ബത്തേരിയിൽ അട്ടിമറിയോ ഹാട്രിക്കോ?
text_fieldsസുൽത്താൻ ബത്തേരി: മണ്ഡലത്തിൽ ഇത്തവണ അട്ടിമറി വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. എന്നാൽ, ഹാട്രിക് വിജയം നേടുമെന്ന് യു.ഡി.എഫ് ക്യാമ്പ് ഉറച്ചുവിശ്വസിക്കുന്നു. ഏതായാലും ഇനിയുള്ള രണ്ടുനാൾ ആകാംക്ഷയുടേതാണ്. അമിത് ഷായെ ഇറക്കി പ്രചാരണം നടത്തിയ എൻ.ഡി.എയും ഫലത്തിനായി കാത്തിരിക്കുന്നു. ഇടതു, വലത് മുന്നണികൾ ഇത്തവണ വമ്പിച്ച പ്രചാരണമാണ് നടത്തിയത്.
കോവിഡിനെ വകവെക്കാതെ ഗ്രാമങ്ങളിൽപോലും സ്ഥാനാർഥികൾ വോട്ടു തേടി എത്തി. ഏഴു തദ്ദേശസ്ഥാപനങ്ങളിലെ നൂറുകണക്കിന് ആദിവാസി കോളനികളിൽ ഒട്ടുമിക്കതിലും നേരിട്ട് ചെല്ലാനായത് സ്ഥാനാർഥികൾ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.
പരമ്പരാഗത പാർട്ടി പ്രവർത്തകർ നിരവധി ഉണ്ടായിട്ടും അവരെ തഴഞ്ഞ് കെ.പി.സി.സി ജനറൽ സെക്രട്ടറിയെ റാഞ്ചിയെടുത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയപ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. അതേസമയം, യു.ഡി.എഫ് ബി.ജെ.പിയുമായി വോട്ടു കച്ചവടം നടത്തിയെന്ന ആക്ഷേപവുമായി തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ എൽ.ഡി.എഫ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച നേതാക്കൾ രംഗത്തുവന്നിരുന്നു.
തോൽവി മുന്നിൽ കണ്ടുള്ള ജാമ്യമെടുക്കലാണിതെന്ന മറുപടിയുമായി യു.ഡി.എഫും തിരിച്ചടിച്ചു. ബി.ജെ.പിയും ഇതേ അഭിപ്രായമാണ് ഉന്നയിച്ചത്. സി.കെ. ജാനുവിനെ എൻ.ഡി.എ സ്ഥാനാർഥിയാക്കുന്നതിനെ തുടക്കത്തിൽ പ്രവർത്തകർ എതിർത്തു.
പ്രചാരണ ഘട്ടത്തിലും നേതാക്കൾക്ക് ചിലയിടങ്ങളിൽ പ്രവർത്തകരെ പറഞ്ഞു മനസ്സിലാക്കാൻ പാടുപെടേണ്ടി വന്നിട്ടുണ്ട്. 2016ൽ ജാനു നേടിയത് 27920 വോട്ടുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.