പെടുത്തൽ.
ഏകദേശം ആറ് വർഷത്തിന് ശേഷം, താൻ എന്തിനാണ് ക്രിക്കറ്റ് താരങ്ങളെ ഒഴിവാക്കുന്നതെന്ന് കരൺ ജോഹർ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ഷോയിലേക്ക് ഇതുവരെ വരാത്ത സെലിബ്രിറ്റിയെക്കുറിച്ച് സാനിയ മിർസ ചോദിച്ചപ്പോൾ, കരൺ ജോഹർ ഉടനടി വിരാട് കോഹ്‌ലിയുടെ പേര് പരാമർശിച്ചു. ഞാൻ വിരാടിനെ ഇതുവരെ ക്ഷണിച്ചിട്ടില്ല. മാത്രമല്ല, ഹാർദിക്കിനും രാഹുലിനും സംഭവിച്ചതിന് ശേഷം ഇനി ഞാൻ ഒരു ക്രിക്കറ്റ് താരങ്ങളെയും ക്ഷണിക്കാൻ പോകുന്നില്ല കരൺ ജോഹർ പറഞ്ഞു. ഞാൻ വിരാടിനോട് ഒരിക്കലും ചോദിച്ചിട്ടില്ല. ഹാർദിക്കിനും രാഹുലിനും ശേഷം ഇപ്പോൾ ഞാൻ ഒരു ക്രിക്കറ്റ് താരങ്ങളെയും ഞാൻ ക്ഷണിക്കുന്നില്ല. പലരും വരില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അതിനാൽ ഞാൻ അവരോട് ചോദിക്കാറില്ല.
2019ൽ ഹാർദിക് പാണ്ഡ്യയും കെ.എൽ. രാഹുലും പങ്കെടുത്ത എപ്പിസോഡ് ഷോയുടെ ചരിത്രത്തിലെ വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു. ഹാർദിക് പാണ്ഡ്യയുടെ സ്ത്രീകളോടുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള ചില തുറന്നു പറച്ചിലുകൾ ലൈംഗികച്ചുവയുള്ളതും അനുചിതവുമാണെന്ന് വ്യാപകമായി വിമർശിക്കപ്പെട്ടു. ചില അഭിപ്രായങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും, ക്രിക്കറ്റ് ഭരണസമിതി (ബി.സി.സി.ഐ) ഇരു കളിക്കാർക്കും എതിരെ നടപടിയെടുക്കുകയും താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു. വിവാദത്തെ തുടർന്ന് ഈ എപ്പിസോഡ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
അതിനുശേഷം കരൺ ക്രിക്കറ്റ് കളിക്കാരെ ഷോയിലേക്ക് ക്ഷണിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. ഷോയിലേക്ക് വരാൻ ആഗ്രഹിച്ചിട്ടും തുടർച്ചയായി നിരസിക്കുന്ന സെലിബ്രിറ്റിയെക്കുറിച്ച് ചോദിച്ചപ്പോൾ കരൺ രൺബീർ കപൂറിന്‍റെ പേരാണ് പറഞ്ഞത്. അവൻ ഇതിന് മുമ്പ് വന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് സീസണുകളിലും അവൻ ഇല്ല എന്ന് പറഞ്ഞു. 2016ൽ രൺവീർ സിങ്ങിനൊപ്പമാണ് രൺബീർ അവസാനമായി ഷോയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

