ജയ ബച്ചൻ എപ്പോഴും ദേഷ്യപ്പെടുന്നതിന് കാരണമുണ്ട്; അഭിഷേക് ബച്ചനും ശ്വേതയും പറയുന്നു...
text_fieldsജയ ബച്ചനും കുടുംബവും
മുതിർന്ന നടിയും സമാജ്‌വാദി പാർട്ടി എം.പിയുമായ ജയ ബച്ചൻ പൊതുസ്ഥലങ്ങളിൽ പലപ്പോഴും കടുത്ത ഭാഷയിൽ പ്രതികരണങ്ങൾ നടത്താറുണ്ട്. താരത്തിന്‍റെ ഇത്തരം പ്രതികരണങ്ങൾ വാർത്തകളും വിവാദങ്ങളും ആകാറുമുണ്ട്. എന്നാൽ ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ജയ ബച്ചന്‍റെ മക്കളായ ശ്വേതയും അഭിഷേക് ബച്ചനും. ഒരുതരം ഭയമാണ് ജയ ബച്ചൻ ഇങ്ങനെ പ്രതികരിക്കാൻ കാരണമെന്നാണ് അവർ പറയുന്നത്.
കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ സംസാരിക്കവെ ജയ ബച്ചന് ഒരു തരത്തിലുള്ള ദേഷ്യ പ്രശ്‌നവുമില്ലെന്ന് അഭിഷേകും ശ്വേതയും വ്യക്തമാക്കി. ജയ ബച്ചന് ക്ലസ്‌ട്രോഫോബിയ ഉണ്ടെന്ന് അവർ പറഞ്ഞു. ചുറ്റും ധാരാളം ആളുകൾ ഉള്ളപ്പോൾ അവർ ക്ലസ്‌ട്രോഫോബിയ അനുഭവിക്കുന്നു. ആളുകൾ തന്നോട് ചോദിക്കാതെ തന്റെ ചിത്രങ്ങൾ എടുക്കുന്നതും ജയ ബച്ചന് ഇഷ്ടമല്ലെന്നും അവർ പറഞ്ഞു.
കുടുംബം ഒരുമിച്ച് പുറത്തിറങ്ങുമ്പോഴെല്ലാം, മാധ്യമങ്ങള്‍ ഉണ്ടാകരുതെന്ന് അവര്‍ നിശബ്ദമായി പ്രാർഥിക്കാറുണ്ടെന്നും അഭിഷേക് പറഞ്ഞു. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ തന്നോടൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ഒരാളോട് ജയ ബച്ചൻ ദേഷ്യപ്പെട്ടത് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട വിഡിയോയിൽ, നടി ഫോട്ടോ എടുക്കാൻ ശ്രമിച്ച വ്യക്തിയെ തള്ളിമാറ്റി 'നിങ്ങൾ എന്താണ് ചെയ്യുന്നത്?' എന്ന് ചോദിക്കുന്നുണ്ട്.
അതേസമയം, ജയ ബച്ചന്റെ പ്രതികരണത്തിനെതിരെ കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണ ജയ ബച്ചനെ വിമർശിച്ചത്. അമിതാഭ് ബച്ചന്‍റെ ഭാര്യയായതിനാൽ ആളുകൾ അവരുടെ കോപവും വിഡ്ഢിത്തങ്ങളും സഹിക്കുന്നു എന്നാണ് കങ്കണ എഴുതിയത്. ചലച്ചിത്ര നിർമാതാവ് അശോക് പണ്ഡിറ്റും ജയ ബച്ചനെ വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

