'നീ പിടിച്ച കൈ പിന്നെയും പിന്നെയും ഞാൻ തൊട്ടുനോക്കുന്നു ചങ്ങാതീ'; നവാസിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് കലവൂർ രവികുമാർ
text_fieldsഅന്തരിച്ച നടൻ കലാഭവൻ നവാസിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാർ. സിനിമയിലെ തന്റെ നല്ല സുഹൃത്തുക്കളാണ് കലാഭവൻ നവാസും സഹോദരൻ നിയാസുമെന്ന് അദ്ദേഹം സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു.
രവികുമാറിന്‍റെ പോസ്റ്റ്
സിനിമയിലെ എന്റെ നല്ല സുഹൃത്തുക്കളാണ് നവാസും നിയാസും. അബൂബക്കർ ഇക്കയുടെ മക്കൾ. ഞാൻ ഇക്കയെ കുറിച്ചാണ് ഏറ്റവും ഏറെ അവരോടു സംസാരിച്ചിട്ടുള്ളത്. ബാപ്പയുടെ നാടകജീവിതവും അതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികളും ഒക്കെ ഞാൻ കേട്ടിരിക്കും.
അവർ എത്രമേൽ ആദരവോടെയാണ് ബാപ്പയുടെ ആ ജീവിതത്തെ കാണുന്നത് എന്നു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ബാപ്പയുടെ ചില അനുഭവങ്ങളും വാക്കുകളും ഒക്കെ തമാശ പോലെയാണ് അവർ പറയുക. നോവിൽ നർമം കലരുമ്പോൾ നാം ചിരിക്കും. പിന്നെ ചിരിയല്ല വേദനയാണ് നമ്മെ തിര പോലെ പിന്തുടരുക. അങ്ങനെ എന്നെ ഒരുപാടു പിന്തുടർന്നിട്ടുണ്ട് ആ വർത്തമാനങ്ങൾ.
ഈയിടെ നവാസിനെ കണ്ടിരുന്നു. ഇത്തിരി നേരം ചിരി.. വർത്തമാനം......പിന്നെ നവാസ് കൈപിടിച്ച് അമർത്തി യാത്ര പറഞ്ഞു പോയി. ഇപ്പോൾ ഉള്ളം കൈയ്യിൽ ആ ചൂടില്ല. അപ്പോൾ രഹനയും കുട്ടികളും നിയാസും ഒക്കെ എങ്ങനെയാണു ഇതു നേരിടുക. എനിക്കറിയില്ല. നവാസേ...ഈയിടെ കാണണ്ടായിരുന്നു. ഞാൻ നീ പിടിച്ച കൈ പിന്നെയും പിന്നെയും തൊട്ടുനോക്കുന്നു ചങ്ങാതീ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

