Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കൂടെ നിന്നവർക്കെല്ലാം നന്ദി, ഈ പ്രതിസന്ധി ഞാൻ അതിജീവിക്കും’; കീമോയുടെ രണ്ടാം ഘട്ടത്തിലാണെന്ന് നടി ഉമ ശങ്കരി

text_fields
bookmark_border
Uma Sankari
cancel
camera_alt

ഉമ ശങ്കരി

മലയാളം, തമിഴ്, തെലുങ്ക് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഉമ ശങ്കരി. ദിലീപ് നായകനായ 'കുബേരൻ' എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഈ താരം, ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയൊരു പ്രതിസന്ധിയെ ധീരമായി നേരിടുകയാണ്. സ്തനാർബുദ രോഗനിർണ്ണയത്തിന് ശേഷം ചികിത്സയുടെ ഓരോ ഘട്ടവും പിന്നിടുന്ന ഉമ, തന്റെ ആരോഗ്യവിവരങ്ങൾ ആരാധകരുമായി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

കീമോതെറാപ്പിയുടെയും ഇമ്മ്യൂണോ തെറാപ്പിയുടെയും രണ്ടാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ദിവസേനയുള്ള ചികിത്സാക്രമങ്ങളിലൂടെയാണ് താരം കടന്നുപോകുന്നത്. ഈ കഠിനമായ ദിവസങ്ങളെ എങ്ങനെ അതിജീവിക്കണമെന്ന് താൻ പഠിക്കുകയാണെന്ന് ഉമ പറയുന്നു.

‘കീമോ/ഇമ്മ്യൂണോയുടെ രണ്ടാം ഘട്ടമാണ്. ഞാൻ ഓരോ ദിവസവും മുന്നോട്ട് പോകുന്നു. കഠിനമായ ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പഠിക്കുകയാണ്. എനിക്ക് ശക്തി തോന്നുന്ന ദിവസങ്ങള്‍ ആഘോഷിക്കുന്നു. എപ്പോഴും എന്നോടൊപ്പം നിന്ന കുടുംബത്തിനും, സ്നേഹവും പിന്തുണയും നൽകുന്ന ആരാധകർക്കും നന്ദി. ഞാൻ എന്റെ ഭാഗം ചെയ്യുന്നു, സുഖം പ്രാപിക്കുന്നു, ഒപ്പം പുരോഗതിയിൽ ശ്രദ്ധയൂന്നുന്നു. പുരോഗതി പരിപൂർണമല്ല, പക്ഷേ അത് യാഥാർഥ്യമാണ്’ ഉമ കുറിച്ചു.

രോഗം സ്ഥിരീകരിച്ച വാർത്ത വലിയ മാനസികാഘാതമാണ് ഉമക്ക് നൽകിയത്. അപ്രതീക്ഷിതമായി എത്തിയ ഈ വിധിയിൽ ആദ്യം തകർന്നുപോയെങ്കിലും, പിന്നീട് ആത്മവിശ്വാസത്തോടെ പോരാടാൻ തീരുമാനിക്കുകയായിരുന്നു. ‘എന്തുകൊണ്ട് ഇപ്പോൾ? എന്തുകൊണ്ട് എനിക്ക്? ഇനി എന്റെ ഭാവി എന്താകും? എന്നൊക്കെയായിരുന്നു ആദ്യം ഉയർന്ന ചോദ്യങ്ങൾ. എന്നാൽ, കുടുംബത്തിന്റെ പിന്തുണയും പ്രാർഥനയും തനിക്ക് വലിയ കരുത്തായെന്ന് താരം പറയുന്നു. ഭർത്താവ് ദുഷ്യന്തിനും മകനും നൽകുന്ന പിന്തുണക്കും ഉമ നന്ദി രേഖപ്പെടുത്തി. വിധിക്ക് മുന്നിൽ തോറ്റുകൊടുക്കാൻ തയാറല്ലെന്നും പൂർണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും താരം ഉറപ്പിച്ചു പറയുന്നു.

2000ൽ 'വീരനാടായ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉമ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അതേ വർഷം തന്നെ വാനവിൽ എന്ന ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ നിറസാന്നിധ്യമായി മാറിയ താരം, 2002ൽ സുന്ദർ ദാസ് സംവിധാനം ചെയ്ത കുബേരൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. കുടകത്തി പെൺകുട്ടിയായി വേഷമിട്ട ഉമയെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

തുടർന്ന് വസന്തമാളിക, സഫലം, ഈ സ്നേഹതീരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മുപ്പതിലധികം സിനിമകളിൽ വേഷമിട്ട ഉമ, 2006ൽ സോഫ്റ്റ്‌വെയർ എൻജിനീയറായ എച്ച്. ദുഷ്യന്തിനെ വിവാഹം ചെയ്തതിന് ശേഷം അഭിനയരംഗത്ത് നിന്ന് ചെറിയൊരു ഇടവേളയെടുത്തു. 2012ൽ സീരിയലുകളിലൂടെ തിരിച്ചെത്തിയ താരം, പിന്നീട് ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടു. 2022ൽ പുറത്തിറങ്ങിയ അജിത്ത് ചിത്രം 'വലിമൈ' ആണ് ഉമ അഭിനയിച്ച അവസാന സിനിമ.

കന്നട സംവിധായകൻ ഡി. രാജേന്ദ്ര ബാബുവിന്റെയും പ്രശസ്ത നടി സുമിത്രയുടെയും മകളാണ് ഉമ. ഉമയുടെ ഇളയ സഹോദരി നക്ഷത്രയും അഭിനേത്രിയാണ്. അർബുദത്തിനെതിരെ പോരാടുന്ന പ്രിയതാരത്തിന് വേണ്ടി പ്രാർഥനകളുമായും ആശംസകളുമായും സഹപ്രവർത്തകരും സിനിമാ പ്രേമികളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. തന്റെ മനോധൈര്യം കൊണ്ട് ഉമ ഈ പ്രതിസന്ധിയെയും അതിജീവിക്കുമെന്ന് തന്നെയാണ് ഏവരുടെയും വിശ്വാസം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Uma Sankari Opens Up About Cancer Battle
Next Story