‘10 വർഷം അടിച്ചുപൊളിച്ച് ജീവിച്ചു, പിരിഞ്ഞെങ്കിലും നല്ല സുഹൃത്തുക്കൾ’; വേർപിരിയലിനുശേഷം ആദ്യമായി ജീവ
text_fieldsഅപർണയും ജീവയും
സെലിബ്രിറ്റി ലോകത്ത് പ്രണയവും വിവാഹവും വേർപിരിയലും സാധാരണമാണ്. എന്നാൽ ചില താരദമ്പതികൾ വേർപിരിയുമ്പോൾ അത് അവരുടെ ആരാധകരെ കൂടുതൽ ബാധിക്കും. ജീവയുടെയും അപർണയുടെയും വേർപിരിയൽ വാർത്ത ആരാധകർക്ക് ഷോക്കായതും അതുകൊണ്ടുതന്നെയാണ്. പ്രേക്ഷകരുടെ ഏറെ സ്നേഹം നേടിയ ജോഡിയായിരുന്നു ഇവർ. പ്രണയിച്ച് വിവാഹിതരായ ജീവയും അപർണയും 11 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് വേർപിരിയുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
വേർപിരിയലിന് ശേഷം ഇരുവരും കരിയറിൽ സജീവമാണ്. ഇതിനിടെയാണ് വിവാഹമോചനത്തെക്കുറിച്ച് ജീവ ജോസഫ് ആദ്യമായി മനസ് തുറക്കുന്നത്. ഫൈസൽ മലബാറുമായുള്ള സൗഹൃദ സംഭാഷണത്തിലായിരുന്നു പ്രതികരണം. ‘പത്ത് വർഷം ഒരുമിച്ച് ജീവിച്ചതല്ലേ, പെട്ടെന്ന് പിരിയുമ്പോൾ പ്രയാസമുണ്ടാവില്ലേ?’ എന്ന ചോദ്യത്തോടെയാണ് സംഭാഷണം തുടങ്ങിയത്. ‘തീർച്ചയായും പ്രയാസമുണ്ടാകും. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നത്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചതല്ലേ, ഞങ്ങൾ അങ്ങനെയായിരുന്നല്ലോ’ എന്നായിരുന്നു ജീവയുടെ മറുപടി.
നിങ്ങളുടെ വിഡിയോസ് കാണുമ്പോൾ രണ്ടുപേരെയും നല്ല സുഹൃത്തുക്കളായിട്ടാണ് തോന്നിയിരുന്നത്. ആ സൗഹൃദം ഇനിയും നിലനിർത്താൻ കഴിയുമെന്ന് തോന്നുന്നുണ്ടോ? എന്നായിരുന്നു ഫൈസലിന്റെ അടുത്ത ചോദ്യം. തീർച്ചയായും എന്നായിരുന്നു ജീവയുടെ മറുപടി.
‘ബോളിവുഡിൽ അത്തരത്തിൽ പലരെയും കണ്ടിട്ടുണ്ട്. ഭാര്യാഭർതൃ ബന്ധം അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നവർ. ഞങ്ങളും അങ്ങനെ തന്നെയാണ്. എന്ന് ജീവയും ഉറപ്പിച്ചു പറഞ്ഞു. അത് രണ്ടുപേർക്കും നല്ലതാണ്. രണ്ടുപേരുടെയും കരിയർ ഗ്രോത്തിന് ഗുണം ചെയ്യും. എന്തായാലും പിരിയേണ്ടി വന്നു. പക്ഷേ ആ ബന്ധം ഒരു സൗഹൃദമായി നിലനിൽക്കുന്നത് നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം എന്നും ജീവ പറഞ്ഞു.
‘ഇക്കാര്യം ഞങ്ങൾ രണ്ടുപേരും നേരത്തെ തന്നെ സംസാരിച്ചതാണ്. ഓക്കേ, ഇങ്ങനെയൊക്കെ സംഭവിച്ചു. പത്ത് വർഷം ഒരുമിച്ച് അടിച്ചുപൊളിച്ച് ജീവിച്ചു. പിന്നീട് ചില കാരണങ്ങളാൽ രണ്ടുവഴിക്ക് പോകേണ്ടി വന്നു. എന്നാലും ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും’ ജീവ കൂട്ടിച്ചേർത്തു.
പത്ത് വർഷത്തോളം സന്തോഷത്തോടെ ഒരുമിച്ച് ജീവിച്ച രണ്ടുപേർ വേർപിരിയാൻ തീരുമാനിച്ചാലും അവർ പങ്കിട്ട സ്നേഹവും നല്ല ഓർമകളും ഇല്ലാതാകുന്നില്ല. ഒരുമിച്ച് മുന്നോട്ടുപോകാൻ കഴിയാത്ത കാരണങ്ങൾ അവർക്കുണ്ടാകാം, അതിന്റെ യാഥാർഥ്യം അവർക്കാണ് നന്നായി അറിയുക. വേർപിരിഞ്ഞ ശേഷവും പരസ്പരം കുറ്റപ്പെടുത്താതെയും അപമാനിക്കാതെയും ബഹുമാനം കാത്തുസൂക്ഷിക്കുന്നത് വലിയ പക്വതയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

