Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമരണത്തിനു മുമ്പേ...

മരണത്തിനു മുമ്പേ എടുത്ത തീരുമാനം; ധർമേന്ദ്രയുടെ പാരമ്പര്യ സ്വത്തിൽ മക്കൾക്ക് അവകാശമില്ല, പകരം...

text_fields
bookmark_border
Dharmendra
cancel
camera_alt

ധർമേന്ദ്ര മക്കളോടൊപ്പം

ബോളിവുഡിന്‍റെ പകരം വക്കാനില്ലാത്ത അതുല്യ നടൻ ധർമേന്ദ്ര വിടവാങ്ങിയതിന്‍റെ നൊമ്പരം ആരാധകരിൽ നിന്ന് വിട്ടുമാറിയിട്ടില്ല. താരത്തിന്‍റെയും കുടുംബത്തിന്‍റെയും കൂടുതൽ വിവരങ്ങളാണിപ്പോൾ ചർച്ച ചെയ്യപെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നനായ നടന്മാരിൽ ഒരാളാണ് ധർമേന്ദ്ര. പല സ്ഥലങ്ങളിലായി കോടിക്കണക്കിന് സ്വത്തുക്കളാണ് താരത്തിന്‍റേതായി ഉള്ളത്.

നടനെന്നതിലുപരി വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനും കൂടിയാണ് ധർമേന്ദ്ര. ബോളിവുഡി​​ന്റെ ഹി-മാൻ എന്നാണ് ധർമേന്ദ്ര അറിയപ്പെടുന്നത്. റസ്റ്റാറന്റ് മേഖലയിലാണ് അദ്ദേഹത്തിന്റെ ബിസിനസ്. 2015ൽ ന്യൂഡൽഹിയിലെ ഗരം ധരം ധാബയിലൂടെയാണ് അദ്ദേഹം ആദ്യമായി റസ്റ്റാറന്റ് ബിസിനസിലേക്ക് കാലെടുത്തുവെച്ചത്. 2022ൽ കർണാൽ ഹൈവേയിൽ ​ഹെ മാൻ എന്ന പേരിൽ മറ്റൊരു റസ്റ്റാറന്റ് കൂടി തുറന്നു. ബിസിനസ് കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അദ്ദേഹം അസുഖബാധിതനായത്. എല്ലാം കൂടി 335 കോടി രൂപ വിലമതിക്കുന്ന സാമ്രാജ്യത്തിന്റെ ഉടമയാണ് ധർമേന്ദ്ര.

എന്നാൽ പഞ്ചാബിലുള്ള താരത്തിന്‍റെ പാരമ്പര്യ സ്വത്തിൽ മക്കൾക്ക് അവകാശമില്ലെന്ന് മരണത്തിനുമുമ്പുതന്നെ ധർമേന്ദ്ര എഴുതി വച്ചിരുന്നു. കോടികൾ വിലമതിക്കുന്ന ഈ പരമ്പരാഗത ഭൂമി ധർമേന്ദ്രയുടെ പിതാവിൽ നിന്നും കൈമാറി ലഭിച്ചതാണ്. വർഷങ്ങളായി ഇവിടെ കൃഷിചെയ്ത് പരിപാലനം നടത്തുന്നത് അദ്ദേഹത്തിന്‍റെ പിതാവിന്‍റെ സഹോദരങ്ങളും അവരുടെ മക്കളുമായിരുന്നു. 2015ൽ അവസാനമായി പഞ്ചാബിലെ കുടുംബസ്വത്ത് സന്ദർശിച്ച ധർമേന്ദ്ര ആ ഭൂമി പരിപാലകരായ ബന്ധുക്കൾക്കുതന്നെ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഭൂമിയും അതിലുള്ള വീടും നിലവിൽ അഞ്ച് കോടി രൂപ വിലമതിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പതിറ്റാണ്ടുകളായി അനന്തരവൻമാർ പരിപാലിച്ചുവന്നിരുന്ന ഭൂമി ധർമേന്ദ്ര അവർക്ക് സമ്മാനമായി നൽകുകയായിരുന്നുവെന്ന് ബന്ധു പറഞ്ഞു. 'ധർമേന്ദ്ര അമ്മാവൻ എന്റെ അച്ഛൻ മഞ്ജിത് സിങ്ങിന്റെ കസിൻ ആയിരുന്നു. 2019ൽ അദ്ദേഹത്തിന്റെ മകൻ സണ്ണി ഡിയോൾ ഗുരുദാസ്പൂരിൽ നിന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് അദ്ദേഹം അവസാനമായി ഗ്രാമത്തിൽ വന്നത്. അദ്ദേഹത്തിനുവേണ്ടി പ്രചാരണം നടത്താൻ ഞാനും ഗുരുദാസ്പൂരിൽ പോയി. അതിനുമുമ്പ് 2015-16ൽ അദ്ദേഹം ഗ്രാമത്തിലെത്തിയത് 19 കനാൽ ഭൂമിയും മൂന്ന് മർല ഭൂമിയും എന്റെ അച്ഛൻ മഞ്ജിത് സിങ്ങിനും എന്റെ അമ്മാവൻ ശിംഗാര സിങ്ങിനും കൈമാറാനാണ്' - ധർമേന്ദ്രയുടെ അനന്തരവൻ ബൂട്ട സിങ് ഡിയോൾ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

