'എന്റെ വിവാഹമോചന സമയത്ത് അച്ഛനും അമ്മയും പാറപോലെ ഒപ്പം നിന്നു’; 20ൽ പ്രണയം വികാരമെങ്കിൽ 40ൽ അത് ബഹുമാനമാണെന്ന് സൗന്ദര്യ രജനികാന്ത്
text_fieldsസൗന്ദര്യ കുടുംബത്തോടൊപ്പം
രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്തിന്റെ തുറന്നുപറച്ചിൽ സിനിമാലോകത്ത് വലിയ ചർച്ചയാകുന്നു. നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച തന്റെ പുതിയ നിർമാണ സംരംഭമായ 'ലൗ' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് സൗന്ദര്യ തന്റെ വ്യക്തിജീവിതത്തിലെ ഏറ്റവും വൈകാരികമായ ഏടുകളെക്കുറിച്ച് മനസ് തുറന്നത്.
പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മാതാപിതാക്കളായ രജനികാന്തിനെയും ലതാ രജനികാന്തിനെയും കുറിച്ചുമാണ് സൗന്ദര്യ സംസാരിച്ചത്. ഏകദേശം ഒരു ദശാബ്ദം മുൻപ് താൻ കടന്നുപോയ വിവാഹമോചനത്തിന്റെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് താരം ഓർത്തെടുത്തു. അശ്വിൻ രാംകുമാറുമായുള്ള ആദ്യ വിവാഹം പരാജയപ്പെട്ടപ്പോൾ താൻ തകർന്നുപോയിരുന്നുവെന്നും ആ സമയത്ത് തന്റെ മാതാപിതാക്കൾ നൽകിയ പിന്തുണയാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും സൗന്ദര്യ പറയുന്നു.
‘ആ ഘട്ടം എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയമായിരുന്നു. പലരും പലതും പറഞ്ഞു. എന്നാൽ എന്റെ അച്ഛനും അമ്മയും ഒരു നിമിഷം പോലും എന്നെ വിട്ടുപോയില്ല. അവർ എനിക്ക് പാറപോലെ ഉറച്ച താങ്ങായി നിന്നു സൗന്ദര്യ പറഞ്ഞു. നമ്മൾ വളർന്നത് ഒരുപക്ഷേ വീട്ടിൽ പുരുഷാധിപത്യം നിലനിന്നിരുന്ന ഒരു തലമുറയിലാണ്. പല കാര്യങ്ങളും ചോദ്യം ചെയ്യാതെ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ അത് ഇപ്പോൾ എന്റെ മാതാപിതാക്കളുടെ കാര്യത്തിൽ പോലും മാറിക്കൊണ്ടിരിക്കുകയാണ്. മുൻപ് അങ്ങനെ ആയിരുന്നില്ല.
പ്രായമാകുന്തോറും പ്രണയത്തെക്കുറിച്ചുള്ള സങ്കൽപ്പവും മാറും. എനിക്ക് 20 വയസ്സുള്ളപ്പോൾ പ്രണയം എന്ന് തോന്നിയിരുന്നത് 40 വയസ്സുള്ളപ്പോൾ പ്രണയമല്ല. 20ൽ ഉണ്ടായിരുന്ന പ്രണയം വികാരമാണ്, 40ൽ അത് പരസ്പര ബഹുമാനവും ധാരണയുമാണ്. അത് മാറുന്നു. അതുകൊണ്ട് എന്റെ മാതാപിതാക്കൾ പോലും ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു സൗന്ദര്യ കൂട്ടിച്ചേർത്തു.
2010ൽ വ്യവസായിയായ അശ്വിനെ വിവാഹം ചെയ്ത സൗന്ദര്യ 2017ലാണ് വിവാഹമോചനം നേടിയത്. പിന്നീട് 2019ൽ നടനും ബിസിനസുകാരനുമായ വിശാഗൻ വണങ്കമുടിയെ വിവാഹം ചെയ്തു. രണ്ട് വിവാഹങ്ങളും രണ്ട് വ്യത്യസ്ത തലത്തിലുള്ള പ്രണയങ്ങളും തനിക്ക് ജീവിതത്തെക്കുറിച്ച് ഒരുപാട് പാഠങ്ങൾ നൽകിയെന്ന് സൗന്ദര്യ പറയുന്നു. സൗന്ദര്യയുടെ ഈ തുറന്നുപറച്ചിൽ സ്ത്രീകൾ നേരിടുന്ന സാമൂഹിക സമ്മർദങ്ങളെയും വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. നിരവധി സ്ത്രീകളാണ് തന്റെ അനുഭവത്തോട് യോജിച്ച് കൊണ്ട് സൗന്ദര്യക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

