Begin typing your search above and press return to search.
proflie-avatar
Login

തി​​രു​​വി​​താം​​കൂ​​റി​​ലെ പ​​ഞ്ച​​മ ത​​മ്പി​​രാ​​ൻ

തി​​രു​​വി​​താം​​കൂ​​റി​​ലെ പ​​ഞ്ച​​മ ത​​മ്പി​​രാ​​ൻ
cancel

പു​​ല​​യ​​രു​​ടെ ഒ​​രു ഉ​​പ​​ജാ​​തി​​യാ​​ണ് തി​​രു​​വി​​താം​​കൂ​​റി​​ലെ ‘വ​​ള്ളു​​വ​​ർ’ എ​​ന്ന് എ​​ഡ്ഗ​​ർ ത​​ഴ്സ്റ്റ​​ൻ പ​​റ​​യു​​ന്ന​​ത് 1901ലെ ​​തി​​രു​​വി​​താം​​കൂ​​ർ സെ​​ൻ​​സ​​സ് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ്(1) 1891ലെ ​​മ​​ദ്രാ​​സ് സെ​​ൻ​​സ​​സ് റി​​പ്പോ​​ർ​​ട്ടി​​ൽ അ​​വ​​ർ പ​​റ​​യ​​രു​​ടെ ഉ​​പ​​ജാ​​തി​​യാ​​ണെ​​ന്നും പ​​റ​​യു​​ന്നു​​ണ്ട്​ ത​​ഴ്സ്റ്റ​​ൻ അ​​വി​​ട​​ത്ത​​ന്നെ. അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ഈ ​​പു​​സ്ത​​കം 1909ൽ ​​പു​​റ​​ത്തി​​റ​​ങ്ങി ര​​ണ്ടു​​കൊ​​ല്ലം ക​​ഴി​​ഞ്ഞ​​പ്പോ​​ഴാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ടി.​​വി. ത​​മ്പി​​രാ​​ൻ (Thumberan/iran) എ​​ന്ന...

Your Subscription Supports Independent Journalism

View Plans

പു​​ല​​യ​​രു​​ടെ ഒ​​രു ഉ​​പ​​ജാ​​തി​​യാ​​ണ് തി​​രു​​വി​​താം​​കൂ​​റി​​ലെ ‘വ​​ള്ളു​​വ​​ർ’ എ​​ന്ന് എ​​ഡ്ഗ​​ർ ത​​ഴ്സ്റ്റ​​ൻ പ​​റ​​യു​​ന്ന​​ത് 1901ലെ ​​തി​​രു​​വി​​താം​​കൂ​​ർ സെ​​ൻ​​സ​​സ് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ്(1) 1891ലെ ​​മ​​ദ്രാ​​സ് സെ​​ൻ​​സ​​സ് റി​​പ്പോ​​ർ​​ട്ടി​​ൽ അ​​വ​​ർ പ​​റ​​യ​​രു​​ടെ ഉ​​പ​​ജാ​​തി​​യാ​​ണെ​​ന്നും പ​​റ​​യു​​ന്നു​​ണ്ട്​ ത​​ഴ്സ്റ്റ​​ൻ അ​​വി​​ട​​ത്ത​​ന്നെ. അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ഈ ​​പു​​സ്ത​​കം 1909ൽ ​​പു​​റ​​ത്തി​​റ​​ങ്ങി ര​​ണ്ടു​​കൊ​​ല്ലം ക​​ഴി​​ഞ്ഞ​​പ്പോ​​ഴാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ടി.​​വി. ത​​മ്പി​​രാ​​ൻ (Thumberan/iran) എ​​ന്ന വ​​ള്ളു​​വ വി​​ദ്യാ​​ർ​​ഥി ഒ​​രു സ്കോ​​ള​​ർ​​ഷി​​പ്പി​​നാ​​യി തി​​രു​​വി​​താം​​കൂ​​ർ സ​​ർ​​ക്കാ​​റി​​ലേ​​ക്ക് അ​​പേ​​ക്ഷ ന​​ൽ​​കു​​ന്ന​​ത്. തു​​ട​​ർ​​ന്നു​​ണ്ടാ​​യ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളും ത​​ട​​സ്സ​​ങ്ങ​​ളും പ്രോ​​ത്സാ​​ഹ​​ന​​ങ്ങ​​ളും അ​​യാ​​ളു​​ടെ അ​​ടു​​ത്ത വി​​ദ്യാ​​ഭ്യാ​​സ ജീ​​വി​​ത​​ഘ​​ട്ട​​ങ്ങ​​ളു​​മാ​​ണ് ഈ ​​ലേ​​ഖ​​ന​​ത്തി​​ന്റെ പ്ര​​മേ​​യം.

തി​​രു​​വി​​താം​​കൂ​​റി​​ലെ ആ​​ദ്യ ദ​​ലി​​ത് ബി​​രു​​ദ​​ധാ​​രി​​യാ​​ണ​​യാ​​ൾ എ​​ന്നു​​ക​​രു​​താം. ഇ​​വി​​ടെ മു​​ഖ്യ​​മാ​​യ​​ത്, അ​​യാ​​ൾ പ​​ഠി​​ച്ച തി​​രു​​വ​​ന​​ന്ത​​പു​​രം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ അ​​ധി​​കാ​​രി​​ക​​ളെ​​ല്ലാം ഒ​​രേ​ സ്വ​​ര​​ത്തി​​ൽ ന​​ൽ​​കു​​ന്ന സ്വ​​ഭാ​​വ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളാ​​ണ്. ഒ​​​രു വി​​ശി​​ഷ്ട​വ്യ​​ക്തി​​യാ​​ണ് ത​​ങ്ങ​​ളു​​ടെ ഈ ​​വി​​ദ്യാ​​ർ​​ഥി​​യെ​​ന്നും അ​​വ​​ന് ഉ​​ന്ന​​ത​​മാ​​യ ഭാ​​വി​​യു​​ണ്ടെ​​ന്നും സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ​​വ​​ർ! ദ​​ലി​​ത് കു​​ട്ടി​​ക​​ൾ​​ക്ക് പോ​​ത്തി​​ന്റെ ഗ്ര​​ഹ​​ണ​​ശേ​​ഷി​​യേ ഉ​​ള്ളൂ​​വെ​​ന്നും അ​​വ​​രെ സ​​വ​​ർ​​ണ കു​​ട്ടി​​ക​​ളോ​​ടൊ​​പ്പ​​മി​​രു​​ത്തി പ​​ഠി​​പ്പി​​ക്ക​​രു​​തെ​​ന്നും ബു​​ദ്ധി​​ജീ​​വി​​ക​​ൾ ഉ​​ദ്ബോ​​ധി​​പ്പി​​ച്ചി​​രു​​ന്ന അ​​തേ ന​​ഗ​​ര​​ത്തി​​ലും അ​​തേ കാ​​ല​​ത്തു​​മാ​​ണ് ഈ ​​സം​​ഭ​​വം എ​​ന്ന​​താ​​ണ് ന​​മ്മു​​ടെ അ​​ടു​​ത്ത ശ്ര​​ദ്ധാ​​വി​​ഷ​​യം. സ്കൂ​​ൾ ​പ്ര​​വേ​​ശ​​ന​​ത്തി​​ന് ചെ​​ല്ലു​​ന്ന ദ​​ലി​​ത് കു​​ട്ടി​​ക​​ളെ​​യും ര​​ക്ഷ​ാ​ക​​ർ​​ത്താ​​ക്ക​​ളെ​​യും ത​​ല്ലി​​യോ​​ടി​​ച്ചി​​രു​​ന്ന ഊ​​രൂ​​ട്ട​​മ്പ​​ലം, പു​​ല്ലാ​​ട് ല​​ഹ​​ള​​ക​​ളു​​ടെ അ​​തേ കാ​​ലം. എ​​ന്നി​​ട്ടും എ​​ങ്ങ​​നെ​​യാ​​ണ് അ​​ന്ന് ഒ​​രു ദ​​ലി​​ത​​ൻ സ​​വ​​ർ​​ണ കോ​​ള​​ജി​​ൽ ചേ​​ർ​​ന്ന് പ​​ഠി​​ച്ച് ബി.​​എ പാ​​സാ​​യ​​ത്. അ​​തും ക​​ഴി​​ഞ്ഞ് ഹൈ​​കോ​ട​​തി​​യി​​ൽ സ​​ർ​​ക്കാ​​ർ​ ജോ​​ലി നേ​​ടി​​യ​​ത്, അ​​വി​​ടെ​​യി​​രു​​ന്നു​​ത​​ന്നെ നി​​യ​​മ​​പ​​ഠ​​ന​​ത്തി​​ന് സ്കോ​​ള​​ർ​​ഷി​​പ് അ​​പേ​​ക്ഷ ന​​ൽ​​കു​​ന്ന​​ത് –ഇ​​ല്ല, ഈ ​​സ​​മ​​സ്യ​​ക​​ളൊ​​ന്നും പൂ​​രി​​പ്പി​​ക്കാ​​ൻ​ വേ​​ണ്ട വി​​വ​​ര​​ങ്ങ​​ളി​​ല്ല, ഈ ​​ലേ​​ഖ​​ന​​ത്തി​​ന് ആ​​ധാ​​ര​​മാ​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ പു​​രാ​​രേ​​ഖ​​യി​​ൽ (2) എ​​ങ്കി​​ലും ഇ​​ന്നോ​​ളം കി​​ട്ടി​​യ തി​​രു​​വി​​താം​​കൂ​​ർ അ​​റി​​വു​​ക​​ളോ​​ടൊ​​ന്നും ചേ​​ർ​​ച്ച​​യി​​ല്ലാ​​ത്ത ഇ​​ക്കാ​​ര്യം വാ​​യ​​ന​​ക്കാ​​രു​​ടെ മു​​ന്നി​​ൽ വെ​​ക്കേ​​ണ്ട​​ത് ഒ​​രു ഗ​​വേ​​ഷ​​ക​​ന്റെ ക​​ട​​മ​​യാ​​ണ്.

ടി.വി. തമ്പിരാന് സർക്കാർ സ്കോളർഷിപ് മൂന്നുവർഷമായി നൽകുന്നു​െണ്ടന്ന് കാണിച്ച്  പ്രിൻസിപ്പൽ എഴുതിയ കത്ത്

തി​​രു​​വ​​ന​​ന്ത​​പു​​രം തൈ​​ക്കാ​​ട് ‘ഫീ​​ൽ​​ഡ് വ്യൂ’ ​​വീ​​ട്ടി​​ലെ വി. ​​തൊ​​ള​​സി​​ലിം​​ഗം എ​​ന്ന മേ​​സ്തി​​രി​​യു​​ടെ മ​​ക​​നാ​​ണ് ത​​മ്പി​​രാ​​ൻ (മ​​ദ്രാ​​സ് സം​​സ്ഥാ​​ന​​ത്തു​​നി​​ന്ന് കു​​ടി​​യേ​​റി​​യ​​താ​​ണോ?). അ​​ടി​​ത്ത​​ട്ട് സ​​മൂ​​ഹ​​ങ്ങ​​ളോ​​ട് വ​​ലി​​യ ദ​​യ​​യു​​ണ്ടാ​​യി​​രു​​ന്ന, ബ്രി​​ട്ടീ​​ഷ് സ​​ർ​​വി​സി​​ൽ​​നി​​ന്ന് വ​​ന്ന പി. ​​രാ​​ജ​​ഗോ​​പാ​​ലാ​ചാ​​രി​​യാ​​ണ് അ​​ന്ന് തി​​രു​​വി​​താം​​കൂ​​ർ ദി​​വാ​​ൻ. അ​​യ്യ​​ൻ​​കാ​​ളി​​യെ ശ്രീ​​മൂ​​ലം പ്ര​​ജാ​​സ​​ഭ​​യി​​ലേ​​ക്ക് നോ​​മി​​നേ​​റ്റ് ചെ​​യ്യു​​ന്ന​​തി​​ന് അ​​ഞ്ചു​​മാ​​സം മു​​മ്പാ​​ണ് ത​​മ്പി​​രാ​​ന്റെ സ്കോ​​ള​​ർ​​ഷി​​പ് അ​​പേ​​ക്ഷ ദി​​വാ​​ന്റെ മു​​ന്നി​​ലെ​​ത്തു​​ന്ന​​ത്. അ​​തു​​വെ​​ച്ച്, മ​​ഹാ​​രാ​​ജാ​​വി​​ന്റെ സ​​ർ​​വാ​​ധി​​കാ​​ര്യ​​ക്കാ​​രാ​​യ സി. ​​രാ​​ഘ​​വാ​​ചാ​​രി ബി.​​എ​ക്ക് ​ദി​​വാ​​ൻ എ​​ഴു​​തു​​ന്ന ശി​​പാ​​ർ​​ശ​​ക്ക​​ത്തി​​ലാ​​ണ് ത​​മ്പി​​രാ​​ൻ ആ​​ദ്യ​​മാ​​യി സ​​ർ​​ക്കാ​​ർ രേ​​ഖ​​യി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​രു​​ന്ന​​ത്:

‘‘E 1278

ട്രി​വ​​ൻ​​ഡ്രം, 1911 ജൂ​​ലൈ 6

എ​​ന്റെ പ്രി​​യ സ​​ർ,

മ​​ഹാ​​രാ​​ജ തി​​രു​​മ​​ന​​സ്സി​​ന് സ​​മ​​ർ​​പ്പി​​ക്കാ​​നാ​​യി ടി.​​വി. ത​​മ്പി​​രാ​​ൻ എ​​ന്ന വ​​ള്ളു​​വ​​കു​​ട്ടി​​യു​​ടെ ഒ​​രു നി​​വേ​​ദ​​നം ഞാ​​ൻ ഇ​​തി​​ൽ അ​​ട​​ക്കം ചെ​​യ്യു​​ന്നു. ത​​ന്റെ ബി.​​എ പ​​ഠ​​ന​​ത്തി​​ന് സ​​ഹാ​​യം അ​​പേ​​ക്ഷി​​ക്ക​​യാ​​ണ​​വ​​ൻ. 1911 മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന ഇ​​ന്റ​​ർ​​മീ​​ഡി​​യ​​റ്റ് പ​​രീ​​ക്ഷ പാ​​സാ​​യി​​ട്ടു​​ണ്ട്. അ​​വ​​ൻ പാ​​വ​​പ്പെ​​ട്ട​​വ​​നാ​​ണ്, പ്രോ​​ത്സാ​​ഹ​​ന​​ത്തി​​ന് അ​​ർ​​ഹ​​നു​​മാ​​ണ്. തി​​രു​​വ​​ന​​ന്ത​​പു​​രം കോ​​ളേ​​ജി​​ൽ ഇ​​ക്കൊ​​ല്ലം മു​​ത​​ൽ ബി.​​എ പാ​​സ് കോ​​ഴ്സി​​ന് ചേ​​ർ​​ന്ന് പ​​ഠി​​ക്കാ​​ൻ, 2 കൊ​​ല്ല​​ത്തേ​​ക്ക് അ​​വ​​ന് പ്ര​​തി​​മാ​​സം 10 രൂ​​പ​​യു​​ടെ സ്കോ​​ള​​ർ​​ഷി​​പ് ന​​ൽ​​കാ​​വു​​ന്ന​​താ​​ണെ​​ന്ന് ഞാ​​ൻ നി​​ർ​​ദേ​​ശി​​ക്കു​​ന്നു. എ​​ന്റെ നി​​ർ​​ദേ​​ശ​ം തി​​രു​​മ​​ന​​സ്സ് അം​​ഗീ​​ക​​രി​​ക്കു​​മാ​​റാ​​ക​​ണ​​മെ​​ന്ന് ഞാ​​ൻ അ​​പേ​​ക്ഷി​​ക്കു​​ന്നു.

