ഡോൺ 3 തർക്കം; രൺവീർ സിങ് 40 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് നിർമാതാക്കൾ
text_fieldsആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ഡോൺ 3'യിൽനിന്ന് നടൻ രൺവീർ സിങ് പിന്മാറിയതിനെത്തുടർന്ന് 40 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തറിന്റെ നിർമാണ കമ്പനിയായ എക്സൽ എന്റർടൈൻമെന്റ് രംഗത്തെത്തിയതായി റിപ്പോർട്ടുകൾ. ഡിസംബറിൽ രൺവീർ സിനിമയിൽ നിന്ന് പിന്മാറിയത് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് നിർമാണ കമ്പനിയുടെ വാദം. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾക്കായി ചിലവാക്കിയ തുക, ഷെഡ്യൂളിങ്ങിലും പ്ലാനിങ്ങിലും ഉണ്ടായ കാലതാമസം എന്നിവ കണക്കിലെടുത്താണ് 40 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫർഹാൻ അക്തറും റിതേഷ് സിദ്വാനിയും ചേർന്ന് 1999ൽ സ്ഥാപിതമായ ബോളിവുഡ് ചലച്ചിത്ര നിർമാണ കമ്പനിയാണ് എക്സൽ എന്റർടൈൻമെന്റ്. ദിൽ ചാഹ്താ ഹേ, റോക്ക് ഓൺ, സിന്ദഗി നാ മിലേഗി ദൊബാറ, ഗല്ലി ബോയ്, ഡോൺ തുടങ്ങിയ നിരവധി ജനപ്രിയ ചിത്രങ്ങളും, ആമസോൺ പ്രൈമിലെ മിർസാപൂർ, ഇൻസൈഡ് എഡ്ജ് തുടങ്ങിയ വെബ് സീരീസുകളും ഈ ബാനറിൽ പുറത്തിറങ്ങിയിട്ടുണ്ട്. സിനിമ മുടങ്ങിയതോടെ പല ഡിപ്പാർട്ട്‌മെന്റുകളിലെയും ജീവനക്കാരെയും തലവൻമാരെയും ഒഴിവാക്കാൻ നിർമാണ കമ്പനി നിർബന്ധിതരായി. തിരക്കഥയിൽ തൃപ്തനല്ലാത്തതിനാലാണ് പിന്മാറിയതെന്ന് രൺവീർ പറയുമ്പോൾ രൺവീറിന്റെ സമ്മതത്തോടെയാണ് പ്രീ-പ്രൊഡക്ഷൻ തുടങ്ങിയതെന്ന് എക്സൽ എന്റർടൈൻമെന്റ് പറയുന്നു.
സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. പലരും രൺവീർ സിങ്ങിനെ പിന്തുണച്ചാണ് സംസാരിക്കുന്നത്. ലിഖിതമായ കരാറുകൾ ഒന്നുമില്ലെങ്കിൽ എക്സൽ എന്റർടൈൻമെന്റിന് കേസ് ഫയൽ ചെയ്യാൻ കഴിയില്ല എന്ന് ചിലർ അഭിപ്രായപ്പെടുന്നു. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ 40 കോടി രൂപ ചിലവായെന്ന വാദം വിശ്വസിക്കാൻ പ്രയാസമാണെന്നും ചിലർ കുറിച്ചു. സമീപകാലത്ത് സാമ്പത്തികമായി പരാജയപ്പെട്ട സിനിമകളുള്ള എക്സൽ എന്റർടൈൻമെന്റ്, രൺവീറിനെ സമ്മർദത്തിലാക്കാനാണ് ഇത്ര വലിയ തുക ആവശ്യപ്പെടുന്നതെന്നും ആരോപണമുണ്ട്.
2006ൽ പുറത്തിറങ്ങിയ 'ഡോൺ', 2011ലെ 'ഡോൺ 2' എന്നീ ചിത്രങ്ങളിൽ ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയുമായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നത്. ഈ രണ്ട് ചിത്രങ്ങളും വലിയ വിജയങ്ങളായിരുന്നു. 2023ലാണ് ഫർഹാൻ അക്തർ രൺവീർ സിങ്ങിനെ നായകനാക്കി 'ഡോൺ 3' പ്രഖ്യാപിച്ചത്. രൺവീറിനെ ഉൾപ്പെടുത്തി ഒരു പ്രത്യേക ടീസറും പുറത്തിറക്കിയിരുന്നു. എന്നാൽ പിന്നീട് സിനിമയുടെ ജോലികൾ നീണ്ടുപോയി. രൺവീറിന് പകരം മറ്റൊരു നടനെ കണ്ടെത്താൻ കഴിയാത്തതിനാൽ പ്രോജക്റ്റ് താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഈ വിഷയത്തിൽ രൺവീർ സിങ്ങോ ഫർഹാൻ അക്തറോ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

