‘ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല, വാപ്പിച്ചിയും അടുക്കളയും ഞങ്ങളുമായിരുന്നു ഉമ്മച്ചിയുടെ ലോകം’; വിവാഹ വാർഷികത്തിൽ കലാഭവൻ നവാസിന്‍റെ മക്കൾ
text_fieldsകലാഭവൻ നവാസും രഹനയും
മലയാളികളെ കണ്ണീരണിയിച്ചാണ് പ്രിയ താരം കലാഭവൻ നവാസ് വിടവാങ്ങിയത്. നടനെ ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഒക്ടോബർ 27ന് കലാഭവൻ നവാസിന്‍റെയും രഹനയുടെയും വിവാഹ വാർഷികമായിരുന്നു. ഇപ്പോഴിതാ ഈ ദിവസം ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നവാസിന്‍റെ മക്കൾ. ഇന്നത്തെ ദിവസം രാവിലെ രണ്ട് പേരും ഒരുമിച്ച് ഫ്രൂട്ട്സിന്റെ തൈകൾ നടാറുണ്ട്. അങ്ങിനെ നട്ട തൈകളാണ് ഇവിടെ കായ്ച്ചു നിൽക്കുന്ന ഓരോ മരങ്ങളും. ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല. എന്നാണ് ഫേസ്ബുക്കിലെ കുറിപ്പ്.
കുറിപ്പിന്‍റെ പൂർണരൂപം
പ്രിയരേ,
ഉമ്മിച്ചിക്ക് ഇഷ്ടപ്പെട്ട പാട്ട് വാപ്പിച്ചി പാടി കൊടുത്തതാണ്. വാപ്പിച്ചി തന്നെ എഡിറ്റ് ചെയ്ത വിഡിയോ ആണ് ഇത്. ഇന്ന് ഒക്ടോബർ 27, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും വിവാഹ വാർഷികമാണ്. ഇന്നത്തെ ദിവസം രാവിലെ രണ്ട് പേരും ഒരുമിച്ച് ഫ്രൂട്ട്സിന്റെ തൈകൾ നടാറുണ്ട്. അങ്ങിനെ നട്ട തൈകളാണ് ഇവിടെ കായ്ച്ചു നിൽക്കുന്ന ഓരോ മരങ്ങളും. ഒന്നിനും പറ്റാത്ത ഈ അവസ്ഥയിൽ ഉമ്മച്ചിയുടെ ചെടികളെപ്പോലും ഉമ്മിച്ചി ശ്രദ്ധിച്ചില്ല. പക്ഷെ വാപ്പിച്ചിയെ ചേർത്തുപിടിച്ച് ഈ വാർഷികത്തിനും ഉമ്മിച്ചി ഫ്രൂട്ട്സിന്റെ തൈകൾ നട്ടു. ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല. അവരുടെ പ്രണയം ഇപ്പോഴും കൗതുകത്തോടെയാണ് ഞങ്ങൾ നോക്കി നിൽക്കുന്നത്.
വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, Tv കാണില്ല, ബെസ്റ്റ് ഫ്രണ്ട്‌സ് ഇല്ല, ഫാമിലി ഗ്രൂപ്പിലോ, ഫ്രണ്ട്‌സ് ഗ്രൂപ്പിലോ ഇല്ല. വാപ്പിച്ചിയില്ലാതെ ഒരു കല്ല്യാണത്തിനുപോലും പോവാറില്ല. വാപ്പിച്ചിയായിരുന്നു ഉമ്മച്ചിയുടെ ബെസ്റ്റ് ഫ്രണ്ട്. വാപ്പിച്ചി വർക്ക് കഴിഞ്ഞു തിരിച്ചെത്തും വരെ വാപ്പിച്ചിക്കുവേണ്ടി ഉമ്മിച്ചി പ്രാർത്ഥിച്ചുകൊണ്ടേയിരിക്കും. വാപ്പിച്ചി തിരിച്ചെത്തിയാലാണ് ആ മുഖമൊന്നു തെളിയുന്നത്. വാപ്പിച്ചി വന്നാൽ ഔട്ടിങ്ങിന് പോവാൻപോലും ഉമ്മിച്ചിക്കിഷ്ടമല്ല. വാപ്പിച്ചിയുമായി വീട്ടിൽത്തന്നെ ചിലവഴിക്കാനാണ് ഉമ്മിച്ചിക്കിഷ്ടം. രണ്ട് പേർക്കും ഒരുമിച്ചെത്രനാൾ വീട്ടിലിരുന്നാലും ബോറടിക്കില്ല. ഉമ്മിച്ചിക്ക് ഒരാഗ്രഹവുമില്ലാത്ത ആളാണെന്ന് വാപ്പിച്ചി എപ്പോഴും പറയും. വാപ്പിച്ചിയും അടുക്കളയും ഞങ്ങളുമായിരുന്നു ഉമ്മച്ചിയുടെ ലോകം.
ഈ ഭൂമിയിൽ വേറെന്തു നഷ്ടപ്പെട്ടാലും ഉമ്മിച്ചി പിടിച്ചു നിൽക്കുമായിരുന്നു. പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു. ഇപ്പോൾ പടച്ചവൻ വാപ്പിച്ചിക്ക് എന്താണോ അവിടെ കൊടുക്കുന്നത് അതുതന്നെ ഉമ്മിച്ചിക്കും ഇവിടെ തന്നാൽ മതി എന്നാണ് ഉമ്മച്ചിയുടെ പ്രാർത്ഥന. ഇത്രയും നേരത്തെ പിരിയേണ്ടവരായിരുന്നില്ല രണ്ട് പേരും. ഒരുപാടു സ്നേഹിച്ചതിനാവും പടച്ചവൻ രണ്ട് പേരെയും രണ്ടിടത്താക്കിയത്. മരണംകൊണ്ടും അവരെ വേർപിരിക്കാനാവില്ല. അവർ രണ്ട് പേരും ഇപ്പോഴും കാത്തിരിപ്പിലാണ്. പരീക്ഷണത്തിനൊടുവിൽ, സുബർക്കത്തിൽ ഇവിടുത്തെ പോലെതന്നെ ഏറ്റവും നല്ല ഇണകളായി ജീവിക്കാൻ വാപ്പിച്ചിക്കും ഉമ്മിച്ചിക്കും പടച്ചവൻ തൗഫീഖ് നൽകുമാറാകട്ടെ, ആമീൻ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

