ധർമേന്ദ്രയുടെ പ്രിയ ഫാം ഹൗസ് ആരാധകർക്കായ് തുറന്നുനൽകാൻ കുടുംബം; പ്രവേശനം സൗജന്യം
text_fieldsധർമേന്ദ്ര ഫാം ഹൗസിൽ
ബോളിവുഡിന്‍റെ പ്രിയതാരം ധർമേന്ദ്ര വിടവാങ്ങിയിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്‍റെ വിയോഗത്തിന്‍റെ വേദനയിലാണ് കുടുംബം. 90ാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൽ മാത്രം ബാക്കിനിൽക്കെയാണ് ധർമേന്ദ്ര വിടവാങ്ങിയത്. 2025 ഡിസംബർ എട്ടിനായിരുന്നു ധർമേന്ദ്രയുടെ 90-ാം ജന്മദിനം. എന്നാൽ നവംമ്പർ 24ന് വാർദ്ധക്യ സഹജമായ അയുഖങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ജന്മ ദിനത്തിൽ ആരാധകർക്ക് സന്ദർശിക്കാൻ ധർമേന്ദ്രയുടെ ഫാം ഹൗസ് തുറന്നു നൽകുന്നു എന്ന് അറിയിച്ചിരിക്കുകയാണ് കുടുംബം.
ധർമേന്ദ്ര ഏറ്റവുമധികം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന സ്ഥലമായിരുന്നു അദ്ദേഹത്തിന്‍റെ ഫാം ഹൗസ്. ലോണാവാലയിൽ 100 ഏക്കർ വിസ്തൃതിയിലാണ് ഈ ഫാം ഹൗസ് സ്ഥിതിചെയ്യുന്നത്. ധർമേന്ദ്ര കുടുംബത്തോടൊപ്പം മുംബൈ നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി ഹരിതാഭമായ ഈ ഫാംഹൗസിൽ താമസിക്കാൻ എത്താറുണ്ടായിരുന്നു. ആധുനിക സൗകര്യങ്ങൾ നിറഞ്ഞതും എന്നാൽ പ്രകൃതിയോടിണങ്ങിയതുമാണീ ഫാംഹൗസ്.
ജന്മദിവസം സണ്ണി ഡിയോളും ബോബി ഡിയോളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ധർമ്മേന്ദ്രയുടെ ഖണ്ടാല ഫാംഹൗസിൽ ഒത്തുകൂടുകയും ആദരാഞ്ജലികൾ അർപ്പിക്കാൻ ആഗ്രഹിക്കുന്ന ആരാധകരെ കാണുകയും ചെയ്യും. “സണ്ണിയും ബോബിയും പിതാവിന്റെ ഓർമ്മകളെയും പാരമ്പര്യത്തെയും ആദരിക്കുന്നതിനായി അദ്ദേഹത്തിന്റെ ഫാംഹൗസ് സന്ദർശിച്ചിരുന്നു. അവിടെ നടന്ന ചർച്ചയിൽ നിരവധി ആരാധകർക്ക് ധർമ്മേന്ദ്രയെ അവസാനമായി ഒന്നു കാണാൻ അവസരം ലഭിച്ചിരുന്നില്ലെന്ന് അവർ മനസ്സിലാക്കി. അതുകൊണ്ടാണ് ധർമേന്ദ്രക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും കുടുംബത്തെ കാണാനും ആഗ്രഹിക്കുന്ന ആരാധകർക്കായി ഫാംഹൗസ് തുറന്നു നൽകാൻ അവർ തീരുമാനിച്ചത്.” ഹിന്ദുസ്ഥാൻ ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഒത്തുചേരലിനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 90-ാം ജന്മവാർഷികത്തിൽ ആരാധകർക്ക് അദ്ദേഹത്തിന്റെ ഓർമ്മകളുമായി അടുക്കാൻ ഇത് മികച്ച ഒരു മാർഗമാകുമെന്ന് ഡിയോൾ കുടുംബം കരുതുന്നു. ധർമ്മേന്ദ്രയുടെ മരണശേഷം കുടുംബം നടത്തിയ നിരവധി ചടങ്ങുകളുടെ ഭാഗമായാണ് ഖണ്ടാലയിൽ ആദരാഞ്ജലി അർപ്പിച്ചത്. ബന്ധുക്കളും സിനിമാ മേഖലയിലെ പ്രമുഖരും പങ്കെടുത്ത സ്വകാര്യ ശവസംസ്കാര ചടങ്ങ് മുംബൈയിൽവെച്ചു നടന്നു. തുടർന്ന് സണ്ണി, ബോബി, കരൺ ഡിയോൾ എന്നിവർ ഹരിദ്വാറിലെത്തി ധർമ്മേന്ദ്രയുടെ ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയ്തു.
നവംബർ 27 ന്, കുടുംബം സെലിബ്രേഷൻ ഓഫ് ലൈഫ് എന്ന പേരിൽ ഒരു പ്രാർത്ഥനാ യോഗം നടത്തിയിരുന്നു. അതിൽ ഷാരൂഖ് ഖാൻ , സൽമാൻ ഖാൻ , രേഖ, ഐശ്വര്യ റായ് എന്നിവർ പങ്കെടുത്തു. അതേ ദിവസം തന്നെ ഹേമ മാലിനി തന്റെ വസതിയിൽ ഒരു പ്രത്യേക പ്രാർത്ഥനാ യോഗവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