.....

[ദി​​വാ​​ൻ]’’ (pp 75-76)

പി​​റ്റേ​​ന്നു​​ത​​ന്നെ രാ​​ജ​​ഗോ​​പാ​​ലാ​ചാ​​രി MA, BLന് ​​മ​​റു​​പ​​ടി​​യെ​​ഴു​​തി (E1222/11.7.11) സ​​ർ​​വാ​​ധി​​കാ​​ര്യ​​ക്കാ​​ർ; ദി​​വാ​​ന്റെ നി​​ർ​​ദേ​​ശം മ​​ഹാ​​രാ​​ജാ​​വ് അം​​ഗീ​​ക​​രി​​ച്ചെ​​ന്ന് (pp 73-74). ദി​​വാ​​ന് മി​​ക​​ച്ച ഇം​​ഗ്ലീ​​ഷി​​ൽ, ത​​മ്പി​​രാ​​ൻ​​ത​​ന്നെ എ​​ഴു​​തി​​യ​​തെ​​ന്ന് ക​​രു​​താ​​വു​​ന്ന പ്ര​​സ്തു​​ത അ​​പേ​​ക്ഷ​​യി​​ലാ​​ണ്, തി​​രു​​വി​​താം​​കൂ​​ർ ച​​രി​​ത്ര​​രേ​​ഖ​​ക​​ളി​​ൽ ആ​​ദ്യ​​മാ​​യി (?) ഒ​​രു ദ​​ലി​​ത് വി​​ദ്യാ​​ർ​​ഥി​​യു​​ടെ ജീ​​വി​​തം നാം ​​കാ​​ണു​​ന്ന​​ത്:

‘‘E 1105/23.6.11

To

Dewan Bahadur

P. Rajagopalachari Esqr., M.A, B.L

Dewan of Travancore

&c &c &c

May it please your Excellency,

The Petitioner most humbly begs to bring the following lines to your excellency's kind and benign consideration

That he was a student of the intermediate class of His Highness the Maharajah's College, Trivandrum and passed the Intermediate examination held in March 1911. That, he is, by caste a Valluvar, one of the backward classes in the State, Which cannot reckon a Matric, not to speak of anybody who has gone higher among them in Travancore, That as such their condition is more pitiable than the Mohammedans even, who are shown every consideration by Government as an educationally backward class.

Before the results of the Intermediate examination were published, the petitioner wrote two applications to the Director of Public Instruction, Madras, and to the principal of the Presidency College, asking for a free Scholarship to study for the BA Honours Course in History and Economics in the Presidency College.

He got a reply to the effect that the British Government is ready to admit him in the said College on payment of half the rate of fees. The official memorandum received to that effect is enclosed herewith.

But as his father is too poor to support him in Madras for higher studies and as there is no Honours Course in the Trivandrum College, he is obliged to take up at least the BA Pass course in the Trivandrum College. The Petitioner further begs to submit that since the cost of higher education has risen considerably high in recent times, the cost of fees and books comes to a huge amount. The annual fees in H. H the Maharaja's College, Trivandurm for the BA Course comes to Rs. 76/- and the cost of books f[or the] year will approximate to the same amount .....er is obliged to stop his studies at the present... all the labour spent by him in his Intermediate studies will be lost.

A kind reference to AJ Vieyran Esqr, BA, Chief Secretary to Government will fully convince your Excellency of the indigent circumstances of the petitioner's father.

The petitioner therefore humbly craves your Excellency to confer on him a scholarship and to exempt him from the payment of the college fees.

The petitioner begs to enclose herewith certificates of his progress in the Trivandrum College for Your Excellency's kind perusal.

For which act of charity and benevolence the petitioner shall in duty bound.

ever pray

T.V. Thumberan

son of V. Tholasilingum,

Thaikad, Trivandrum

Trivandrum

17'' June 1911’’ (pp. 77, 79)

അ​​ങ്ങേ​​യ​​റ്റം വി​​ന​​യ​​ത്തോ​​ടെ, ഔ​​പ​​ചാ​​രി​​ക​​മാ​​യി, എ​​ന്നാ​​ൽ, കാ​​ര്യ​​ഗൗ​​ര​​വം വി​​ടാ​​തെ​​യു​​ള്ള ഈ ​​അ​​പേ​​ക്ഷ ദി​​വാ​​നെ സ്വാ​​ധീ​​നി​​ച്ചു എ​​ന്ന​​ത് വ്യ​​ക്തം. തി​​രു​​വി​​താം​​കൂ​​റി​​ലെ പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​പെ​​ട്ട ത​​ന്റെ വ​​ള്ളു​​വ​​ർ ജാ​​തി​​യി​​ൽ ഒ​​രു ​െമ​​ട്രി​​ക്കു​ലേ​​ഷ​​ൻ​​കാ​​ര​​നു​​ണ്ടാ​​യി​​ട്ടി​​ല്ല എ​​ന്നും അ​​തി​​ലു​​മു​​യ​​ർ​​ന്നു​വ​​ന്ന​​വ​​രെ​​ക്കു​​റി​​ച്ച് പ​​റ​​യാ​​നേ​​യി​​ല്ല എ​​ന്നും ത​​മ്പി​​രാ​​ൻ വെ​​ളി​​പ്പെ​​ടു​​ത്തു​​ന്നു. ‘‘വി​​ദ്യാ​​ഭ്യാ​​സ​​പ​​ര​​മാ​​യി പി​​ന്നാ​​ക്ക​​മെ​​ന്ന നി​​ല​​ക്ക് സ​​ർ​​ക്കാ​​ർ എ​​ല്ലാ പ​​രി​​ഗ​​ണ​​ന​​യും ന​​ൽ​​കു​​ന്ന മു​​ഹ​​മ്മ​​ദീ​യ​​രു​​ടേ​​തി​​നെ​​ക്കാ​​ൾ ദ​​യ​​നീ​​യ​​മാ​​ണ് ഞ​​ങ്ങ​​ളു​​ടെ അ​​വ​​സ്ഥ. ഇ​​ന്റ​​ർ​​മീ​​ഡി​​യ​​റ്റ് പ​​രീ​​ക്ഷാ ഫ​​ലം വ​​രും മു​​മ്പ് ഞാ​​ൻ മ​​ദ്രാ​​സി​​ലെ വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ​​ക്കും പ്ര​സി​​ഡ​​ൻ​​സി കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ലി​​നും അ​​പേ​​ക്ഷ​​ക​​ള​​യ​​ച്ചു; ഹി​​സ്റ്റ​​റി, ഇ​​ക്ക​​ണോ​​മി​​ക്സ് വി​​ഷ​​യ​​ങ്ങ​​ളെ​​ടു​​ത്ത് ബി.​​എ ഓ​​​ണേ​​ഴ്സ് കോ​​ഴ്സി​​ന് പ്ര​​സി​​ഡ​​ൻ​​സി കോ​​ള​​ജി​​ൽ ചേ​​ർ​​ന്നു പ​​ഠി​​ക്കാ​​ൻ ഒ​​രു സ്കോ​​ള​​ർ​​ഷി​​പ് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ആ​​വ​​ശ്യം. പ്ര​​സ്തു​​ത കോ​​ള​​ജി​​ൽ എ​​ന്നെ പ​​കു​​തി ഫീ​​സി​​ൽ ചേ​​ർ​​ക്കാ​​ൻ ബ്രി​​ട്ടീ​​ഷ് സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ണെ​​ന്ന മ​​റു​​പ​​ടി കി​​ട്ടി. എ​​ന്നാ​​ൽ, എ​​ന്നെ മ​​ദ്രാ​​സി​​ല​​യ​​ച്ചു പ​​ഠി​​പ്പി​​ക്കാ​​ൻ പാ​​ങ്ങി​​ല്ലാ​​​ത്ത ദ​​രി​​ദ്ര​​നാ​​ണ് എ​​ന്റെ പി​​താ​​വ്. തി​​രു​​വ​​ന​​ന്ത​​പു​​രം കോ​​ള​​ജി​​ലാ​​ണെ​​ങ്കി​​ൽ ഓ​​ണേ​​ഴ്സ് കോ​​ഴ്സ് ഇ​​ല്ല​​താ​​നും. അ​​ങ്ങ​​നെ​​യാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം കോ​​ള​​ജി​​ൽ ബി.​​എ പാ​​സ് കോ​​ഴ്സി​​ന് ചേ​​രാ​​ൻ ഞാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​നാ​​യി​​രി​​ക്കു​​ന്ന​​ത്. ഈ​​യി​​ടെ​​യാ​​യി ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു​​ള്ള ചെ​​ല​​വ് കാ​​ര്യ​​മാ​​യി കൂ​​ടി​​യി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ, ഫീ​​സി​​നും പു​​സ്ത​​ക​​ങ്ങ​​ൾ​​ക്കു​​മാ​​യി വ​​ലി​​യ തു​​ക വേ​​ണ്ടി​വ​​രും. തി​​രു​​വ​​ന​​ന്ത​​പു​​രം കോ​​ള​​ജി​​ൽ ബി.​​എ​​ക്ക് വാ​​ർ​​ഷി​​ക ഫീ​​സ് 76 രൂ​​പ​​യാ​​കും. ഏ​​താ​​ണ്ട് അ​​ത്ര ത​​ന്നെ വേ​​ണ്ടി​വ​​രും ഒ​​രു വ​​ർ​​ഷ​​ത്തെ പു​​സ്ത​​ക​​ങ്ങ​​ൾ​​ക്കും. അ​​തി​​നാ​​ൽ എ​​ന്റെ പ​​ഠ​​നം നി​​ർ​​ത്തേ​​ണ്ട അ​​വ​​സ്ഥ​​യി​​ലാ​​ണ്. ഇ​​ന്റ​​ർ​​മീ​​ഡി​​യ​​റ്റ് പ​​ഠ​​ന​​ത്തി​​ന് ചെ​​ല​​വ​​ഴി​​ച്ച അ​​ധ്വാ​​നം മു​​ഴു​​വ​​ൻ പാ​​ഴാ​​കും. ഗ​​വ​​ൺ​​മെ​​ന്റ് ചീ​​ഫ് സെ​​ക്ര​​ട്ട​​റി എ.​​ജെ. വീ​​യ​​റ ബി.​​എ​​യോ​​ട് ഒ​​ന്ന് അ​​ന്വേ​​ഷി​​ക്കാ​​ൻ ദ​​യ​​യു​​ണ്ടാ​​കു​​മെ​​ങ്കി​​ൽ, എ​​ന്റെ പി​​താ​​വി​​ന്റെ ദ​​രി​​ദ്രാ​​വ​​സ്ഥ അ​​വി​​ട​​ത്തേ​​ക്ക് പൂ​​ർ​​ണ​​മാ​​യും ബോ​​ധ്യ​​മാ​​കും. അ​​തി​​നാ​​ൽ അ​​പേ​​ക്ഷ​​ക​​ൻ അ​​വി​​ട​​ത്തെ മു​​ന്നി​​ൽ വി​​ന​​യ​​ത്തോ​​ടെ കേ​​ണ​​പേ​​ക്ഷി​​ക്കു​​ന്ന​​ത്, അ​​വ​​ന് ഒ​​രു സ്കോ​​ള​​ർ​​ഷി​​പ് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും കോ​ള​ജ് ഫീ​സ് ഒ​ഴി​വാ​ക്കി​ത്ത​ര​ണ​മെ​ന്നു​​മാ​​ണ്. തി​​രു​​വ​​ന​​ന്ത​​പു​​രം കോ​​ള​​ജി​​ൽ അ​​വ​​ന്റെ പ​​ഠ​​ന​പു​​രോ​​ഗ​​തി കാ​​ണി​​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ, അ​​ങ്ങേ​​ക്ക് സ​​ദ​​യം പ​​രി​​ശോ​​ധി​​ക്കാ​​നാ​​യി ഇ​​തോ​​ടൊ​​പ്പം വെ​​ക്കു​​ന്നു. ഏ​​ത് പ​​രോ​​പ​​കാ​​ര-​​സു​​കൃ​​ത ക​​ർ​​മം നി​​ർ​​വ​​ഹി​​ക്കാ​​നും അ​​പേ​​ക്ഷ​​ക​​ൻ ക​​ട​​പ്പെ​​ട്ട​​വ​​നാ​​യി​​രി​​ക്കും.’’

