Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right'കാൻസറല്ല,...

'കാൻസറല്ല, കീമോതെറാപ്പിയാണ് രോഗികളെ കൊല്ലുന്നത്'! യാഥാർഥ്യമെന്ത്?

text_fields
bookmark_border
കാൻസറല്ല, കീമോതെറാപ്പിയാണ് രോഗികളെ കൊല്ലുന്നത്! യാഥാർഥ്യമെന്ത്?
cancel

കോഴിക്കോട്: "ക്യാൻസർ കൊണ്ടല്ല, കീമോതെറാപ്പി കൊണ്ടാണ് ആളുകൾ മരിക്കുന്നത്." സമൂഹമാധ്യമങ്ങളിൽ എന്നും പ്രചാരത്തിലുള്ള ഒരു വാദമാണിത്. ക്യാൻസർ ബാധിതരെയും അവരുടെ കുടുംബാംഗങ്ങളെയും ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളിലൊന്നുമിതാണ്. തങ്ങളുടെ പ്രിയപ്പെട്ടവർ പെട്ടെന്നു മരിക്കാൻ ഇതു കാരണമാകുമോ എന്നുപോലും പലരും ഭയപ്പെടുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ഡോക്ടർമാർ കീമോതെറാപ്പി നിർദേശിക്കുമ്പോൾ രോഗികൾ ഈ സംശയം ഉന്നയിക്കാറുമുണ്ട്. അതിന്റെ ഫലമായി ചികിത്സ വൈകുകയോ, ചിലർ ചികിത്സ തന്നെ ഉപേക്ഷിക്കുകയോ ചെയ്യുന്നു. എന്നാൽ ഈ വാദത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി. ജോസഫ് പറയുന്നു. ഡോ. ജോജോ വി. ജോസഫിന്‍റെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്ന്

എന്താണ് കീമോതെറാപ്പി?

കീമോതെറാപ്പി എന്നാൽ അതിവേഗത്തിൽ വിഭജിക്കുന്ന ക്യാൻസർ കോശങ്ങളെ നശിപ്പിക്കുകയോ അവയുടെ വളർച്ച തടയുകയോ ചെയ്യുന്ന ചികിത്സയാണ്. ക്യാൻസർ കോശങ്ങളുടെ പ്രധാന സവിശേഷത അവ വളരെ വേഗത്തിൽ വളരുകയും വിഭജിക്കുകയും ചെയ്യുന്നു എന്നതാണ്. കീമോതെറാപ്പി എന്ന വാക്കിനേക്കാൾ 'സൈറ്റോടോക്സിക് കീമോതെറാപ്പി' എന്ന് പറയുന്നതാണ് ശരി. അതായത്, അപകടകാരികളായ കോശങ്ങളെ കെമിക്കൽ ഉപയോഗിച്ച് കൊല്ലുന്ന ചികിത്സ. ഇങ്ങനെ പെട്ടെന്നു വളരുന്ന കോശങ്ങളെ നശിപ്പിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ മുടിവേരുകൾ, വായുടെയും ദഹനനാളത്തിന്റെയും അകത്തെ പാളി, അസ്ഥിമജ്ജ എന്നിവയിലെ കോശങ്ങളും നശിപ്പിക്കപ്പെടാം. ഇത്തരം കോശങ്ങൾ നശിപ്പിക്കപ്പെടുമ്പോഴാണ് നമ്മൾ സാധാരണ കാണുന്ന പരാതികളൊക്കെ ഉണ്ടാവുന്നത്. മുടികൊഴിച്ചിൽ, ഛർദ്ദി, വയറിളക്കം, വായ്പുണ്ണ്, രക്താണുക്കളുടെ എണ്ണം കുറയൽ തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകുന്നത് താൽക്കാലികം മാത്രമാണ്. മരുന്നിന്റെ എഫക്റ്റ് തീരുന്നതോടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. എല്ലാ മരുന്നുകൾക്കും ഈ പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല; മരുന്നിനെ അപേക്ഷിച്ച് അത് വ്യത്യസ്തമായിരിക്കും.

എന്തിനാണ് കീമോ?

രോഗമുക്തി (ലിംഫോമ, ടെസ്റ്റിക്കുലർ ക്യാൻസർ, ലുക്കീമിയ), ശസ്ത്രക്രിയയ്ക്ക് മുമ്പ് ട്യൂമർ ചെറുതാക്കൽ, ശസ്ത്രക്രിയയ്ക്ക് ശേഷം ക്യാൻസർ കോശങ്ങളെ നശിപ്പിക്കൽ, ലക്ഷണങ്ങളെ കുറച്ച് ആയുസ്സ് വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കീമോ നൽകുന്നത്. രോഗം ഭേദമാകാനുള്ള സാധ്യത, ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നിവയും ചികിത്സയുടെ അപകടസാധ്യതയും തമ്മിലുള്ള റിസ്ക്-ബെനിഫിറ്റ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കീമോ തീരുമാനിക്കുക. ക്യാൻസർ നാലാമത്തെ സ്റ്റേജിൽ എത്തിനിൽക്കുമ്പോഴാണ് പലിയേറ്റീവ് കീമോതെറാപ്പി നൽകുക. രോഗിയുടെ ആയുസ്സ് പരമാവധി നീട്ടിക്കൊണ്ടുപോകുക എന്നത് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ക്യാൻസറിന് നിലവിൽ ലഭ്യമായ ഏറ്റവും നല്ല ചികിത്സ കീമോതെറാപ്പിയാണ്.

