ബോളിവുഡ് നടൻ പ്രേം ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആശങ്കപ്പെടാനില്ലെന്ന് കുടുംബം
text_fieldsമുതിർന്ന ബോളിവുഡ് നടൻ പ്രേം ചോപ്രയെ നെഞ്ചിലെ അസ്വസ്ഥതയെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തെ ചികിത്സക്ക് ശേഷം നടൻ സുഖം പ്രാപിച്ചു വരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രേം ചോപ്രയുടെ മരുമകനായ വികാസ് ഭല്ല ഈ വാർത്ത സ്ഥിരീകരിക്കുകയും, ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഉറപ്പ് നൽകുകയും ചെയ്തു. പ്രേം ചോപ്ര നിലവിൽ മെഡിക്കൽ നിരീക്ഷണത്തിലാണ്. ഇത് പ്രായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്നും, ആശങ്കപ്പെടാൻ ഒന്നുമില്ല എന്നും ഭല്ല കൂട്ടിച്ചേർത്തു.
“രണ്ട് ദിവസം മുമ്പാണ് പ്രേം ചോപ്ര ജിയെ കുടുംബ കാർഡിയോളജിസ്റ്റ് ഡോ. നിതിൻ ഗോഖലെയുടെ കീഴിൽ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും, വൈറൽ അണുബാധയും ശ്വാസകോശ അണുബാധയും ഉണ്ട്. ഞങ്ങൾ ചികിത്സിക്കുന്ന സംഘത്തിലെ ഡോക്ടറാണ് ഞാനും. അദ്ദേഹം ഐ.സിയുവിലല്ല, വാർഡിലാണ് ഉള്ളത്. അദ്ദേഹത്തിന്‍റെ നില ഗുരുതരമല്ലെന്ന്” ഡോക്ടർ ജലീൽ പാർക്കർ പറഞ്ഞു.
89 വയസ്സാണ് പ്രേം ചോപ്രക്ക്. ദേശീയ അവാർഡ് നേടിയ ചൗധരി കർണൈൽ സിങ് (1960) എന്ന പഞ്ചാബി ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. തന്‍റെ അഭിനയപാടവം കൊണ്ടും മികച്ച സ്ക്രീൻ സാന്നിധ്യം കൊണ്ടും അദ്ദേഹം പെട്ടെന്നുതന്നെ ഹിന്ദി സിനിമയിൽ ശ്രദ്ധേയനായി. പ്രതിനായക വേഷങ്ങളിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നതെങ്കിലും കോമഡി ചിത്രങ്ങളിലും അദ്ദേഹം പ്രശംസ നേടി. ബോബി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ഐക്കോണിക് ഡയലോഗായ പ്രേം നാം ഹേ മേരാ...പ്രേം ചോപ്ര! ഇന്നും സിനിമാ പ്രേമികൾക്കിടയിൽ സജീവമാണ്.
ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ കരിയറിൽ, രാജ് കപൂർ, ദേവ് ആനന്ദ്, ദിലീപ് കുമാർ, ധർമേന്ദ്ര, രാജേഷ് ഖന്ന, അമിതാഭ് ബച്ചൻ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം 300ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഷഹീദ് (1965), ഉപ്കാർ (1967), ദോ രാസ്‌തേ (1969), കടി പതങ് (1970), ബോബി (1973), ദോ അൻജാനേ (1976), ദോസ്താന (1980), ക്രാന്തി (1981) എന്നിവയുൾപ്പെടെ നിരവധി ക്ലാസിക് ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ പ്രകടനങ്ങൾ ശ്രദ്ധേയമാണ്. 1970കളിലാണ് പ്രേം ചോപ്ര പ്രധാനമായും വില്ലൻ വേഷങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ധീരവും എന്നാൽ ആകർഷകവുമായ അദ്ദേഹത്തിൻ്റെ വില്ലൻ കഥാപാത്രങ്ങൾ അക്കാലത്തെ ബോളിവുഡ് സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