അദ്ദേഹത്തിന്റെ 100 ഏക്കർ വിസ്തൃതിയിലുള്ള ഫാം ഹൗസും ഏറെ പ്രശസ്തമാണ്. ധർമേന്ദ്ര കുടുംബത്തോടൊപ്പം മുംബൈ നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറിയുള്ള ലോണാവാലയിലെ ഹരിതാഭമായ ഈ ഫാംഹൗസിൽ താമസിക്കാൻ എത്താറുണ്ടായിരുന്നു. ആധുനിക സൗകര്യങ്ങൾ നിറഞ്ഞതാണ് ഈ ഫാംഹൗസ്. ലോണാവാലയിലെ തന്റെ ഫാം ഹൗസിന് സമീപം റിസോർട്ട് വികസിപ്പിച്ചുകൊണ്ട് ഹോസ്പിറ്റാലിറ്റി ബിസിനസിലേക്ക് കൂടുതൽ വ്യാപിപ്പിക്കാനായിരുന്നു താരത്തിന്റെ പദ്ധതി. ഇതിന് സമീപമുള്ള 12 ഏക്കർ സ്ഥലത്ത് 30 കോട്ടേജ് റിസോർട്ടുകൾ നിർമിക്കാനായി അദ്ദേഹം ഒരു റസ്റ്റാറന്റ് ശൃംഖലയുമായി ധാരണയിലെത്തിയിരുന്നു.

സി.എ നോളജ് റിപ്പോർട്ട് അനുസരിച്ച് മഹാരാഷ്ട്രയിൽ ധർമേന്ദ്രക്ക് 17 കോടിയിലേറെ വിലവരുന്ന സ്വത്തുക്കൾ ഉ​ണ്ട്. 88 ലക്ഷം രൂപയിലധികം വിലമതിക്കുന്ന കൃഷിഭൂമിയും 52 ലക്ഷം രൂപ വിലമതിക്കുന്ന കാർഷികേതര ഭൂമിയും അദ്ദേഹത്തിന്റെ നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നു. അതിനു പുറമെ ഒരുപാട് ആഡംബര കാറുകളുടെയും ശേഖരമുണ്ട്. കാറുകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം പ്രസിദ്ധമാണ്. വിന്റേജ് ഫിയറ്റ് ആണ് ആദ്യമായി ധർമേന്ദ്ര സ്വന്തമാക്കിയ കാർ എന്നാണ് പറയപ്പെടുന്നത്.

85.74 ലക്ഷം രൂപ വിലയുള്ള റേഞ്ച് റോവർ ഇവോക്ക്, 98.11 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡസ് ബെൻസ് എസ്.എൽ500 പോലുള്ള ആധുനിക ആഡംബര കാറുകൾ വരെ അദ്ദേഹത്തിന്റെ ഗാരേജിൽ ആഡംബരത്തിന്റെ പ്രതീകമായുണ്ട്. അഭിനയത്തിനു പുറമേ നിർമാതാവ് എന്ന നിലയിലും ധർമേന്ദ്ര വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1983ലാണ് അദ്ദേഹം നിർമാണ കമ്പനിയായ വിജയത ഫിലിംസ് തുടങ്ങിയത്. ഈ കമ്പനിയുടെ ബാനറിലായിരുന്നു മക്കളായ സണ്ണി ഡിയോളിനെയും ബോബി ഡിയോളിന്റെയും ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. യഥാക്രമം ബീതാബ് (1983), ബർസാത്ത് (1995) എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. കൊച്ചുമകൻ കരൺ ഡിയോളിന്റെ ആദ്യ ചിത്രമായ പാൽ പാൽ കേ പാസ് നിർമിച്ചതും വിജയത ഫിലിംസ് ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luxuaryPropertySunny DeolEntertainment NewsBobby DeolDharmendraBollywood
News Summary - Dharmendra left ancestral property worth crores to someone else
Next Story