സെറ്റുകളിൽ അവഗണന, ഇരിക്കാൻ കസേര പോലും ലഭിക്കില്ലായിരുന്നു; ഫാൻസി കാറിൽ വന്നാൽ താരമാണെന്ന ധാരണയാണ് അവിടെയുള്ളത് -ദുൽഖർ സൽമാൻ
text_fieldsദുൽഖർ സൽമാൻ
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തന്‍റെ അഭിനയ മികവ് കൊണ്ട് കഴിവ് തെളിയിച്ച നടനാണ് ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങിയ കാന്തയിലെ ദുല്‍ഖറിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ ബോളിവുഡിലെ തന്റെ ആദ്യ വർഷങ്ങൾ അത്ര സുഖകരമായിരുന്നില്ലെന്ന് ദുൽഖർ വെളിപ്പെടുത്തി. 2018ൽ 'കാർവാൻ' എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച നടൻ അടുത്തിടെ നടന്ന ഒരു ചർച്ചയിൽ ഹിന്ദി സിനിമാ സെറ്റുകളിൽ താൻ നേരിട്ട അസുഖകരമായ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു.
“ഞാൻ ഹിന്ദി സിനിമകൾ ചെയ്തപ്പോൾ, എന്റെ കൂടെ വരുന്ന രണ്ട് പേർക്ക് പോലും സെറ്റുകളിൽ അവഗണന നേരിടേണ്ടി വന്നു. എനിക്ക് ഇരിക്കാൻ ഒരു കസേര പോലും ലഭിക്കില്ലായിരുന്നു. അതിനാൽ ഒരു വലിയ താരമാണെന്ന പ്രതീതി എനിക്ക് അവിടെ സൃഷ്ടിക്കേണ്ടി വന്നു. മോണിറ്ററിന് പിന്നിൽ നിൽക്കാൻ പോലും എനിക്ക് ഇടം കിട്ടില്ല. അത്രയധികം ആളുകളുണ്ടായിരുന്നു. ഇതെല്ലാം കാഴ്ചപ്പാടുകളെ ആശ്രയിച്ചിരിക്കുന്നു. ധാരാളം ആളുകളുമായി ഒരു ഫാൻസി കാറിൽ വന്നാൽ അയാൾ ഒരു താരമാണെന്ന ധാരണയാണ് അവിടെ ഉണ്ടാകുന്നത്. അത് സങ്കടകരമാണ്. എന്റെ ഊര്‍ജ്ജം അങ്ങനെ നഷ്ടപ്പെടുത്താനല്ല ഞാന്‍ ആഗ്രഹിക്കുന്നത്” -ദുൽഖർ പറഞ്ഞു.
“എനിക്കിത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഒരു ഇൻഡസ്ട്രിയെയും മോശമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇതൊരു സാംസ്കാരികപരമായ കാര്യമാണെന്ന് ഞാൻ കരുതുന്നു. ഞാനും റാണയും (ദഗ്ഗുബാട്ടി) ഇതേക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. ഹിന്ദി ഇൻഡസ്ട്രിയുടെ വലുപ്പം വളരെ വലുതാണ്. തിയറ്ററുകളുടെ എണ്ണം, മാർക്കറ്റുകൾ, നിരവധി സംസ്ഥാനങ്ങൾ ഈ ഭാഷ സംസാരിക്കുകയും സിനിമകൾ കാണുകയും ചെയ്യുന്നു. ഒരുപക്ഷേ, ഇൻഡസ്ട്രിയുടെ വലിപ്പം കാര്യങ്ങളെ സ്വാധീനിക്കുന്നുണ്ടാകാം” -ദുൽഖർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