അപകടസാധ്യത

മറ്റ് ചികിത്സകളെപ്പോലെ കീമോതെറാപ്പിക്കും അപകടസാധ്യതകളുണ്ട്. രോഗിക്ക്, ശരിയായ സമയത്ത്, ശരിയായ രീതിയിൽ നൽകിയാൽ ജീവൻ രക്ഷിക്കാനും രോഗമുക്തി നേടിക്കൊടുക്കാനും കഴിയുന്ന ചികിത്സയാണിത്. അപൂർവമായി കീമോതെറാപ്പിയുമായി ബന്ധപ്പെട്ട ഗുരുതര സങ്കീർണതകൾ ഉണ്ടാകാമെന്നത് സത്യമാണ്.

* സ്റ്റേജ് ഒന്നിൽ കീമോതെറാപ്പിയുടെ അപകടസാധ്യത 0.5 ശതമാനമാണ്. കീമോ എടുത്തില്ലെങ്കിൽ അഞ്ചുവർഷത്തിനുള്ളിൽ 20 ശതമാനം പേരും മരിക്കും.

* സ്റ്റേജ് രണ്ടിൽ അപകടസാധ്യത ഒരു ശതമാനമാണ്. എന്നാൽ എടുത്തില്ലെങ്കിൽ 40 ശതമാനം പേരും അഞ്ചുവർഷത്തിനകം മരിക്കും.

* സ്റ്റേജ് മൂന്നിൽ അപകടസാധ്യത രണ്ടു ശതമാനമാണ്. കീമോ എടുത്തില്ലെങ്കിൽ അഞ്ചുവർഷത്തിനകം 70 ശതമാനം പേരും മരിക്കും.

* സ്റ്റേജ് നാലിൽ അപകടസാധ്യത മൂന്ന് ശതമാനമാണ്. കീമോ എടുത്തില്ലെങ്കിൽ 99.99 ശതമാനവും മരിക്കും.

മരണം എന്തുകൊണ്ട്?

ചിലരിൽ രോഗം തന്നെ ചികിത്സയെ പ്രതിരോധിച്ചേക്കാം. ഒന്നാം സ്റ്റേജിൽ തന്നെ കീമോ തുടരുന്നതിനിടെ രോഗം മൂർച്ഛിച്ചു മരിക്കാം. ചിലർ രണ്ട്, മൂന്ന് സ്റ്റേജിലെത്തുമ്പോഴേക്കും രോഗം വളരെ വ്യാപിച്ച അവസ്ഥയിലായിരിക്കും. ചിലർക്ക് ഗുരുതരമായ അണുബാധയോ ആരോഗ്യപ്രശ്നങ്ങളോ കാരണം ക്ഷീണിതരായിരിക്കും. അത്തരം സാഹചര്യങ്ങളിൽ മരണം സംഭവിച്ചേക്കാം. "കീമോതെറാപ്പി എടുത്ത ശേഷം മരിച്ചു" എന്നത് "കീമോതെറാപ്പി കൊണ്ടാണ് മരിച്ചത്" എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നു.

പാർശ്വഫലങ്ങൾ

എല്ലാ കീമോ മരുന്നുകൾക്കും ഒരേ പാർശ്വഫലങ്ങളല്ല. മിക്ക പാർശ്വഫലങ്ങളും താൽക്കാലികമാണ്. ചികിത്സ പൂർത്തിയായാൽ മുടി വീണ്ടും വളരും, അസ്ഥിമജ്ജയുടെ പ്രവർത്തനം സാധാരണ നിലയിലാകും, രക്താണുക്കളുടെ എണ്ണം തിരിച്ചുവരും. ഇന്ന് ഈ പാർശ്വഫലങ്ങളെ നിയന്ത്രിക്കാൻ ഫലപ്രദമായ മരുന്നുകളും ചികിത്സാരീതികളും ലഭ്യമാണ്. സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങൾ വിശ്വസിച്ച് ചികിത്സ വൈകിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് രോഗിക്ക് വലിയ ദോഷം ചെയ്യും. ഓങ്കോളജിസ്റ്റിന്റെ ശാസ്ത്രീയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ക്യാൻസർ ചികിത്സയെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കേണ്ടത്. അതാണ് രോഗിയുടെയും കുടുംബത്തിന്റെയും സുരക്ഷിതമായ വഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CancerChemotherapyLifestylehealthnews
News Summary - Chemo kills patients; what is the fact?
Next Story