'സിനിമ കൂടുതൽ മൂർച്ചയുള്ളതായി'; ദുൽഖർ സൽമാന്‍റെ 'കാന്ത'യുടെ റൺടൈം വെട്ടിച്ചുരുക്കി
text_fieldsദുൽഖർ സൽമാന്റെ പുതിയ ചിത്രമായ 'കാന്ത' തിയറ്ററിൽ എത്തിയിട്ട് ഒരാഴ്ചയായി. ഇപ്പോഴിതാ, ചിത്രത്തിന്റെ റൺടൈം കുറച്ചു എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിന്‍റെ ദൈർഘ്യം കുറച്ച വാർത്ത സ്ഥിരീകരിച്ചുകൊണ്ട് ദുൽഖറിന്റെ നിർമാണ കമ്പനിയായ വേഫെയറർ ഫിലിംസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ റൺടൈം കുറക്കാൻ നിരവധി പ്രേക്ഷകർ നിർമാതാക്കളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അപ്‌ഡേറ്റ് വന്നതെന്നാണ് വിവരം.
'പീക്ക് സിനിമ ഇപ്പോൾ കൂടുതൽ മൂർച്ചയുള്ളതായി, തിയറ്ററുകളിൽ പുതിയ ട്രിം ചെയ്ത കട്ട് അനുഭവിക്കൂ' എന്നാണ് വേഫെയറർ ഫിലിംസ് എഴുതിയത്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. പ്രധാന അഭിനേതാക്കളുടെ അഭിനയവും അത് കഥയെ നയിക്കുന്ന രീതിയും സിനിമ കണ്ടവർ എടുത്തുകാട്ടി. എന്നാൽ ഒരു വിഭാഗം പ്രേക്ഷകർ ചിത്രത്തിന്‍റെ മെല്ലെപ്പോക്കിനെ വിമർശിച്ചിരുന്നു. ഇതായിരിക്കാം റൺടൈം കുറക്കാൻ പ്രേരിപ്പിച്ചത്.
നവംബർ 14ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ബോക്സ് ഓഫിസിൽ ആദ്യ ദിനം നാല് കോടി രൂപ നേടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദുൽഖറിന്റെ മുൻ ചിത്രമായ ലക്കി ഭാസ്‌കർ ആദ്യ ദിനം നേടിയതിന്‍റെ പകുതി മാത്രമേ കാന്തക്ക് നേടാനായിട്ടുള്ളു. എന്നാൽ ചിത്രത്തിലെ ദുൽഖറിന്‍റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
കാന്ത രാജ്യത്തുടനീളമായി 20 കോടിയിലധികം കലക്ഷൻ നേടിയതായാണ് റിപ്പോർട്ട്. 1950കളിലെ മദ്രാസിലെ സൂപ്പർസ്റ്റാറായിരുന്ന ടി.കെ. മഹാദേവന്റെ കഥയാണ് 'കാന്ത' പറയുന്നത്. സ്പിരിറ്റ് മീഡിയ, വേഫെറർ ഫിലിംസ് എന്നീ ബാനറുകളിൽ റാണ ദഗ്ഗുബതിയും ദുൽഖർ സൽമാനും ചേർന്നാണ് ചിത്രം നിർമിച്ചത്. 2022ലെ ഹേ സിനാമികക്ക് ശേഷം ദുൽഖറിന്‍റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ചിത്രമാണ് 'കാന്ത'. രണ്ടു പ്രമുഖ കലാകാരന്മാർക്കിടയിലെ ഈഗോയും മറ്റുമാണ് ചിത്രത്തിന്റെ കഥാതന്തു.
തമിഴ് സിനിമയുടെ ആദ്യത്തെ സൂപ്പർസ്റ്റാറായി പരക്കെ കണക്കാക്കപ്പെടുന്ന എം.കെ. ത്യാഗരാജ ഭാഗവതരുടെ ഉയർച്ചയും തകർച്ചയും ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം, ത്യാഗരാജ ഭാഗവതരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചു എന്ന് ആരോപിച്ച് ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ചെറുമകൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കാന്ത സിനിമ പൂർണമായും സാങ്കൽപ്പികമാണെന്നും യഥാർഥ ജീവിതത്തിലെ ഒരു വ്യക്തിയെയും അടിസ്ഥാനപ്പെടുത്തിയതല്ലെന്നും ദുൽഖർ മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

