‘പ്രിയപ്പെട്ട ധരം ജിക്ക് ജന്മദിനാശംസകൾ; നിങ്ങൾ എപ്പോഴും എന്നോടൊപ്പം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് ഞാൻ ജീവിതം പുനർനിർമിക്കുന്നു’-കുറിപ്പുമായി ഹേമമാലിനി
text_fieldsധർമേന്ദ്രയും ഹേമമാലിനിയും
ധർമേന്ദ്രയുടെ 90-ാം പിറന്നാൾ ദിനത്തിൽ വികാരഭരിതമായ കുറിപ്പുമായി ഹേമമാലിനി. ‘എന്‍റെ ഹൃദയം തകർന്നു. നിങ്ങൾ ആത്മാവിൽ എപ്പോഴും എന്നോടൊപ്പം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് ഞാൻ പതുക്കെ കഷണങ്ങൾ പെറുക്കിയെടുത്ത് എന്‍റെ ജീവിതം പുനർനിർമിക്കാൻ ശ്രമിക്കുകയാണ് എന്നാണ് ഹേമമാലിനി എക്സിൽ കുറിച്ചത്. ധർമേന്ദ്രയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ‘നമ്മുടെ സന്തോഷകരമായ ഒന്നിച്ചുള്ള നിമിഷങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ഹേമമാലിനി കുറിപ്പ് പങ്കിട്ടത്.
‘പ്രിയപ്പെട്ട ധരം ജിക്ക്, എന്‍റെ പ്രിയപ്പെട്ട ഹൃദയത്തിന് ജന്മദിനാശംസകൾ. നിങ്ങൾ എന്നെ തനിച്ചാക്കി പോയിട്ട് രണ്ടാഴ്ചയിലധികം കഴിഞ്ഞിരിക്കുന്നു. എന്‍റെ ഹൃദയം തകർന്നിരിക്കുന്നു. നിങ്ങൾ എപ്പോഴും എന്നോടൊപ്പം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് ഞാൻ പതുക്കെ കഷണങ്ങൾ പെറുക്കിയെടുത്ത് എന്‍റെ ജീവിതം പുനർനിർമിക്കാൻ ശ്രമിക്കുകയാണ്. നമ്മൾ ഒരുമിച്ചുള്ള ജീവിതത്തിലെ സന്തോഷകരമായ ഓർമകൾ ഒരിക്കലും മാഞ്ഞുപോകില്ല. ആ നിമിഷങ്ങൾ വീണ്ടും ഓർത്തെടുക്കുന്നത് എനിക്ക് വലിയ ആശ്വാസവും സന്തോഷവും നൽകുന്നു.
നമ്മുടെ മനോഹരമായ വർഷങ്ങൾക്കും, പരസ്പരം ഉള്ള സ്നേഹം വീണ്ടും ഉറപ്പിക്കുന്ന നമ്മുടെ രണ്ട് സുന്ദരികളായ പെൺമക്കൾക്കും, എന്‍റെ ഹൃദയത്തിൽ എന്നെന്നേക്കുമായി നിലനിൽക്കുന്ന എല്ലാ മനോഹരവും സന്തോഷകരവുമായ ഓർമകൾക്കും ഞാൻ ദൈവത്തോട് നന്ദി പറയുന്നു. നിങ്ങളുടെ ജന്മദിനത്തിൽ നിങ്ങളുടെ വിനയത്തിനും ഹൃദയനന്മക്കും മനുഷ്യരാശിയോടുള്ള സ്നേഹത്തിനും അർഹിക്കുന്ന ശാന്തിയുടെയും സന്തോഷത്തിന്‍റെയും സമ്പത്ത് ദൈവം നിങ്ങൾക്ക് നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പ്രിയ സ്നേഹമേ, ജന്മദിനാശംസകൾ’ ഹേമമാലിനി എക്സിൽ കുറിച്ചു.
നവംബർ 24നാണ് ധർമേന്ദ്ര അന്തരിച്ചത്. മുംബൈയിലായിരുന്നു അന്ത്യം. 90-ാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയായിരുന്നു ധർമേന്ദ്രയുടെ വിടവാങ്ങൽ. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ബോളിവുഡിന്‍റെ 'ഹീ-മാൻ' എന്നറിയപ്പെട്ടിരുന്ന ധർമേന്ദ്ര, ആറ് പതിറ്റാണ്ടിലേറെ നീണ്ട ശ്രദ്ധേയമായ ചലച്ചിത്ര പാരമ്പര്യമാണ് അവശേഷിപ്പിക്കുന്നത്. ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുന്ന 'ഇക്കിസ്' എന്ന ചിത്രത്തിലായിരിക്കും അദ്ദേഹത്തിന്‍റെ അവസാന ഓൺ-സ്ക്രീൻ പ്രകടനം.
ഇന്ത്യൻ സിനിമയിലെ മഹാനടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ധർമേന്ദ്ര 1960ൽ 'ദിൽ ഭീ തേരാ ഹം ഭീ തേരെ' എന്ന ചിത്രത്തിലൂടെയാണ് തന്‍റെ കരിയർ ആരംഭിച്ചത്. 2012ൽ ഭാരത സർക്കാരിന്‍റെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ യാദോൻ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കർ ബീവി കാ, ഫൂൽ ഔർ പത്ഥർ, ബേതാബ്, ഘായൽ തുടങ്ങിയ അവാർഡ് നേടിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ധർമേന്ദ്ര കേവൽ കൃഷൻ ഡിയോൾ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

