‘എന്റെ പേര് വിളിച്ചു, പക്ഷെ എനിക്ക് മെമെന്റോ ഇല്ലായിരുന്നു, കരയാതിരിക്കാൻ അവിടുന്ന് ഇറങ്ങി ഓടി’; കയ്പ്പേറിയ ഡബ്ബിങ് ഓർമ പങ്കുവെച്ച് ഭാഗ്യലക്ഷ്മി
text_fieldsഎൺപതുകളും തൊണ്ണൂറുകളും മലയാള സിനിമയുടെ സുവർണ്ണകാലമായിരുന്നു. ആ കാലഘട്ടത്തിൽ മലയാളികൾ നെഞ്ചിലേറ്റിയ ഭൂരിഭാഗം നായികമാരുടെയും ശബ്ദം ഭാഗ്യലക്ഷ്മിയുടേതായിരുന്നു. പത്താം വയസ്സിലാണ് ഭാഗ്യലക്ഷ്മി ഡബ്ബിങ് രംഗത്തേക്ക് എത്തുന്നത്. 'അപരാധി' എന്ന ചിത്രത്തിലൂടെയാണ് അവർ ഈ രംഗത്ത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. തുടക്കകാലത്ത് കുട്ടികൾക്കും സഹനടികൾക്കും ശബ്ദം നൽകിക്കൊണ്ടായിരുന്നു തുടക്കം. തുടക്കകാലത്ത് ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് സിനിമയുടെ ടൈറ്റിൽ കാർഡിൽ പേര് വെക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല.
ഇപ്പോഴിതാ ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. 1983ൽ ചെന്നൈ വുഡ്‌ലാൻഡ്‌സ് ഹോട്ടലിൽ വെച്ച് നടന്ന 'താളം തെറ്റിയ താരാട്ട്' എന്ന സിനിമയുടെ നൂറാം ദിന ആഘോഷത്തിനിടയിലുണ്ടായ ഒരു വേദനാജനകമായ സംഭവമാണ് താരം പങ്കുവെക്കുന്നത്.
മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേം നസീർ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന ആ വേദിയിലേക്ക് വലിയ പ്രതീക്ഷകളോടെയാണ് ഞാൻ എത്തിയത്. എന്‍റെ പേര് വിളിച്ചെങ്കിലും അവർ എനിക്ക് പുരസ്കാരം തന്നില്ല. സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങിനിൽക്കുന്ന നായികമാർക്ക് സ്വന്തം ശബ്ദം നൽകി അവരെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നവരാണ് ഡബ്ബിങ് ആർട്ടിസ്റ്റുകൾ. എന്നാൽ ഒരു കാലത്ത് അർഹിച്ച അംഗീകാരങ്ങളോ ആദരവോ അവർക്ക് ലഭിച്ചിരുന്നില്ല എന്നതിന്റെ നേർസാക്ഷ്യമാണ് ഭാഗ്യലക്ഷ്മി ഓർത്തെടുക്കുന്ന ഈ അനുഭവം.
കുറിപ്പിന്‍റെ പൂർണരൂപം
പഴയ ആൽബം പൊടിതട്ടുമ്പോൾ ഓർമ്മകൾ കൂടിയാണ് പൊടിതട്ടി എടുക്കുന്നത്...
1983...chennai woodlands Hotel.. 6മണി.
"താളം തെറ്റിയ താരാട്ട്" എന്ന സിനിമയുടെ 100 ആം ദിവസം ആഘോഷം.. ആദ്യമായി ഡബ്ബിങ് ആർട്ടിസ്റ്കൾക്കും MEMENTO കൊടുക്കുന്നു വരണം എന്ന ക്ഷണം സ്വീകരിച്ച്
ഞാനും വല്യമ്മയും എത്തി.. നസീർ സാറാണ് പുരസ്‌കാരം നൽകുന്നത്.. കടും നീല നിറത്തിൽ പട്ട് പാവാടയും മാമ്പഴ നിറത്തിൽ ദാവണിയും, തലയിൽ മുല്ലപ്പോവും ചൂടി.. ആദ്യമായി സ്റ്റേജിൽ കയറാൻ പോകുന്നതിന്റെ
സന്തോഷവും നെഞ്ചിടിപ്പുമായി എന്നെ വേദിയിലേക്ക് വിളിക്കാൻ കാത്തിരുന്നു.. മൂന്നു നായികമാരായ
ലക്ഷ്മിക്കു കോട്ടയം ശാന്തയും, മേനകക്ക് ലിസ്സിയും ഞാൻ സത്യകലക്കും ശബ്ദം നൽകിയിരുന്നു... അവർ രണ്ടുപേരുടെയും പേര് വിളിച്ചു... എന്റെ പേര് വിളിച്ചു.. പക്ഷെ എനിക്ക് Memento ഇല്ല....കരയാതിരിക്കാൻ അവിടെനിന്ന് ഇറങ്ങി ഓടി.. ആ ഓർമയാണ് ഈ ഫോട്ടോസ്... ഓർക്കുമ്പോ ഇപ്പോഴും കണ്ണ് നിറയും...
ബാക്കി എന്റെ അടുത്ത പുസ്തകം "ശബ്ദരേഖയിൽ" വരും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