ഈ ​​അ​​പേ​​ക്ഷ ദി​​വാ​​ൻ 21ന് ​​ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​ക്ക് ഫോ​​ർ​​വേ​​ഡ് ​ചെ​​യ്തു (p.77). അ​​തി​​നു മു​​മ്പാ​​യി​​രി​​ക്കാം അ​​ദ്ദേ​​ഹം, മാ​​സം 10 രൂ​​പ വെ​​ച്ച് ര​​ണ്ട് കൊ​​ല്ല​​ത്തേ​​ക്ക് ന​​ൽ​​കാം (?) എ​​ന്ന് അ​​പേ​​ക്ഷ​ക്ക് താ​​ഴെ കു​​റി​​ച്ച​​ത് (p.79). ഒ​​ന്നാം പേ​​ജി​​ന്റെ ഇ​​ട​​ത്തും താ​​ഴെ​​യു​​മാ​​യി നി​​റ​​യെ എ​​ഴു​​തി​​യി​​രി​​ക്കു​​ന്ന​​ത് ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യാ​​കാം. പ​​യ്യ​​നെ​​യും അ​​വ​​ന്റെ പി​​താ​​വി​​നെ​​യും അ​​റി​​യാ​​മെ​​ന്നും, അ​​വ​​ന്റെ വി​​ജ​​യം അ​​ക്ഷീ​​ണ പ​​രി​​ശ്ര​​മ​​ത്തി​​ന്റെ ഫ​​ല​​മാ​​ണെ​​ന്നും, അ​​വ​​ന്റെ പി​​താ​​വ് ഒ​​രു പാ​​വ​​പ്പെ​​ട്ട തൊ​​ഴി​​ലാ​​ളി​​യാ​​ണെ​​ന്നു​​മൊ​​ക്കെ​​യാ​​ണ്, മു​​റി​​ഞ്ഞു മു​​റി​​ഞ്ഞു​പോ​​യ ആ ​​കൈ​​യെ​​ഴു​​ത്തി​​ൽ​നി​​ന്നു വാ​​യി​​ച്ചെ​​ടു​​ക്കാ​​വു​​ന്ന​​ത് (p. 77).

ടി.വി. തമ്പിരാ​ന്റെ വിദ്യാഭ്യാസം സംബന്ധിച്ച ഫയൽ

മാ​​സം 10 രൂ​​പ​​യു​​ടെ സ്കോ​​ള​​ർ​​ഷി​​പ് ര​​ണ്ടു കൊ​​ല്ല​​ത്തേ​​ക്ക് സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ച്ചെ​​ന്ന് ചീ​​ഫ് സെ​​ക്ര​​ട്ട​​റി 1911 ജൂ​ലൈ 15 ന് ​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​റെ (ഡോ. ​​എ.​​സി. മി​​ച്ച​​ൽ) എ​​ഴു​​തി​​യ​​റി​​യി​​ച്ചു (p.71). ഇ​​തി​​ന്റെ​​യും, ത​​മ്പി​​രാ​​ന്റെ അ​​പേ​​ക്ഷ​​യു​​ടെ​​യും കോ​​പ്പി​​ക​​ൾ സെ​​ൻ​​ട്ര​​ൽ അ​​ക്കൗ​​ണ്ട് ആ​​ൻ​​ഡ് ഓ​​ഡി​​റ്റ് ഓ​​ഫി​​സി​​ലേ​​ക്ക് അ​​യ​​ക്കാ​​ൻ അ​​ന്നു ത​​ന്നെ നി​​ർ​​ദേ​​ശി​​ക്കു​​ക​​യും ചെ​​യ്തു സി.​​എ​​സ് (P. 72). സ്കോ​​ള​​ർ​​ഷി​​പ് അ​​നു​​വ​​ദി​​ച്ച കാ​​ര്യം അ​​പേ​​ക്ഷ​​ക​​നെ അ​​റി​​യി​​ക്കു​​ന്ന​​താ​​യി നോ​​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട് സി.​​എ​​സ് ത​​ന്നെ1911 ജൂ​ലൈ 20ന്​ (p.69).

​​ത​​ന്റെ അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം ത​​മ്പി​​രാ​​ൻ ​െവ​​ച്ചി​​രു​​ന്ന സ്വ​​ഭാ​​വ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ, തി​​രു​​വ​​ന​​ന്ത​​പു​​രം സ്കൂ​​ൾ ഹെ​​ഡ്മാ​​സ്റ്റ​​ർ കെ. ​​ര​​ഘു​​നാ​​ഥ അ​​യ്യ​​രു​​ടെ​​യും, മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ ഇം​​ഗ്ലീ​​ഷ് പ്ര​​ഫ​​സ​​ർ​​മാ​​രാ​​യ എ​​ൽ.​​സി. ഹോ​​ഡ്ജ​​ൻ എം.​​എ​​യു​​ടെ​​യും എം. LaBouchardiere M.A​യു​​ടേ​​യു​മാ​ണ് എ​​ന്നു ക​​രു​​താം. ബൂ​​ഷ​​ർ​​ഡി​​യെ​​ർ 1911 ജൂ​ൺ16​ന്​ ​എ​​ഴു​​തി: ‘‘1908നും 1911 ​​മാ​​ർ​​ച്ചി​​നു​​മി​​ട​​ക്ക് ടി.​​വി. ത​​മ്പി​​രാ​​ൻ ജൂ​​നി​​യ​​ർ എ​​ഫ്.​​എ​യി​​ലും ര​​ണ്ട് ഇ​​ന്റ​​ർ​​മീ​​ഡി​​യ​​റ്റ് ക്ലാ​​സു​​ക​​ളി​​ലും ഹാ​​ജ​​രാ​​യി​​രു​​ന്നു; ക​​ഠി​​നാ​​ധ്വാ​​നി​​യാ​​യ ഒ​​രു വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു. ത​​ന്റെ ഭൂ​​രി​​പ​​ക്ഷം സ​​ഹ​​പാ​​ഠി​​ക​​ൾ വാ​​യി​​ക്കു​​ന്ന​​തി​​നെ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ പാ​​ഠ്യേ​​ത​​ര പു​​സ്ത​​ക​​ങ്ങ​​ൾ അ​​വ​​ൻ വാ​​യി​​ച്ചി​​രി​​ക്കും. അ​​തി​​നാ​​ൽ അ​​വ​​ന്റെ പൊ​​തു​വി​​ജ്ഞാ​​നം അ​​വ​​രു​​ടേ​​തി​​നെ​​ക്കാ​​ൾ ഉ​​യ​​ർ​​ന്ന​​താ​​ണ്. ഇം​​ഗ്ലീ​​ഷി​​ൽ വ​​ള​​രെ മി​​ക​​ച്ച അ​​റി​​വു​​ണ്ട് അ​​വ​​ന്. ക്ലാ​​സി​​ൽ ന​​ന്നാ​​യി പെ​​രു​​മാ​​റു​​ന്ന​​താ​​യാ​​ണ് അ​​വ​​നെ ഞാ​​ൻ എ​​പ്പോ​​ഴും ക​​ണ്ടി​​ട്ടു​​ള്ള​​ത്. 1911 മാ​​ർ​​ച്ചി​​ലെ ഇ​​ന്റ​​ർ​​മീ​​ഡി​​യ​​റ്റ് പ​​രീ​​ക്ഷ പാ​​സാ​​യെ​​ങ്കി​​ലും, അ​​വ​​ൻ വ​​ള​​രെ ദ​​രി​​ദ്ര​​നാ​​യ​​തി​​നാ​​ൽ, സ​​ഹാ​​യം കി​​ട്ടി​​യി​​ല്ലെ​​ങ്കി​​ൽ ബി.​​എ പ​​ഠ​​നം തു​​ട​​രാ​​നാ​​വി​​ല്ല. സ​​ഹാ​​യം കി​​ട്ടാ​​ൻ ശ​​രി​​ക്കും അ​​ർ​​ഹ​​നാ​​യാ​​ണ് അ​​വ​​നെ ഞാ​​ൻ കാ​​ണു​​ന്ന​​ത്’’ (p.51).

പ്ര​​ഫ. ഹോ​​ജ്സ​​ൻ 1911 ജൂ​ൺ15​ന്​ കു​​റി​​ച്ചു: ‘‘1908ൽ ​​ജൂ​​നി​​യ​​ർ എ​​ഫ്.​​എ ക്ലാ​​സി​​ൽ ചേ​​ർ​​ന്ന​​തു മു​​ത​​ൽ ക​​ഴി​​ഞ്ഞ മൂ​​ന്നു കൊ​​ല്ലം ടി.​​വി. ത​​മ്പി​​രാ​​ൻ ഈ ​​കോ​​ള​​ജി​​ലെ ഒ​​രു വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു. ഇ​​പ്പോ​​ഴ​​വ​​ൻ ഇ​​ന്റ​​ർ​​മീ​​ഡി​​യ​​റ്റ് പ​​രീ​​ക്ഷ പാ​​സാ​​യി​​രി​​ക്കു​​ന്നു. ഇം​​ഗ്ലീ​​ഷ് പ​​ഠ​​ന​​ത്തി​​ൽ ക​​ഠി​​നാ​​ധ്വാ​​നി​​യാ​​യാ​​ണ് അ​​വ​​നെ ഞാ​​ൻ എ​​പ്പോ​​ഴും ക​​ണ്ടി​​ട്ടു​​ള്ള​​ത്. പാ​​ഠ്യ​പു​​സ്ത​​ക​​ങ്ങ​​ൾ​​ക്കു പു​​റ​​മെ ധാ​​രാ​​ളം വാ​​യി​​ക്കും അ​​വ​​ൻ. അ​​തു​​കൊ​​ണ്ടു​ത​​ന്നെ, ത​​ന്റെ ത​​ല​​ത്തി​​ലു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പൊ​​തു​നി​​ല​​വാ​​ര​​െ​ത്ത​ക്കാ​​ൾ ഉ​​യ​​ർ​​ന്ന അ​​റി​​വു​​ണ്ട് അ​​വ​​ന്.

ഇം​​ഗ്ലീ​​ഷ് ഉ​​പ​​ന്യാ​​സ ര​​ച​​ന​​യി​​ൽ അ​​വ​​ന് എ​​പ്പോ​​ഴും എ​​ന്തെ​​ങ്കി​​ലു​​മു​​ണ്ടാ​​കും സ്വ​​ന്ത​​മാ​​യി എ​​ഴു​​താ​​ൻ. ത​​ന്റെ ആ​​ശ​​യ​​ങ്ങ​​ൾ മി​​ക​​ച്ച ഇം​​ഗ്ലീ​​ഷി​​ൽ പ്ര​​ക​​ടി​​പ്പി​​ക്കാ​​ൻ ക​​ഴി​​വു​​ണ്ട​​വ​​ന്. ക​​ഴി​​വു​​ക​​ൾ അ​​വ​​ന് വ​​ലി​​യ തോ​​തി​​ലു​​ണ്ടെ​​ന്നു ക​​രു​​തു​​ന്നു ഞാ​​ൻ. അ​​വ​​ന്റെ സ്വ​​ഭാ​​വ​​വും പെ​​രു​​മാ​​റ്റ​​വും മാ​​തൃ​​ക​ാ​പ​​ര​​മാ​​ണ് എ​​പ്പോ​​ഴും’’ (p.41).

തി​​രു​​വ​​ന​​ന്ത​​പു​​രം മ​​ഹാ​​രാ​​ജാ​​സ് ഹ​​യ​​ർ ഗ്രേ​​ഡ് സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഹെ​​ഡ് മാ​​സ്റ്റ​​ർ കെ. ​​ര​​ഘു​​നാ​​ഥ അ​​യ്യ​​ർ ശി​​ഷ്യ​​നെ​​പ്പ​​റ്റി 1911 ജൂ​ൺ16​ന്​ ​ഇ​​ങ്ങ​​നെ എ​​ഴു​​തി: ‘‘1897ൽ ​​ഏ​​റ്റ​​വും ചെ​​റി​​യ ക്ലാ​​സി​​ൽ ചേ​​ർ​​ന്ന ടി.​​വി. ത​​മ്പു​​രാ​​ൻ (Thampuran) ഏ​​ക​​ദേ​​ശം 10 കൊ​​ല്ലം ഈ ​​സ്ഥാ​​പ​​ന​​ത്തി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു. 1907 ഡി​​സം​​ബ​​റി​​ൽ അ​​വ​​ൻ ​െമ​​ട്രി​​ക്കു​​ലേ​​ഷ​​ൻ പ​​രീ​​ക്ഷ പാ​​സാ​​യി. ഇ​​വി​​ട​​ത്തെ പ​​ഠ​​ന​കാ​​ലം മു​​ഴു​​വ​​ൻ അ​​വ​​ന് തു​​ട​​ർ​​ച്ച​​യാ​​യ ഹാ​​ജ​​രു​​ണ്ടാ​​യി​​രു​​ന്നു; ഉ​​ത്സാ​​ഹി​​യാ​​യി​​രു​​ന്നു; പാ​​ഠ​​ങ്ങ​​ൾ ത​​യാ​​റാ​​ക്കു​​ന്ന​​തി​​ൽ ശ്ര​​ദ്ധാ​​ലു​​വാ​​യി​​രു​​ന്നു. എ​​ന്തി​​ലു​​മു​​പ​​രി, എ​​ടു​​ത്തു​​പ​​റ​​യ​​ത്ത​​ക്ക ന​​ല്ല പെ​​രു​​മാ​​റ്റ​​മാ​​യി​​രു​​ന്നു. ഒ​​രു പാ​​വ​​പ്പെ​​ട്ട കു​​ട്ടി​​യാ​​യി​​രു​​ന്നു. ചെ​​റി​​യ ക്ലാ​​സ് തൊ​​ട്ടേ കി​​ട്ടി​​യി​​രു​​ന്ന സ്കോ​​ള​​ർ​​ഷി​​പ് സ​​ഹാ​​യ​​മി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ, അ​​വ​​ന് ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സം വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ ക​​ഴി​​യി​​ല്ലാ​​യി​​രു​​ന്നു. അ​​വ​​ന്റെ ഇം​​ഗ്ലീ​​ഷ് മി​​ക​​ച്ച​​താ​​ണ്, ഏ​​കാ​​ഗ്ര​​ത​​യു​​ള്ള പ​​ഠി​​താ​​വാ​​ണ​​വ​​ൻ. കോ​​ള​​ജ് പ​​ഠ​​നം തു​​ട​​രാ​​ൻ അ​​വ​​ൻ ആ​​ശി​​ക്കു​​ന്നു. അ​​തു ന​​ട​​പ്പാ​​ക്കാ​​നു​​ള്ള ഏ​​തു സ​​ഹാ​​യം കി​​ട്ടാ​​നും അ​​വ​​ൻ അ​​ർ​​ഹ​​നാ​​ണെ​​ന്ന് എ​​നി​​ക്കു​​റ​​പ്പു​​ണ്ട്’’ (p.53).

