ഒരു വർഷം ആറ് പരാജയചിത്രങ്ങൾ, യഥാർഥ അവസരം ലഭിക്കാൻ വർഷങ്ങളോളം പോരാടേണ്ടിവന്നു -പ്രിയങ്ക ചോപ്ര
text_fieldsരണ്ട് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമാണ് ബോളിവുഡിന്‍റെ പ്രിയതാരം പ്രിയങ്ക ചോപ്ര. ഇന്ത്യൻ സിനിമയിൽ മാത്രമല്ല, ലോക സിനിമയിലും പ്രിയങ്ക തന്‍റെ സ്ഥാനം അടയാളപ്പെടുത്തി. എന്നാൽ തന്‍റെ കരിയറിൽ താരത്തിന് ഉയർച്ച താഴ്ചകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ, കരിയറിലെ ആദ്യകാലങ്ങളിൽ ദുഷ്‌കരമായ ഘട്ടത്തിലൂടെ കടന്നുപോയതിനെക്കുറിച്ച് പ്രിയങ്ക തുറന്നുപറയുകയാണ്. ചൊവ്വാഴ്ച അബൂദബിയിൽ നടന്ന ബ്രിഡ്ജ് സമ്മിറ്റ് 2025ൽ സംസാരിക്കുകയായിരുന്നു താരം.
ഹോളിവുഡിൽ ആദ്യത്തെ യഥാർഥ ഇടവേള ലഭിക്കുന്നതിന് മുമ്പ് വർഷങ്ങളോളം പോരാടേണ്ടി വന്നതായി പ്രിയങ്ക പറഞ്ഞു. 'ഒരു വർഷം ഞാൻ ആറ് സിനിമകൾ ചെയ്തു. ആറ് സിനിമകളും തകർന്ന ഘട്ടങ്ങളുണ്ടായിരുന്നു. പെട്ടെന്ന് മറ്റുള്ളവർ ഞാൻ ചെയ്യാൻ ആഗ്രഹിച്ച സിനിമകൾ ചെയ്തു. എന്റെ ശ്രദ്ധ ഒരിക്കലും തെരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നില്ല. അവ അതിജീവനത്തെക്കുറിച്ചായിരുന്നു. ആ സമയത്ത്, അടുത്തതായി എന്തുചെയ്യണമെന്ന് ഞാൻ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു' -പ്രിയങ്ക പറഞ്ഞു.
'തുടക്കത്തിൽ, നോ പറയാൻ എനിക്ക് ഭാഗ്യം ഉണ്ടായിരുന്നില്ല. ജോലി ലഭിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. എല്ലാ അവസരങ്ങളും ഞാൻ സ്വീകരിച്ചു. നിരന്തരം യാത്ര ചെയ്തു. ജോലി നിരസിക്കുന്നത് ഒരു ഓപ്ഷനായി തോന്നിയില്ല എന്നതിനാൽ കുടുംബത്തിലെ മിക്ക പ്രധാന നിമിഷങ്ങളും നഷ്ടമായി. എന്നാൽ, ഇപ്പോൾ എനിക്ക് തെരഞ്ഞെടുക്കാം. ഇപ്പോൾ എനിക്ക് എന്താണ് ശരിയെന്ന് എനിക്ക് തീരുമാനിക്കാം' -പ്രിയങ്ക കൂട്ടിച്ചേർത്തു.
ഹോളിവുഡ് വ്യവസായത്തിലെ തന്റെ യാത്രയെക്കുറിച്ച് സംസാരിക്കുമ്പോൾ സ്റ്റീരിയോടൈപ്പുകൾ ഉള്ള ഒരു സംവിധാനത്തിലേക്ക് കടക്കുന്നതിന്റെ വെല്ലുവിളികളെക്കുറിച്ച് പ്രിയങ്ക ഓർമിച്ചു. 'ഞാൻ ആദ്യമായി അമേരിക്കയിലേക്ക് താമസം മാറി പോപ്പ് സംഗീതത്തിലും അഭിനയത്തിലും പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ പല വേഷങ്ങളും സ്റ്റീരിയോടൈപ്പുകൾ ഉപയോഗിച്ചാണ് എഴുതിയത്. ആദ്യത്തെ യഥാർഥ അവസരം ലഭിക്കുന്നതിന് മുമ്പ്, അതായത് എന്റെ വംശീയതയാൽ നിർവചിക്കപ്പെടാത്ത ഒരു അമേരിക്കൻ കഥാപാത്രമാകാൻ കഴിയുന്ന ഒരു വേഷം ലഭിക്കാൻ വർഷങ്ങളോളം പോരാടേണ്ടിവന്നു' -അവർ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

