ഫിലിംഫെയർ അവാർഡ് പണം കൊടുത്ത് വാങ്ങിയതോ? ആരോപണങ്ങൾക്ക് മറുപടിയുമായി അഭിഷേക് ബച്ചൻ
text_fieldsഅഭിഷേക് ബച്ചൻ
അവാർഡുകൾ വില കൊടുത്ത് വാങ്ങുന്നതാണെന്നും പി.ആർ വഴിയാണ് ഇന്നും സിനിമയിൽ നിലനിൽക്കുന്നത് എന്ന വിമർശത്തിന് ചുട്ട മറുപടി നൽകി നടൻ അഭിഷേക് ബച്ചൻ. അടുത്തിടെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടിയ ബോളിവുഡ് താരം അഭിഷേക് ബച്ചൻ താൻ അവാർഡ് പണം കൊടുത്ത് വാങ്ങിയതാണെന്ന ആരോപണത്തിന് ശക്തമായ മറുപടി നൽകി. ഷൂജിത് സിർകാർ സംവിധാനം ചെയ്ത 'ഐ വാണ്ട് ടു ടോക്ക്' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അഭിഷേക് ബച്ചന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചത്. ഈ വിജയത്തിന് പിന്നാലെയാണ് ഒരു സോഷ്യൽ മീഡിയ യൂസർ അഭിഷേകിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
‘അഭിഷേക് സൗഹൃദമുള്ള വ്യക്തിയാണെങ്കിലും, അവാർഡുകൾ പണം കൊടുത്ത് വാങ്ങിയും പി.ആർ തന്ത്രങ്ങൾ ഉപയോഗിച്ചുമാണ് അദ്ദേഹം സിനിമയിൽ പ്രസക്തനായി നിൽക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിൽ ഒറ്റക്കൊരു സൂപ്പർഹിറ്റ് പോലും ഇല്ല. പണം വാങ്ങിയ ഏതാനും നിരൂപകർ അല്ലാതെ മറ്റാരും കാണാത്ത ഒരു ചിത്രത്തിനാണ് ഈ വർഷം അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. 2025 അദ്ദേഹത്തിന്റെ വർഷമാണെന്ന് പറയുന്ന ഈ ട്വീറ്റുകൾ കാണുമ്പോൾ ചിരി വരുന്നു. അദ്ദേഹത്തേക്കാൾ മികച്ച നടന്മാരുണ്ട്. അവർ കൂടുതൽ അംഗീകാരത്തിനും വർക്കിനും അർഹരാണ്. പക്ഷേ അവർക്ക് പി.ആർ ബുദ്ധിയോ പണമോ ഇല്ല’ എന്നായിരുന്നു അഭിഷേകിനെതിരെ ഉയർന്ന വിമർശനം.
‘കൃത്യമായ കാര്യങ്ങൾ ഞാൻ ഇവിടെ വ്യക്തമാക്കട്ടെ. ഞാനോ എന്റെ ടീമോ ഒരു അവാർഡും ഇന്നുവരെ പണം കൊടുത്ത് വാങ്ങിയിട്ടില്ല. പി.ആർ തന്ത്രങ്ങൾ ഉപയോഗിച്ചിട്ടുമില്ല. കഠിനാധ്വാനവും, കണ്ണീരും മാത്രമാണ് എന്റെ ഈ നേട്ടങ്ങൾക്ക് പിന്നിൽ. എങ്കിലും ഞാൻ പറയുന്നതോ എഴുതുന്നതോ നിങ്ങൾ വിശ്വസിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട്, നിങ്ങളെ നിശ്ശബ്ദനാക്കാനുള്ള ഏറ്റവും നല്ല വഴി എന്റെ ഭാവി നേട്ടങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഒരു സംശയവും ഉണ്ടാകാത്ത രീതിയിൽ ഇതിലും കഠിനമായി പ്രവർത്തിക്കുക എന്നതാണ്. ഞാൻ നിങ്ങൾക്ക് തെളിയിച്ചു തരും! എല്ലാ ബഹുമാനത്തോടെയും സൗഹൃദത്തോടെയും എന്നായിരുന്നു അഭിഷേക് ബച്ചന്‍റെ മറുപടി. തന്റെ 25 വർഷത്തെ കഠിനാധ്വാനത്തെ ചോദ്യം ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും അഭിഷേക് വ്യക്തമാക്കി. താരത്തിന്‍റെ മറുപടി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് പിന്തുണയുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