ഇ​​വി​​ട​​ന്ന് മൂ​​ന്നു കൊ​​ല്ല​​മെ​​ത്തു​​മ്പോ​​ൾ കാ​​ണു​​ന്ന​​ത്, ത​​മ്പി​​രാ​​ന്റെ മ​​റ്റൊ​​രു മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ് പ്ര​​ഫ​​സ​​ർ (History & Economics) കെ.​​വി. ര​​ങ്ക​​സ്വാ​​മി 1914 ഏ​പ്രി​ൽ 17ന്​ ​​എ​​ഴു​​തി​​ക്കൊ​​ടു​​ക്കു​​ന്ന ഒ​​രു സ്വ​​ഭാ​​വ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റാ​​ണ്: ‘‘ബി.​​എ പ​​രീ​​ക്ഷ എ​​ഴു​​തി ക​​ഴി​​ഞ്ഞ മി​​സ്റ്റ​​ർ ടി.​​വി. ത​​മ്പു​​രാ​​ൻ (Tampuran) എ​​ന്നോ​​ടു പ​​റ​​യു​​ന്ന​​ത്, താ​​ൻ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ൽ ഒ​​രു ക്ലാ​​ർ​​ക്ക് ജോ​​ലി​​ക്ക് അ​​പേ​​ക്ഷി​​ക്ക​​യാ​​ണെ​​ന്നാ​​ണ്. അ​​യാ​​ളു​​ടെ അ​​പേ​​ക്ഷ​​യെ പി​​ന്താ​​ങ്ങു​​ന്ന​​തി​​ൽ എ​​നി​​ക്ക് വ​​ലി​​യ സ​​ന്തോ​​ഷ​​മു​​ണ്ട്. 1908 ജ​​നു​​വ​​രി തൊ​​ട്ട് കോ​​ള​​ജി​​ലെ ഒ​​രു വി​​ദ്യാ​​ർ​​ഥി​​യെ​​ന്ന നി​​ല​​യി​​ൽ അ​​യാ​​ളെ എ​​നി​​ക്ക​​റി​​യാം. എ​​പ്പോ​​ഴും ശാ​​ന്ത​​നും മാ​​ന്യ​​മാ​​യി പെ​​രു​​മാ​​റു​​ന്ന​​യാ​​ളും ക​​ഠി​​നാ​​ധ്വാ​​നി​​യു​​മാ​​ണ്; ബു​​ദ്ധി​​മാ​​നും പ​​ഠ​​നാ​​സ​​ക്ത​​നു​​മാ​​ണ്. ഏ​​ൽ​​പി​​ക്കു​​ന്ന ഏ​​തു ജോ​​ലി​​യും ക​​ഴി​​യു​​ന്ന​​ത്ര ന​​ന്നാ​​യി ചെ​​യ്യു​​ന്ന​​തി​​ന് എ​​പ്പോ​​ഴും ബു​​ദ്ധി​​മു​ട്ടാ​​ൻ ഒ​​രു​​ക്ക​​മാ​​ണ്. ഏ​​റ​ക്കു​​റെ നാ​​ണം കു​​ണു​​ങ്ങി​​യാ​​ണ്, ഒ​​ഴി​​ഞ്ഞു​​മാ​​റു​​ന്ന പ്ര​​കൃ​​ത​​ക്കാ​​ര​​നാ​​ണ്, കോ​​ള​​ജ് വി​​നോ​​ദ​​ങ്ങ​​ളി​​ൽ​നി​​ന്ന് മാ​​റി​നി​​ൽ​​ക്കു​​ന്ന​​യാ​​ളു​​മാ​​ണ്. എ​​ങ്കി​​ലും സ​​ഹ​​പാ​​ഠി​​ക​​ൾ​​ക്കി​​ട​​യി​​ൽ വ​​ള​​രെ പ്ര​​ശ​​സ്ത​​നാ​​ണ്. പ്ര​​ഗ​​ല്ഭ​നും വി​​ശ്വ​​സ്ത​​നു​​മാ​​യ ഒ​​രു ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​കും അ​​യാ​​ൾ എ​​ന്ന് ഉ​​റ​​പ്പു​​ണ്ട് എ​​നി​​ക്ക്’’ (p. 43).

അ​​ന്നു ത​​ന്നെ ഇം​​ഗ്ലീ​​ഷ് പ്ര​​ഫ​​സ​​ർ ഡി.​​ജെ. സ്ലോ​​സ് സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി: ‘‘ഞാ​​ന​​റി​​യു​​ന്ന കാ​​ല​​ത്ത് മി​​സ്റ്റ​​ർ ടി.​​വി. ത​​മ്പി​​രാ​​ൻ (Thampiran) വ​​ള​​രെ ക​​ർ​​മോ​​ദ്യു​​ക്ത​​നും ക​​ഠി​​ന പ്ര​​യ​​ത്ന​​ശീ​​ല​​നു​​മാ​​യ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്; ശാ​ന്ത​നും ന​ല്ല സ്വ​ഭാ​വ​ക്കാ​ര​നു​മാ​ണ്. ഔ​​ദ്യോ​​ഗി​​ക ജീ​​വി​​താ​​നു​​ഭ​​വ​​ത്തോ​​ടെ അ​​യാ​​ൾ അ​​തി​​പ്ര​​ഗ​​ല്ഭ​​നാ​​യ ഒ​​രു പൊ​​തു​​ജ​​ന സേ​​വ​​ക​​നാ​​കു​​മെ​​ന്ന് എ​​നി​​ക്ക് വി​​ശ്വാ​​സ​​മു​​ണ്ട്. ശു​​ഷ്‍കാ​​ന്തി​​യോ​​ടെ​​യും ശാ​​ന്ത​​മാ​​യും ബു​​ദ്ധി​​പൂ​​ർ​​വ​​ക​​മാ​​യും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​ൽ അ​​യാ​​ൾ തീ​​ർ​​ച്ച​​യാ​​യും വി​​ശ്വാ​​സ​​മ​​ർ​​പ്പി​​ക്ക​​ണം’’ (p. 45).

കോ​​ള​​ജി​​ലെ മ​​റ്റൊ​​രു ബ്രാ​​ഹ്മ​​ണ ഗു​​രു​​വാ​​യ പി.​​ജി. സ​​ഹ​​സ്ര​​നാ​​മ അ​​യ്യ​​ർ എം.​​എ (Assistant Professor of English) ത​​ലേ​​ന്ന് എ​​ഴു​​തി​​ക്കൊ​​ടു​​ത്ത​​ത് ഇ​​ങ്ങ​​നെ​​യാ​​ണ്: ‘‘ഇ​ന്റ​​ർ​​മീ​​ഡി​​യ​​റ്റി​​നും ബി.​​എ​​ക്കും ഇം​​ഗ്ലീ​​ഷ് ക്ലാ​​സു​​ക​​ളി​​ൽ എ​​ന്റെ വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്ന മി​​സ്റ്റ​​ർ ടി.​​വി. ത​​മ്പി​​രാ​​ൻ (Thampiran), വ​​ള​​രെ ബു​​ദ്ധി​​മാ​​നും ക​​ഠി​​ന പ്ര​​യ​​ത്ന​​ശീ​​ല​​നു​​മാ​​ണെ​​ന്ന് സാ​​ക്ഷ്യ​​പ്പെ​​ടു​​ത്താ​​ൻ എ​​നി​​ക്ക് അ​​തി​​യാ​​യ സ​​ന്തോ​​ഷ​​മു​​ണ്ട്. ഉ​​ത്സാ​​ഹ​​ഭ​​രി​​ത​​നും ന്യാ​​യാ​​നു​​വ​​ർ​​ത്തി​​യും സ്വ​​ഭാ​​വ മ​​ഹി​​മ​​യു​​ള്ള​​വ​​നു​​മാ​​ണ​​യാ​​ൾ. ഇം​​ഗ്ലീ​​ഷി​​ൽ ന​​ല്ല ക​​ഴി​​വു​​ണ്ട്. അ​​യാ​​ളു​​ടെ ര​​ച​​ന​​ക​​ൾ എ​​പ്പോ​​ഴും ഉ​​ന്ന​​ത നി​​ല​​വാ​​ര​​മു​​ള്ള​​വ​​യാ​​ണ്. പ്രാ​​ധാ​​ന്യ​​മു​​ള്ള​​വ തി​​ര​​ഞ്ഞെ​​ടു​​ത്ത്, ചി​​ട്ട​​യാ​​യും സ​​മ​​ർ​​ഥ​​മാ​​യും ക്ര​​മീ​​ക​​രി​​ക്കാ​​നു​​ള്ള ക​​ഴി​​വാ​​ണ് അ​​തി​​നു കാ​​ര​​ണം. സ​​ഹ​​പാ​​ഠി​​ക​​ൾ​​ക്കി​​ട​​യി​​ൽ പ്രി​​യ​​നാ​​യ​​തി​​നാ​​ൽ അ​​വ​​ർ അ​​യാ​​ളെ കോ​​ള​​ജ് ഡി​​ബേ​​റ്റി​​ങ് സൊ​​സൈ​​റ്റി സെ​​ക്ര​​ട്ട​​റി​​യാ​​യി തി​​ര​​ഞ്ഞെ​​ടു​​ത്തു. ശ്ര​​ദ്ധേ​​യ​​മാ​​യ മീ​​റ്റി​​ങ്ങു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ചും വി​​വേ​​ക​​പൂ​​ർ​​ണ​​മാ​​യ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ സ്വ​​യം ന​​ട​​ത്തി​​യും മാ​​ത്ര​​മ​​ല്ല, സൊ​​സൈ​​റ്റി പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ ഊ​​ർ​​ജ​​വും ഉ​​ത്സാ​​ഹ​​വും പ​​ക​​ർ​​ന്നു ന​​ൽ​​കി​കൊ​​ണ്ടു കൂ​​ടി​​യാ​​ണ് അ​​യാ​​ൾ ഈ ​​ജോ​​ലി കാ​​ര്യ​​ക്ഷ​​മ​​മാ​​യി ന​​ട​​ത്തി​​യ​​ത്. ഇ​​നി​​യ​​ങ്ങോ​​ട്ട് താ​​ൻ തി​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന ഏ​​ത് തൊ​​ഴി​​ലി​​ലും, മി​​ക​​വു​​റ്റ​​തും സ​​ത്യ​​സ​​ന്ധ​​വു​​മാ​​യ പ്ര​​വ​​ർ​​ത്ത​​നം കാ​​ഴ്ച​​വെ​​ക്കാ​​ൻ അ​​യാ​​ൾ​​ക്ക് ക​​ഴി​​യു​​മെ​​ന്ന് ഉ​​റ​​ച്ച​വി​​ശ്വാ​​സ​​മു​​ണ്ട് എ​​നി​​ക്ക്’’ (p.47).

ത​​മ്പി​​രാ​​ന്റെ മ​​റ്റൊ​​രു സ​​വ​​ർ​​ണ ഗു​​രു​​നാ​​ഥ​​നാ​​യ എ. ​​ഗോ​​പാ​​ല മേ​​നോ​​ൻ (Asst. Professor of History & Economics) ആ​​വേ​​ശ​​ഭ​​രി​​ത​​നാ​​യി 1914 ഏ​പ്രി​ൽ20​ന്​ സ​​ർ​​ട്ടി​​ഫൈ ചെ​​യ്തു:

‘‘മി​​സ്റ്റ​​ർ ടി.​​വി. ത​​മ്പി​​രാ​​ൻ (Thampiran) എ​​ന്റെ ഇ​​ന്റ​​ർ​​മീ​​ഡി​​യ​​റ്റ്, ബി.​​എ ക്ലാ​​സു​​ക​​ളി​​ൽ പ​​ഠി​​ച്ചി​​ട്ടു​​ണ്ട്. ക്ലാ​​സി​​ലും പു​​റ​​ത്തും അ​​യാ​​ളെ പ​​രി​​പൂ​​ർ​​ണ​​മാ​​യി മ​​ന​​സ്സി​​ലാ​​ക്കാ​​ൻ വേ​​ണ്ട മി​​ക​​ച്ച അ​​വ​​സ​​ര​​ങ്ങ​​ൾ എ​​നി​​ക്കു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ഒ​​രു വി​​ദ്യാ​​ർ​​ഥി എ​​ന്ന നി​​ല​​യി​​ൽ അ​​യാ​​ൾ ചി​​ട്ട​​യും ക്ര​​മ​​വു​​മു​​ള്ള​​യാ​​ളാ​​യി​​രു​​ന്നു. ന​​ല്ല ബു​​ദ്ധി​​യു​​ണ്ട്. അ​​യാ​​ളു​​ടെ വാ​​യ​​ന ബ​​ഹു​​മു​​ഖ​​വും വി​​വേ​​ച​​ന​ശേ​​ഷി​​യു​​ള്ള​​തു​​മാ​​ണ്. പെ​​രു​​മാ​​റ്റം എ​​പ്പോ​​ഴും വി​​ന​​യാ​​ന്വി​​ത​​വും പ്ര​​സാ​​ദ പൂ​​ർ​​ണ​​വു​​മാ​​യി​​രു​​ന്നു. ഇ​​പ്പോ​​ഴ​​യാ​​ൾ ബി.​​എ ഡി​​ഗ്രി പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ക​​യാ​​ണ്; വി​​ജ​​യി​​ക്കു​​മെ​​ന്ന​​തി​​ൽ എ​​നി​​ക്ക് ഒ​​രു സം​​ശ​​യ​​വു​​മി​​ല്ല. അ​​യാ​​ളു​​ടെ സ്വ​​ഭാ​​വം ദൂ​​ഷ്യ​​ര​​ഹി​​ത​​മാ​​ണ്; വി​​ശ്വാ​​സ​യോ​​ഗ്യ​​വും അ​​ന്ത​​സ്സു​​ള്ള​​തും ഔ​​ചി​​ത്യ​​ബോ​​ധ​​മു​​ള്ള​​തു​​മാ​​ണ്. അ​​യാ​​ളു​ടെ സ്വ​​ഭാ​​വ​​ത്തെ​​യും നേ​​ട്ട​​ങ്ങ​​ളെ​​യും ക​​ഴി​​വി​​നെ​​യും കു​​റി​​ച്ച് ഞാ​​ൻ ആ​​ക​​പ്പാ​​ടെ വ​​ള​​രെ അ​​നു​​കൂ​​ല​​മാ​​യ ഒ​​രു മൂ​​ല്യ​​നി​​ർ​​ണ​​യ​മാ​​ണ് ന​​ട​​ത്തി​​യി​​ട്ടു​​ള്ള​​ത്. അ​​തി​​നാ​​ൽ, പൂ​​ർ​​ണ​വി​​ശ്വാ​​സ​​ത്തോ​​ടെ അ​​യാ​​ളെ സ​​ർ​​ക്കാ​​ർ സ​​ർ​​വീ​​സി​​ലേ​​ക്ക് ശി​​പാ​​ർ​​ശ ചെ​​യ്യാ​​നാ​​വും എ​​നി​​ക്ക്. അ​​യാ​​ളു​​ടെ ഭാ​​വി ഉ​​ദ്യോ​​ഗ​ജീ​​വി​​തം പ്ര​​കാ​​ശ​പൂ​​ർ​​ണ​​മാ​​കു​​മെ​​ന്നും, എ​​ന്റെ അ​​ഭി​​ലാ​​ഷം പൂ​​ർ​​ണ​​മാ​​യി സാ​​ധൂ​​ക​​രി​​ക്ക​​പ്പെ​​ടു​​മെ​​ന്നും ഞാ​​ൻ പ്ര​​തീ​​ക്ഷി​​ക്കു​​ന്നു’’ (p.49).

തമ്പിരാ​ന്റെ സ്കൂൾ പഠനത്തെ സംബന്ധിച്ച് ഹെഡ്മാസ്റ്റർ എഴുതിയ കത്ത്

20നു ​​ത​​ന്നെ പ്രി​​ൻ​​സി​​പ്പ​​ൽ എ​​ൽ.​​സി. ഹോ​​ജ്സ​​ൻ (മു​​ൻ ഇം​​ഗ്ലീ​​ഷ​് പ്ര​​ഫ​​സ​​ർ) വീ​​ണ്ടും ക​​നി​​വോ​​ടെ പ്രി​​യ ശി​​ഷ്യ​​നെ വ​​ർ​​ണി​​ച്ചു:

‘‘മൂ​​ന്നു​​കൊ​​ല്ല​​ത്തോ​​ളം മു​​മ്പ് ഞാ​​ൻ മി​​സ്റ്റ​​ർ ടി.​​വി. ത​​മ്പി​​രാ​​ന് (thampiran) ന​​ൽ​​കി​​യ സാ​​ക്ഷ്യ​​പ​​ത്ര​​ത്തോ​​ടു കൂ​​ട്ടി​​ച്ചേ​​ർ​​ക്കാ​​ർ കു​​റ​​ച്ചേ​​യു​​ള്ളൂ എ​​നി​​ക്ക്. അ​​യാ​​ൾ കോ​​ള​​ജി​​ൽ ത​​ന്റെ പ​​ഠ​​നം തു​​ട​​ർ​​ന്ന് 1911ൽ ​​ഇം​​ഗ്ലീ​​ഷി​​ൽ ഡി​​സ്റ്റി​​ങ്ഷ​​നോ​​ട് കൂ​​ടി ഇ​​ന്റ​​ർ​​മീ​​ഡി​​യ​​റ്റ് പ​​രീ​​ക്ഷ പാ​​സാ​​യി. അ​​നാ​​രോ​​ഗ്യ​​ത്തി​​ന്റെ ഒ​​രു താ​​ൽ​ക്കാ​​ലി​​ക ഇ​​ട​​വേ​​ള​​യി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ അ​​യാ​​ൾ ത​​ന്റെ കോ​​ഴ്സ് ഇ​​തി​​നു​​​മു​​മ്പേ അ​​ഭി​​മാ​​ന​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കു​​മാ​​യി​​രു​​ന്നു എ​​ന്ന​​തി​​ൽ സം​​ശ​​യ​​മേ​​യി​​ല്ല. അ​​സു​​ഖം മാ​​റി​​യ​​ശേ​​ഷം അ​​യാ​​ൾ ന​​ന്നാ​​യി ജോ​​ലി​​ചെ​​യ്തു. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ​​കൊ​​ല്ലം അ​​ധി​​ക​​നാ​​ളും ഞാ​​ൻ കോ​​ള​​ജി​​ൽ ഇ​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ൽ അ​​യാ​​ളെ നി​​രീ​​ക്ഷി​​ക്കാ​​ൻ എ​​നി​​ക്ക് അ​​വ​​സ​​രം കു​​റ​​വാ​​യി​​രു​​ന്നു. മാ​​തൃ​​കാ​​പ​​ര​​മാ​​യ സ്വ​​ഭാ​​വ​​മു​​ള്ള അ​​യാ​​ൾ​​ക്ക് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണ് വി​​ജ​​യം’’ (p.39).

മേ​​ൽ സൂ​​പി​​പ്പി​​ച്ച അ​​സു​​ഖ​​ത്തി​​ന്റെ സാ​​ഹ​​ച​​ര്യം വി​​ശ​​ദ​​മാ​​ക്കു​​ന്ന​​താ​​ണ്, സ്കോ​​ള​​ർ​​ഷി​​പ് കാ​​ര്യ​​ത്തി​​ൽ വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ 5.11. 1913ന് ​​ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​ക്ക് എ​​ഴു​​തി​​യ ക​​ത്ത്:

‘‘NO. 9721 / 705 : E 2988 ------- 8.11.13

താ​​ങ്ക​​ൾ മേ​​ലൊ​​പ്പു​​െ​വ​​ച്ച​​തും മാ​​ർ​​ജി​​നി​​ൽ സൂ​​ചി​​പ്പി​​ച്ച​​തു​​മാ​​യ ക​​ത്തു​​ക​​ളോ​​ട് ചേ​​ർ​​ത്ത് താ​​ഴെ വി​​വ​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​ടെ പ്ര​​ത്യേ​​ക സ്വ​​ഭാ​​വം പ​​രി​​ഗ​​ണി​​ക്കേ​​ണ്ട​​തു​​ണ്ട്. G.O. No. E 1347 of 20-7-11 പ്ര​​കാ​​രം ടി.​​വി. ത​​മ്പി​​രാ​​ന് (Thumberan) അ​​നു​​വ​​ദി​​ച്ച 10 രൂ​​പ​​യു​​ടെ സ്കോ​​ള​​ർ​​ഷി​​പ്പ് അ​​യാ​​ളു​​ടെ ബി.​​എ പാ​​സ് കോ​​ഴ്സ് പ​​ഠ​​ന​​ത്തി​​നാ​​യി 1.7.1913 തൊ​​ട്ട് ഒ​​രു അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തേ​​ക്ക്കൂ​​ടി നീ​​ട്ടി​​ക്കൊ​​ടു​​ക്കാ​​ൻ സ​​ർ​​ക്കാ​​റി​​ന് ദ​​യ​​യു​​ണ്ടാ​​ക​​ണം.

II. വി​​ദ്യാ​​ഭ്യാ​​സ​​പ​​ര​​മാ​​യി വ​​ള​​രെ പി​​ന്നാ​​ക്ക​​മാ​​യ വ​​ള്ളു​​വ സ​​മു​​ദാ​​യ​​ത്തി​​ൽ​​പെ​​ട്ട​​യാ​​ളാ​​ണ് വി​​ദ്യാ​​ർ​​ഥി. പു​​റം​സ​​ഹാ​​യ​​മി​​ല്ലാ​​തെ പ​​ഠ​​നം ന​​ട​​ത്താ​​നാ​​വാ​​ത്ത വി​​ധ​​മു​​ള്ള​​താ​​ണ് അ​​യാ​​ളു​​ടെ സാ​​മ്പ​​ത്തി​​ക​സ്ഥി​​തി. 2 കൊ​​ല്ലം ആ​​ദ്യ സ്കോ​​ള​​ർ​​ഷി​​പ് ഉ​​പ​​യോ​​ഗി​​ച്ച് പ​​ഠി​​ച്ച ശേ​​ഷം അ​​യാ​​ൾ ബി.​​എ ഡി​​ഗ്രി പ​​രീ​​ക്ഷ​​യി​​ൽ തോ​​റ്റെ​​ങ്കി​​ലും പ്രി​​ൻ​​സി​​പ്പ​​ൽ റി​​പ്പോ​​ർ​ട്ട് ചെ​​യ്ത​ത്, ക​​ഴി​​ഞ്ഞ അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ അ​​ധി​​ക​​ഭാ​​ഗ​​വും അ​​യാ​​ളു​​​ടെ ആ​​രോ​​ഗ്യ​സ്ഥി​​തി മോ​​ശ​​മാ​​യി​​രു​​ന്നു എ​​ന്നും, ആ​​ദ്യ​​മേ അ​​യാ​​ൾ കാ​​ത്തു​​സൂ​​ക്ഷി​​ച്ചി​​രു​​ന്ന ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​ത്തി​​ന് ഇ​​ടി​​വു​ത​​ട്ടി​​യ​​ത് ഈ ​​അ​​നാ​​രോ​​ഗ്യം മൂ​​ല​​മാ​​ണെ​​ന്നു​​മാ​​ണ്. ഇ​​ത് കൂ​​ടാ​​തെ ഞാ​​ൻ വ്യ​​ക്തി​​പ​​ര​​മാ​​യി പ്രി​​ൻ​​സി​​പ്പ​​ലി​​നോ​​ടും മി​​സ്റ്റ​​ർ Slossനോ​​ടും ച​​ർ​​ച്ച​​ചെ​​യ്തു. വി​​ദ്യാ​​ർ​​ഥി​​യു​​ടെ ആ​​രോ​​ഗ്യം മോ​​ശ​​മാ​​കു​​ന്ന​​തി​​ന് മു​​മ്പു​​ണ്ടാ​​യി​​രു​​ന്ന പു​​രോ​​ഗ​​തി​​യും ഇ​​പ്പോ​​ഴ​​ത്തേ​​തും വി​​ല​​യി​​രു​​ത്തി​​യ​​തി​​ൽ​​നി​​ന്ന് എ​​നി​​ക്ക് ബോ​​ധ്യ​​മാ​​യ​​ത്, അ​​യാ​​ളു​​ടെ തോ​​ൽ​​വി അ​​നാ​​രോ​​ഗ്യം​മൂ​​ല​​മാ​​ണെ​​ന്നാ​​ണ്.

III. അ​​തി​​നാ​​ൽ ഞാ​​ൻ അ​​പേ​​ക്ഷി​​ക്കു​​ന്ന​​ത്, ഇ​​പ്പോ​​ൾ സ്കോ​​ള​​ർ​​ഷി​​പ് നീ​​ട്ടി​​ക്കൊ​​ടു​​ക്ക​​ണ​​മെ​​ന്നു​​ള്ള ശി​​പാ​​ർ​​ശ അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ്’’ (pp. 61, 63).

ബി.​​എ പ​​രീ​​ക്ഷ​​യി​​ൽ തോ​​റ്റ​​തി​​നെ തു​​ട​​ർ​​ന്ന്, സ്കോ​​ള​​ർ​​ഷി​​പ്പി​​നും ഫീ​​സ് ഒ​​ഴി​​വാ​​ക്ക​​ലി​​നു​​മാ​​യി ത​​മ്പി​​രാ​​ൻ 1913 ജൂ​ൺ 9ന്​ ​​എ​​ഴു​​തി​​യ അ​​പേ​​ക്ഷ വെ​​ച്ച് വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ൽ, മേ​​ലു​​ത്ത​​ര​​വി​​നാ​​യി ത​​യാ​​റാ​​ക്കി​​യ​​തും 1913 ജൂ​ൺ 12ന്​ ​ഡ​​യ​​റ​​ക്ട​​ർ​ക്ക് അ​​യ​​ച്ച​​തു​​മാ​​യ ഓ​​ഫി​​സ് നോ​​ട്ടി​​ൽ​​നി​​ന്ന് ആ ​​അ​​പേ​​ക്ഷ​​യു​​ടെ സാ​​രം: ‘‘പു​​തി​​യ യൂ​​നി​​വേ​​ഴ്സി​​റ്റി റെ​​ഗ​ു​​ലേ​​ഷ​​നു​​ക​​ൾ പ്ര​​കാ​​രം ​അ​​പേ​​ക്ഷ​​ക​​ൻ ബി.​​എ ക്ലാ​​സി​​ൽ ഒ​​രു വ​​ർ​​ഷം​കൂ​​ടി പ​​ഠി​​ച്ചാ​​ലേ ഡി​​ഗ്രി പ​​രീ​​ക്ഷ​​ക്ക് ഇ​​രി​​ക്കാ​​നാ​​വൂ. അ​​തി​​ന് പു​​റം​സ​​ഹാ​​യം വേ​​ണ്ട​​തു​​ണ്ട്. മു​​മ്പ് അ​​നു​​വ​​ദി​​ച്ച സ്കോ​​ള​​ർ​​ഷി​​പ് ഒ​​രാ​​ണ്ടു​​കൂ​​ടി നീ​​ട്ടി​​ത്ത​​ര​​ണ​​മെ​​ന്ന് അ​​പേ​​ക്ഷി​​ക്കു​​ന്നു. 1912-13ലേ​​ക്ക് മു​​മ്പ് അ​​ങ്ങ​​നെ ചെ​​യ്തി​​ട്ടു​​ണ്ട് എ​​ന്ന് ഒാ​​ർ​​മി​​പ്പി​​ക്കു​​ന്നു. ഇ​​ത് സാ​​ധ്യ​​മ​​ല്ലെ​​ങ്കി​​ൽ അ​​ടു​​ത്ത അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തേ​​ക്ക് കോ​​ഴ്സ് ഫീ​​സി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​ത്ത​​ര​​ണം. അ​​ല്ലെ​​ങ്കി​​ൽ ബ്രി​​ട്ടീ​​ഷ് ഇ​​ന്ത്യ​​യി​​ൽ പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും തി​​രു​​വി​​താം കൂ​​റി​​ൽ മു​​ഹ​​മ്മ​​ദ​​ന്മാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും ന​​ൽ​​കു​​ന്ന​​തു​​പോ​​ലു​​ള്ള മ​​റ്റു​വ​​ല്ല ഇ​​ള​​വും ത​​ര​​ണം’’ (pp.3-4).

ര​​ണ്ടു മാ​​സ​​മെ​​ത്തി​​യ​​പ്പോ​​ൾ ത​​മ്പി​​രാ​​ന്റെ പി​​താ​​വ് വി. ​​തൊ​​ള​​സി​​ലിം​​ഗം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു (?) ന​​ൽ​​കി​​യ 1913 ആ​ഗ​സ്​​റ്റ്​ 5ന്റെ ​​ഹ​​ര​​ജി വെ​​ച്ച് മേ​​ലു​​ത്ത​​ര​​വി​​നാ​​യി ത​​യാ​​റാ​​ക്കി​​യ​​തും 1913 ആ​ഗ​സ്​​റ്റ്​ 13ന്​ ​​ഡ​​യ​​റ​​ക്ട​​ർ​​ക്ക് അ​​യ​​ച്ച​​തു​​മാ​​യ നോ​​ട്ടി​​ൽ​​നി​​ന്ന് ആ ​​അ​​പേ​​ക്ഷ​​യു​​ടെ സാ​​രം: ‘‘മ​​ദ്രാ​​സ് എ​​ജു​ക്കേ​​ഷ​​ൻ റൂ​​ൾ​​സ് (art 102, 5th edition), മ​​ദ്രാ​​സ് ഗ്രാ​​ന്റ് -ഇ​​ൻ- എ​​യ്ഡ് കോ​​ഡ് (corrected up to 31.3.13) ഇ​​വ ത​​ന്റെ വ​​ള്ളു​​വ​​ർ ജാ​​തി​​യെ, ത​ങ്ങ​​ളു​​ടെ ആ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ സ്കോ​​ള​​ർ​​ഷി​​പ്പി​​നും ഫീ​​സ് ഇ​​ള​​വു​​ക​​ൾ​​ക്കു​​മാ​​യി പി​​ന്നാ​​ക്കം എ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്’’ (p.5).

ത​​ന്റെ സ്കോ​​ള​​ർ​​ഷി​പ് നീ​​ട്ടു​​ന്ന​​തി​​ന് ത​​മ്പി​​രാ​​ൻ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ലേ​​ക്ക് ന​​ൽ​​കി​​യ അ​​പേ​​ക്ഷ​​യി​​ന്മേ​​ൽ പ്ര​​ത്യേ​​ക കേ​​സ് എ​​ന്ന നി​​ല​​ക്ക് ഡ​​യ​​റ​ക്ട​ർ ഡോ. [​എ.​ഡ​​ബ്ല്യു] ബി​​ഷ​​പ് 1913 ന​വം​ബ​ർ 5ന്​ ​​അ​​നു​​കൂ​​ല​​മാ​​യി ഉ​​ത്ത​​ര​​വി​​ട്ടെ​​ന്നും 1913 ജൂ​ലൈ 1​ തൊ​​ട്ട് ഒ​​രു കൊ​​ല്ല​​ത്തേ​​ക്ക് കൂ​​ടി പ്ര​​തി​​മാ​​സം 10 രൂ​​പ​​യു​​ടെ സ്കോ​​ള​​ർ​​ഷി​​പ് അ​​നു​​വ​​ദി​​ക്കാ​​ൻ സ​​ർ​​ക്കാ​​റി​​നോ​​ട് ശി​​പാ​​ർ​​ശ​​ചെ​​യ്തെ​​ന്നും കാ​​ണു​​ന്നു, 1913 ന​വം​ബ​ർ 13ന്​ ​ഇ​​നി​​ഷ്യ​​ൽ ചെ​​യ്തു എ​​ന്ന് ക​​രു​​താ​​വു​​ന്ന ഒ​​രു ഓ​​ഫി​​സ് നോ​​ട്ടി​​ൽ (pp.7-8).

മദ്രാസ് ലോ കോളജ് -ഒരു പഴയകാല ചിത്രം

1913 ന​വം​ബ​ർ 13ന്​ ​​ദി​​വാ​​ൻ, സ​​ർ​​വാ​​ധി​​കാ​​ര്യ​​ക്കാ​​ർ വ​​ഴി [ശ്രീ​​മൂ​​ലം തി​​രു​​നാ​​ൾ] മ​​ഹാ​​രാ​​ജാ​​വി​​ന് എ​​ഴു​​തി​​യ D.O ക​​ത്തി​​ൽ (No. 6. 3080, 197 of 11) അ​​പേ​​ക്ഷി​​ക്കു​​ന്ന​​ത്, ബി.​​എ പ​​രീ​​ക്ഷ​​യി​​ൽ തോ​​റ്റെ​​ങ്കി​​ലും ത​​മ്പി​​രാ​​ന്, പ്ര​​തി​​മാ​​സം 10 രൂ​​പ​​യു​​ടെ സ്കോ​​ള​​ർ​​ഷി​​പ് ഒ​​രു കൊ​​ല്ല​​ത്തേ​​ക്കു​കൂ​​ടി നീ​​ട്ടി​​ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ്. തോ​​ൽ​​വി​​ക്ക് കാ​​ര​​ണ​​മാ​​യ പ്ര​​ത്യേ​​ക സാ​​ഹ​​ച​​ര്യം ത​​നി​​ക്ക് ബോ​​ധ്യ​​മാ​​യെ​​ന്ന് സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ബി​​ഷ​​പ് അ​​യ​​ച്ച ക​​ത്തും ദി​​വാ​​ൻ കൂ​​ടെ വെ​​ച്ചി​​ട്ടു​​ണ്ട് (p.59).

പി​​റ്റേ​​ന്നു​​ത​​ന്നെ സ​​ർ​​വാ​​ധി​​കാ​​ര്യ​​ക്കാ​​ർ ദി​​വാ​​ന് (ദി​​വാ​​ൻ ബ​​ഹാ​​ദൂ​​ർ പി. ​​രാ​​ജ​​ഗോ​​പാ​​ലാ​ചാ​​രി) മ​​റു​​പ​​ടി​​യെ​​ഴു​​തി (No. 3691: No. E. 306, 15.11.13) ദി​​വാ​​​ന്റെ അ​​പേ​​ക്ഷ പ്ര​​കാ​​രം ത​​മ്പി​​രാ​​ന് സ്കോ​​ള​​ർ​​ഷി​​പ് നീ​​ട്ടി ന​​ൽ​​കാ​​ൻ മ​​ഹാ​​രാ​​ജാ​​വ് അ​​നു​​വ​​ദി​​​ച്ചു​​വെ​​ന്ന് (p.57).

1913 ന​വം​ബ​ർ 21ന്​ ​ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​ക്കു​​വേ​​ണ്ടി വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ​​ക്ക് എ​​ഴു​​തി​​യ ക​​ത്തി​​ൽ (No. E. 3202), ത​​മ്പി​​രാ​​ന് സ്കോ​​ള​​ർ​​ഷി​​പ് നീ​​ട്ടി​​ന​​ൽ​​കാ​​ൻ സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ച്ചെ​​ന്ന് അ​​റി​​യി​​ച്ചു (p.55). E. 3203 എ​​ന്ന ന​​മ്പ​​റി​​ട്ട് താ​​ഴെ കു​​റി​​ച്ച​​ത്: ‘‘Copy to A.O. [Accounts Office] in continuation of this office letter No. E 1348 dated 20.7.13.’’

മ​​ദ്രാ​​സ് ലോ ​​കോ​​ള​​ജി​​ൽ ചേ​​രു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​യി​​രി​​ക്കാം, മ​​ദ്രാ​​സ് വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ​​ക്ക് ത​​മ്പി​​രാ​​ൻ 1914 ജൂ​ൺ എ​ട്ടി​ന്​ എ​​ഴു​​തി​​യ ക​​ത്തി​​ന് ലോ ​​കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ 20.6.14ന് ​​എ​​ഴു​​തി​​യ മ​​റു​​പ​​ടി​​യു​​ടെ സാ​​രം: ‘‘പി​​ന്നാ​ക്ക വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കോ, ഗ്രാ​​ന്റ് -ഇ​​ൻ- എ​​യ്ഡ് കോ​​ഡി​​ലെ ആ​​ർ​​ട്ടി​​ക്ക്ൾ 15ൽ ​​പ​​റ​​യു​​ന്ന ജാ​​തി​​ക​ളി​​ൽ​പെ​​ട്ട​​വ​​ർ​​ക്കോ മാ​​ത്ര​​മാ​​ണ് പ​​കു​​തി ഫീ​​സ് സൗ​​ജ​​ന്യം ന​​ൽ​​കു​​ന്ന​​ത്’’ (p. 35).

പു​​തി​​യ ദി​​വാ​​ന് [എം. ​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ] 1914 ആ​ഗ​സ്​​റ്റ്​ 1ന്​ ​​ടി.​​വി. ത​​മ്പി​​രാ​​ൻ (thamperan) മ​​നോ​​ഹ​​ര​​മാ​​യ കൈ​​യെ​​ഴു​​ത്തി​​ൽ ഇം​​ഗ്ലീ​​ഷി​​ൽ ത​​യാ​​റാ​​ക്കി​​യ അ​​പേ​​ക്ഷ​​യി​​ൽ (E 1940, 7-8-14) ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്, മ​​ഹാ​​രാ​​ജാ​​വി​​ന്റെ പ്ര​​ജ​​ക​​ളി​​ൽ സാ​​മ്പ​​ത്തി​​ക​​മാ​​യും വി​​ദ്യാ​​ഭ്യാ​​സ​​പ​​ര​​മാ​​യും ഏ​​റ്റ​​വും പി​​ന്നി​​ലു​​ള്ള സ​​മു​​ദാ​​യ​​ങ്ങ​​ളി​​ൽ​​പെ​​ട്ട​​വ​​നാ​​യ​​തു​​കൊ​​ണ്ട്, തി​​രു​​വ​​ന​​ന്ത​​പു​​രം ലോ ​​കോ​​ള​​ജി​​ൽ മു​​ഹ​​മ്മ​​ദ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ന​​ൽ​​കു​​ന്ന അ​​തേ പ​​കു​​തി ഫീ​​സ് സൗ​​ജ​ന്യം ത​​നി​​ക്കും അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​ണ്. വ​​ർ​​ഷ​​ങ്ങ​​ൾ​ക്ക് മു​​മ്പ് ത​​ന്റെ മാ​​താ​​പി​​താ​​ക്ക​​ൾ താ​​മ​​സ​​മാ​​ക്കി​​യ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത​ാ​ണ് താ​​ൻ ജ​​നി​​ച്ച​​തെ​​ന്നും, അ​​തു​​കൊ​​ണ്ട് താ​​ൻ മ​​ഹാ​​രാ​​ജാ​​വി​​ന്റെ ഒ​​രു പ്ര​​ജ​​യാ​​ണെ​​ന്നും അ​​വി​​ട​​ത്തെ ഉ​​ദാ​​ര​​മാ​​യ ദ​​യാ​​വാ​​യ്പാ​​ണ് ഇ​​ന്നോ​​ളം വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ൽ മു​​ന്നേ​​റാ​​ൻ ത​​ന്നെ തു​​ണ​​ച്ച​​തെ​​ന്നും പ​​റ​​യു​​ന്നു അ​​തി​​ൽ. അ​​നു​​യോ​​ജ്യ​​മാ​​യ ഒ​​രു ഔ​​​ദ്യോ​​ഗി​​ക ജീ​​വി​​ത​​ത്തി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ താ​​ൻ അ​​ങ്ങേ​​യ​​റ്റം ഉ​​ത്സു​​ക​​നാ​​ണ്; തി​​രു​​വ​​ന​​ന്ത​​പു​​രം ലോ ​​കോ​​ള​​ജി​​ൽ ചേ​​രു​​ന്ന​​തി​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്; ബി.​​എ​​ക്ക് ഐ​​ച്ഛി​​ക വി​​ഷ​​യ​​ങ്ങ​​ൾ ച​​രി​​ത്ര​​വും ധ​​ന​​ശാ​​സ്ത്ര​​വു​​മാ​​യി​​രു​​ന്നു. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ൽ വി​​ദ്യാ​​ഭ്യാ​​സ​​പ​​ര​​മാ​​യി ഏ​​റ്റ​​വും പി​​ന്നി​​ലു​​ള്ള സ​​മു​​ദാ​​യ​​ങ്ങ​​ളി​​ൽ​​പെ​​ട്ട വ​​ള്ളു​​വ ജാ​​തി​​ക്കാ​​ര​​നാ​​ണ്. തി​​രു​​വി​​താം​​കൂ​​റി​​ലെ പ​​ഞ്ച​​മ സ​​മു​​ദാ​​യ​​ത്തി​​ൽ​​നി​​ന്നു​​ള്ള ആ​​ദ്യ ബി​​രു​​ദ​​ധാ​​രി​​യാ​​ണ് താ​​ൻ. മ​​ദ്രാ​​സ് ലോ ​​കോ​​ള​​ജ് ത​​നി​​ക്ക്, പ​​ഞ്ച​​മ സ​​മു​​ദാ​​യ​​ക്കാ​​ര​​നാ​​യ​​തു​​കൊ​​ണ്ട്, പ​​കു​​തി ഫീ​​സ് സൗ​​ജ​​ന്യം ത​​രും; പ്രി​​ൻ​​സി​​പ്പ​​ലി​​ന്റെ ക​​ത്ത് കൂ​​ടെ വെ​​ക്കു​​ന്നു. പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​യ​​തി​​നാ​​ൽ ത​​നി​​ക്ക് ആ​​ർ​​ട്സ് കോ​​ള​​ജി​​ൽ പ്ര​​ത്യേ​​ക സ​​ർ​​ക്കാ​​ർ സ്കോ​​ള​​ർ​​ഷി​​പ് കി​​ട്ടി​​യി​​രു​​ന്നെ​​ന്ന് സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്ന മി​​സ്റ്റ​​ർ എ​​ൽ.​​സി. ഹോ​​ജ്സ​​ന്റെ ക​​ത്തും കൂ​​ടെ വെ​​ക്കു​​ന്നു. ത​​ന്റെ പ്ര​​ഫ​സ​​ർ​​മാ​​ർ അ​​ത​​തു സ​​മ​​യം ന​​ൽ​​കി​​യ സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ളു​​ടെ കോ​​പ്പി​​ക​​ളും വെ​​ക്കു​​ന്നു (pp. 27-29).

ഈ ​​ക​​ത്തി​​ന്റെ ടൈ​​പ് ചെ​​യ്ത ട്രൂ​​കോ​​പ്പി​​യി​​ൽ Thampiran എ​​ന്നാ​​ണു​​ള്ള​​ത് (pp. 31, 33).

ഈ ​​ക​​ത്ത് കി​​ട്ടി​​യ​​തി​​നെ കു​​റി​​ച്ചു​​ള്ള ഒ​​രു ഓ​​ഫി​​സ് നോ​​ട്ടി​​ൽ (1914 സെ​പ്​​റ്റം​ബ​ർ 22ന്) ​മു​​ഹ​​മ്മ​​ദ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​കു​​തി ഫീ​​സ് സൗ​​ജ​​ന്യം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ലോ ​​കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ അ​​റി​​യി​​ച്ച​​താ​​യി ഹൈ​​കോ​​ട​​തി ര​​ജി​​സ്ട്രാ​​റു​​ടെ മ​​റു​​പ​​ടി കി​​ട്ടി​​യെ​​ന്നു​​ണ്ട് (p.10). ര​​ജി​​സ്ട്രാ​​റോ​​ട്, ഹു​​സൂ​​ർ ക​​ച്ചേ​​രി​​യി​​ൽ​​നി​​ന്ന് പ്ര​​സ്തു​​ത വി​​വ​​രം ചോ​​ദി​​ച്ചെ​​ഴു​​തി​​യ​​ത് 1914 സെ​പ്​​റ്റം​ബ​ർ 8നാ​ണെ​​ന്ന് (No. J 6867, 71 of 14) ആ ​​ക​​ത്തി​​ന്റെ കോ​​പ്പി​​യി​​ൽ കാ​​ണു​​ന്നു (p.25). ര​​ജി​​സ്ട്രാ​​ർ 1914 സെ​പ്​​റ്റം​ബ​ർ18​ന്​ ​എ​​ഴു​​തി​​യ മ​​റു​​പ​​ടി (No. 1648, c.s) അ​​ന്നു​​ത​​ന്നെ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യു​​ടെ ഓ​​ഫി​​സി​​ലെ​​ത്തി​​യെ​​ന്ന് ഹു​​സൂ​​ർ ക​​ച്ചേ​​രി​​യു​​ടെ ഡേ​റ്റ്സ്റ്റാ​​മ്പി​​ൽ​​നി​​ന്ന് അ​​റി​​യാം (J. 7400, 21.9.’14: page 23).

ത​​മ്പി​​രാ​​ൻ 1914 ആ​ഗ​സ്​​റ്റ്​ 1ന്​ ​ദി​​വാ​​ന് എ​​ഴു​​തി​​യ ലോ ​​കോ​​ള​​ജി​​ൽ പ​​കു​​തി ഫീ​​സ് സൗ​​ജ​​ന്യ​​ത്തി​​നു​​ള്ള അ​​പേ​​ക്ഷ​​യു​​ടെ കോ​​പ്പി, ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യു​​ടെ 1914 ഒ​ക്​​ടോ​ബ​ർ 16ന്റെ ​​ക​​ത്തോ​​ടു​​കൂ​​ടി (No. J 8089, 71 of ’14) ഹൈ​​കോ​​ട​​തി ര​​ജി​​സ്ട്രാ​​ർ​​ക്ക് അ​​ഭി​​പ്രാ​​യ​​ത്തി​​നാ​​യി അ​​യ​​ച്ചു (pp. 21-22). പ​​ക്ഷേ, അ​​തി​​ന് മ​​റു​​പ​​ടി കി​​ട്ടി​​യി​​ല്ല. തു​​ട​​ർ​​ന്ന് 1914 ​ന​വം​ബ​ർ 12ന്​ ​​ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യു​​ടെ ഓ​​ഫി​​സി​​ൽ​​നി​​ന്ന് ര​​ജി​​സ്ട്രാ​​ർ​​ക്ക് Reminder No. 1 (No. J 8879, 71 of ’14) എ​​ഴു​​തി​​യ​​യ​​ച്ചു (p.19). അ​​തി​​നും മ​​റു​​പ​​ടി കി​​ട്ടാ​​ഞ്ഞ​​തി​​നാ​​ൽ 1914 ന​വം​ബ​ർ 28ന്​ reminder No. 2 (No. J 9364, 71 of ’14) ​​എ​​ഴു​​തി: ‘‘Calling for the remarks of the High Court in re. the grant of half fee concession in the Law College to Mr. T.V. Thampiran’’ (p.17). തു​​ട​​ർ​​ന്ന് 1914 ഡി​സം​ബ​ർ 7ന്​ ​​ഹൈ​​കോ​​ട​​തി ആ​​ക്ടി​​ങ് ര​​ജി​​സ്ട്രാ​​ർ (പി.​​സി. നാ​​രാ​​യ​​ണ മേ​​നോ​​ൻ) ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​ക്ക് മ​​റു​​പ​​ടി​​യെ​​ഴു​​തി (No. 2326, C.S: J. 9519, 8.12.’14): ‘‘ഫീ​​സ് ഇ​​ള​​വ് കാ​​ര്യ​​ത്തി​​ൽ ഹൈ​​കോ​​ട​​തി ഒ​​രു അ​​ഭി​​പ്രാ​​യ​​വും പ​​റ​​യു​​ന്നി​​ല്ല; അ​​ത് സ​​ർ​​ക്കാ​​റി​​ന്റെ കാ​​ര്യ​​മാ​​ണ്. ഇ​​പ്പ​​റ​​യു​​ന്ന Thampiran ഇ​​പ്പോ​​ൾ ഹൈ​​കോ​​ട​​തി​​യി​​ൽ 20-25 രൂ​​പ സ്കെ​​യ്‍ലി​​ൽ ഒ​​രു ക്ല​ർ​​ക്കാ​​യി ജോ​​ലി​​ചെ​​യ്യു​​ക​​യാ​​ണെ​​ന്നും അ​​റി​​യി​​ക്കു​​ന്നു (p. 15).

ആർക്കൈവ്സ് രേഖ

ലോ ​​കോ​​ള​​ജി​​ൽ പ​​കു​​തി ഫീ​​സ് ഇ​​ള​​വ് ചോ​​ദി​​ച്ച ത​​മ്പി​​രാ​​ന് 18 മാ​​സം ക​​ഴി​​ഞ്ഞി​​ട്ടും അ​​തി​​ന് മ​​റു​​പ​​ടി കി​​ട്ടി​​യി​​ല്ല. ഇ​​തി​​നി​​ട​​ക്ക് ഹു​​സൂ​​ർ ക​​ച്ചേ​​രി​​യി​​ൽ അ​​തി​​ന് എ​​ന്തു സം​​ഭ​​വി​​ച്ചു എ​​ന്ന​​റി​​യാ​​തെ​​യാ​​ക​​ണം ത​​മ്പി​​രാ​​ൻ 1916 ഫെബ്രുവരി 28 ന് ​​ദി​​വാ​​ന് [എം. ​​കൃ​​ഷ്ണ​​ൻ​​നാ​​യ​​ർ] ഇം​​ഗ്ലീ​​ഷി​​ൽ അ​​പേ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​ത് (J. 1908, 1.3.’16: 71/------1914): ‘‘വി​​ദ്യാ​​ഭ്യാ​​സ​​പ​​ര​​മാ​​യി ദ​​ക്ഷി​​ണേ​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും പി​​ന്നാ​​ക്ക​​മാ​​യ സ​​മു​​ദാ​​യ​​ങ്ങ​​ളി​​ലു​​ള്ള പ​​ഞ്ച​​മ​​രി​​ൽ​പെ​​ട്ട​​യാ​​ളാ​​ണ് ഞാ​​ൻ. തി​​രു​​വി​​താം​​കൂ​​റി​​ൽ എ​​ന്റെ സ​​മു​​ദാ​​യ​​ത്തി​​ൽ​​നി​​ന്നു​​ള്ള ആ​​ദ്യ​​ത്തെ, ഒ​​രേ​​യൊ​​രു, ഹി​​ന്ദു ബി​​രു​​ദ​​ധാ​​രി​​യാ​​ണ് ഞാ​​ൻ. പ​​ഞ്ച​​മ സ​​മു​​ദാ​​യ​​ക്കാ​​ര​​നാ​​യ​​തു​​കൊ​​ണ്ട്, മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ് പ​​ഠ​​ന​​കാ​​ല​​ത്ത് തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നു കൊ​​ല്ലം തി​​രു​​വി​​താം​​കൂ​​ർ സ​​ർ​​ക്കാ​​ർ എ​​നി​​ക്ക് പ്ര​​തി​​മാ​​സം 10 രൂ​​പ പ്ര​​ത്യേ​​ക സ്കോ​​ള​​ർ​​ഷി​​പ് ത​​ന്നി​​ട്ടു​​ണ്ട്. നി​​യ​​മ​​പ​​ഠ​​നം ന​​ട​​ത്താ​​ൻ എ​​നി​​ക്ക് വ​​ലി​​യ ആ​​ഗ്ര​​ഹ​​മു​​ണ്ട്. തി​​രു​​വ​​ന​​ന്ത​​പു​​രം ലോ ​​കോ​​ള​​ജി​​ൽ മു​​ഹ​​മ്മ​​ദ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​കു​​തി ഫീ​​സ് ഇ​​ള​​വ് ന​​ൽ​​കു​​ന്ന​​താ​​യി ഞാ​​ൻ മ​​ന​​സ്സി​​ലാ​​ക്കു​​ന്നു. മ​​ഹാ​​രാ​​ജ തി​​രു​​മ​​ന​​സ്സി​​ന്റെ പ്ര​​ജ​​ക​​ളി​​ൽ സാ​​മ്പ​​ത്തി​​ക​​മാ​​യും വി​​ദ്യാ​​ഭ്യാ​​സ​​പ​​ര​​മാ​​യും ഏ​​റ്റ​​വും പി​​ന്നാ​​ക്ക​​മാ​​യ സ​​മു​​ദാ​​യ​​ത്തി​​ലു​​ള്ള​​വ​​നാ​​ണ് ഞാ​​നെ​​ന്ന് അ​​വി​​ട​​ത്തേ​​ക്ക് അ​​റി​​യാം. ബ്രി​​ട്ടീ​​ഷ് സ​​ർ​​ക്കാ​​ർ, പ​​ഞ്ച​​മ​​രു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യി സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ളും ഫീ​​സി​​ള​​വു​​ക​​ളും അ​​നു​​വ​​ദി​​ക്കു​​ന്നു​​ണ്ടെ​​ന്നും ഞാ​​ൻ പ​​റ​​യ​​ട്ടെ. (Vide Art. 102 of the Madras Educational Rules Vth edition and Art.15 of the Grant in aid code of the Madras Educational Dept.). കൂ​​ടാ​​തെ, മ​​ദ്രാ​​സ് ലോ ​​കോ​​ള​​ജി​​ൽ പ​​ഞ്ച​​മ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​കു​​തി ഫീ​​സി​​ള​​വ് ന​​ൽ​​കു​​ന്നു​​ണ്ട്. തി​​രു​​വ​​ന​​ന്ത​​പു​​രം ലോ ​​കോ​​ള​​ജി​​ൽ മു​​ഹ​​മ്മ​​ദ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള പ​​കു​​തി ഫീ​​സി​​ള​​വ് എ​​നി​​ക്കും ത​​രു​​മാ​​റാ​​ക​​ണ​​മെ​​ന്ന്, ഞാ​​ൻ അ​​ത്യ​​ധി​​കം വി​​ന​​യ​​ത്തോ​​ടെ അ​​വി​​ടു​​ന്നി​​നോ​​ട് കേ​​ണ​​പേ​​ക്ഷി​​ക്കു​​ന്നു’’ (P.13).

എ​​ന്നാ​​ൽ, ഇ​​തി​​ന് 14 മാ​​സം മു​​മ്പു​​ത​​ന്നെ, 1.8.’14ന്റെ ​​അ​​പേ​​ക്ഷ കൈ​​പ്പ​​റ്റി നാ​​ലു​മാ​​സം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ, ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യു​​ടെ ഓ​​ഫി​​സി​​ൽ (?) ത​​മ്പി​​രാ​​ന്റെ ഭാ​​വി തീ​​ർ​​ച്ച​​പ്പെ​​ട്ടു ക​​ഴി​​ഞ്ഞി​​രു​​ന്നു. വ​​ലി​​യ പ്ര​​തീ​​ക്ഷ​​യോ​​ടെ നി​​യ​​മ​​പ​​ഠ​​ന​​ത്തി​​ന് ഒ​​രു​​ങ്ങി​​യി​​രു​​ന്ന ആ ​​യു​​വാ​​വി​​ന്റെ കാ​​ര്യം അ​​വ​​ർ ഓ​​ഫി​​സ് നോ​​ട്ടു​​ക​​ളി​​ൽ (pp.11-12) ഇ​​ങ്ങ​​നെ തീ​​രു​​മാ​​നി​​ച്ചു: ‘‘As Mr. Thampiran is now a clerk in the High Court, this may be recorded 18.12.14.

‘‘Under those circumstances, no fee concession is now necessary – 18.12.14’’

ത​​മ്പി​​രാ​​ന് ജോ​​ലി​​യു​​ള്ള​​തി​​നാ​​ൽ ഫീ​​സി​​ള​​വ് ന​​ൽ​​കേ​​ണ്ട​​തി​​ല്ലെ​​ന്ന്! ഈ ​​ക​​ടും വി​​ധി​​യ​​റി​​യാ​​തെ നി​​യ​​മ​​പ​​ഠ​​ന മോ​​ഹ​​വു​​മാ​​യി ന​​ട​​ന്ന ത​​മ്പി​​രാ​​ൻ 28.2.16ന് ​​വീ​​ണ്ടും ദി​​വാ​​ന് എ​​ഴു​​തി​​യ​​യ​​ച്ച അ​​പേ​​ക്ഷ​​യി​​ന്മേ​​ൽ ഇ​​ടി​​വാ​​ൾ വീ​​ഴ്ത്തി​​യ ഓ​​ഫി​​സ് നോ​​ട്ട്: ‘‘The man is employed & no fee concession is necessary. The petition may be recorded – 13.3.16.’’

ആ​​കെ 52 പേ​​ജു​​ള്ള, അ​​ഞ്ചു​കൊ​​ല്ലം നീ​​ളു​​ന്ന ഒ​​രു ഫ​​യ​​ലി​​ന്റെ സ​​മ്പൂ​​ർ​​ണ പ​​രി​​ശോ​​ധ​​ന​​യാ​​ണ് ഇ​​വി​​ടെ അ​​വ​​സാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത് (13 കൊ​​ല്ലം മു​​മ്പ് ഞാ​​ൻ ക​​ണ്ടെ​​ടു​​ത്ത ഈ ​​ഫ​​യ​​ൽ ഇ​​പ്പോ​​ഴും ആ​​ർ​​ക്കൈ​​വ്സി​​ലു​​ണ്ടെ​​ന്ന് ക​​ഴി​​ഞ്ഞ​ദി​​വ​​സം ഞാ​​ൻ ഉ​​റ​​പ്പാ​​ക്കി). ഇ​​നി ചി​​ല കാ​​ര്യ​​ങ്ങ​​ൾ ഊ​​ഹി​​ക്കാ​​ൻ ന​​മു​​ക്ക് അ​​വ​​കാ​​ശ​​മു​​ണ്ട്: ഹു​​സൂ​​ർ ക​​ച്ചേ​​രി​​യി​​ൽ​​നി​​ന്ന് ടി.​​വി. ത​​മ്പി​​രാ​​ൻ എ​​ന്ന ദ​​ലി​​ത് വി​​ദ്യാ​​ർ​​ഥി​​ക്ക് കി​​ട്ടി​​യി​​രു​​ന്ന അ​​നു​​ഭാ​​വ പെ​​രു​​മാ​​റ്റ​​ങ്ങ​​ൾ നി​​ല​​ച്ച​​ത്, സ​​ർ പി. ​​രാ​​ജ​​ഗോ​​പാ​​ലാ​​ചാ​​രി ദി​​വാ​​ൻ സ്ഥാ​​ന​​ത്തു​​നി​​ന്ന് പോ​​യ​​തി​​നു​ശേ​​ഷ​​മാ​​ണ്. 1907 ഒ​ക്​​ടോ​ബ​ർ 24 മു​​ത​​ൽ 1914 മേ​യ്​ 11 വ​​രെ​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ഭ​​ര​​ണ​​കാ​​ല​​മെ​​ന്ന് Progress of Travancore under H.H. Sree Moolam Tirunal എ​​ന്ന ഔ​​ദ്യോ​​ഗി​​ക ച​​രി​​ത്ര​​ഗ്ര​​ന്ഥ​​ത്തി​​ൽ ഉ​​ള്ളൂ​​ർ എ​​സ്. പ​​ര​​മേ​​ശ്വ​​ര അ​​യ്യ​​ർ എ​​ഴു​​തു​​ന്നു (Dept. of Cultural publications, Govt. of Kerala, 1998, p 129-30, 137). ത​​മ്പി​​രാ​​ന് ബി.​​എ പ​​ഠ​​ന​​ത്തി​​ന് സ്കോ​​ള​​ർ​​ഷി​​പ് അ​​നു​​വ​​ദി​​ച്ച​​തും പി​​ന്നീ​​ട് അ​​ത് നീ​​ട്ടി​​ന​​ൽ​​കി​​യ​​തും ചാ​​രി​​യു​​ടെ കാ​​ല​​ത്താ​​ണ് (ചെ​​റി​​യ ക്ലാ​​സി​​ലെ മു​​ത​​ൽ, ചാ​​രി ദി​​വാ​​നാ​​കും മു​​മ്പേ തൊ​​ട്ട് [?] അ​​വ​​ന് സ്കോ​​ള​ർ​​ഷി​​പ് കി​​ട്ടു​​ന്ന​​താ​​യി സൂ​​ചി​​പ്പി​​ക്കു​​ന്നു​​ണ്ട് പ​​ഴ​​യ ഹെ​​ഡ്മാ​​സ്റ്റ​​ർ). പ്ര​​ഫ. കെ.​​വി. ര​​ങ്ക​​സ്വാ​​മി 1914 ഏ​പ്രി​ൽ17​ന് ​എ​​ഴു​​തി​​യ സ്വ​​ഭാ​​വ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ൽ കാ​​ണു​​ന്ന​​ത്, ത​​മ്പി​​രാ​​ൻ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ജോ​​ലി​​ക്ക് അ​​പേ​​ക്ഷി​​ക്ക​​യാ​​ണെ​​ന്നാ​​ണ്. 1914 മേ​യ്​ 11ന്​ ​​ചാ​​രി പോ​​കും മു​​മ്പേ അ​​ത് കി​​ട്ടി​​യി​​രു​​ന്നു എ​​ന്ന് ഊ​​ഹി​​ക്കാ​​ൻ, പി​​ൽ​​ക്കാ​​ല ഗ​​തി​​ക​​ൾ ന​​മ്മെ പ്രേ​​രി​​പ്പി​​ക്കു​​ന്നു​​ണ്ട്. നേ​​രി​​ട്ട് സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ൽ (ഹു​​സൂ​​ർ ക​​ച്ചേ​​രി) ആ​​ണോ, അ​​ത​​ല്ല, ഹൈ​കോ​​ട​​തി​​യി​​ലാ​​ണോ നി​​യ​​മ​​നം കി​​ട്ടി​​യ​​തെ​​ന്ന് വ്യ​​ക്ത​​മ​​ല്ല.

ചാ​​രി പോ​​യ​​തി​​ന് ശേ​​ഷ​​മാ​​ണ് ത​​മ്പി​​രാ​​ൻ ബി.​​എ പാ​​സാ​​യ​​തെ​​ന്നും ലോ ​​കോ​​ള​​ജ് പ്ര​​വേ​​ശ​ന കാ​​ര്യ​​ത്തി​​ലേ​​ക്ക് ക​​ട​​ന്ന​​തെ​​ന്നും ഊ​​ഹി​​ക്കാം. ചാ​​രി​​യു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ൽ ജോ​​ലി​​യു​​ള്ള​​തു​​കൊ​​ണ്ട് ത​​മ്പി​​രാ​​ന് ലോ ​​കോ​​ള​​ജി​​ൽ സ്കോ​​ള​​ർ​​ഷി​​പ് അ​​നു​​വ​​ദി​​ക്ക​​ണ്ട എ​​ന്ന തീ​​രു​​മാ​​നം ഹു​​സൂ​​ർ ക​​ച്ചേ​​രി​​യി​​ൽ​​നി​​ന്ന് വ​​രു​​മാ​​യി​​രു​​ന്നി​​ല്ല എ​​ന്ന് ന​​മു​​ക്ക് സ​​ങ്ക​​ൽ​​പി​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ. കാ​​ര​​ണം, സ്കോ​​ള​​ർ​​ഷി​​പ് അ​​പേ​​ക്ഷ നി​​ര​​സി​​ക്കു​​ന്ന ഓ​​ഫി​​സ് നോ​​ട്ടു​​ക​​ളി​​ൽ, അ​​തി​​ന് കാ​​ര​​ണ​​മാ​​യി ഒ​​രു റൂ​​ളോ വ്യ​​വ​​സ്ഥ​​യോ സൂ​​ചി​​പ്പി​​ക്കു​​ന്നി​​ല്ല ഉ​​ദ്യോ​​ഗ​​സ്ഥ​​ർ. അ​​താ​​യ​​ത്, അ​​പേ​​ക്ഷ​​ക​​നോ​​ട് അ​​നു​​ഭാ​​വ​​മു​​ള്ള ഒ​​രു മേ​​ല​​ധി​​കാ​​രി​​യു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ൽ മു​​മ്പ​​ത്തെ​​പോ​​ലെ ഒ​​രു ദ​​ലി​​ത​​ന്റെ കേ​​സാ​​യി പ​​രി​​ഗ​​ണി​​ച്ച് അ​​നു​​വ​​ദി​​ക്കു​​മാ​​യി​​രു​​ന്നു. ജോ​​ലി​​യു​​ണ്ടെ​​ങ്കി​​ലും കോ​​ള​​ജി​​ൽ നി​​ത്യ​​വും ഹാ​​ജ​​രാ​​യി പ​​ഠി​​ക്ക​​ണ​​മെ​​ങ്കി​​ൽ ജോ​​ലി​​യി​​ൽ​​നി​​ന്ന് ത​​ൽ​​ക്കാ​​ല​​ത്തേ​​ക്ക് വി​​ട്ടു​​നി​​ൽ​​ക്ക​​ണ​​മ​​ല്ലോ. അ​​പ്പോ​​ൾ ശ​​മ്പ​​ളം കി​​ട്ടാ​​തെ വ​​രു​​മ്പോ​​ൾ, ത​​ന്റെ ദ​​രി​​ദ്ര കു​​ടും​​ബ​​ത്തി​​ന്റെ കാ​​ര്യം പ​​രു​​ങ്ങ​​ലി​​ലാ​​കും. അ​​തൊ​​ഴി​​വാ​​ക്കാ​​നാ​​ക​​ണം ത​​മ്പി​​രാ​​ൻ സ്കോ​​ള​​ർ​​ഷി​​പ് ചോ​​ദി​​ച്ച​​ത്. അ​​ത് മാ​​നു​​ഷി​​ക​​മാ​​യി പ​​രി​​ഗ​​ണി​​ക്കു​​ന്ന ഭ​​ര​​ണ​​കൂ​​ട​​മ​​ല്ലാ​​യി​​രു​​ന്നു അ​​ന്ന​​ത്തേ​​തെ​​ന്ന്, ദ​​ലി​​ത് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സ്കൂ​​ൾ പ്ര​​വേ​​ശ​​ന​ത്തി​​നെ​​തി​​രാ​​യ ആ ​​ല​​ഹ​​ള​​ക്കാ​​ലം വേ​​ണ്ട​​ത്ര തെ​​ളി​​വ് ത​​രു​​ന്നു​​ണ്ട്.

പി​​ൽ​​ക്കാ​​ല​​ത്തെ തി​​രു​​വി​​താം​​കൂ​​ർ സ​​ർ​​ക്കാ​​ർ ഓ​​ഫി​​സ് വി​​വ​​ര​​ങ്ങ​​ളി​​ലൂ​​ടെ ഒ​​രു ഓ​​ട്ട​​പ്ര​​ദ​​ക്ഷി​​ണം ന​​ട​​ത്തി​​യ​​പ്പോ​​ൾ കാ​​ണാ​​നാ​​യി​​ല്ല ത​​മ്പി​​രാ​​നെ എ​​ന്ന് ഇ​​വി​​ടെ കു​​റി​​ക്കു​​ന്നു. ഉ​​ത്സാ​​ഹ​​മു​​ള്ള അ​​ന്വേ​​ഷ​​ക​​ർ​​ക്ക് ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞേ​​ക്കാം അ​​ദ്ദേ​​ഹ​​ത്തി​​ന്റെ പി​​ൽ​​ക്കാ​​ലം.

മേ​​ൽ സൂ​​ചി​​പ്പി​​ച്ച ല​​ഹ​​ള​​ക്കാ​​ല​​ത്തും മ​​റ്റും അ​​യ്യ​​ൻ​​കാ​​ളി എ​​ന്ന മ​​ഹാ ജ​​ന​​നാ​​യ​​ക​​ന്റെ​​യും മ​​റ്റും ശാ​​പ​​മേ​​റ്റു വാ​​ങ്ങേ​​ണ്ടി​​വ​​ന്ന ഒ​​രു കൂ​​ട്ട​​രാ​​ണ് തി​​രു​​വി​​താം​​കൂ​​റി​​ലെ സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​രി​​ൽ ചി​​ല​​ർ. ദ​​ലി​​ത് കു​​ട്ടി​​ക​​ളു​​ടെ സ്കൂ​​ൾ പ്ര​​വേ​​ശ​​ന​​ത്തി​​ന് വി​​ല​​ങ്ങ​​ടി​​ച്ചു നി​​ന്ന​​വ​​രാ​​ണ് അ​​വ​​ർ. പ്ര​​ജാ​​സ​​ഭാ രേ​​ഖ​​ക​​ളി​​ലു​​ണ്ട് അ​​ക്കാ​​ര്യം. ആ ​​ഇ​​രു​​ണ്ട കാ​​ല​​ത്തു​​നി​​ന്ന് ചി​​ത​​റി​​ത്തെ​​റി​​ച്ചു​​വ​​രു​​ന്ന സൂ​​ര്യ​​ര​​ശ്മി​​ക​​ൾ​പോ​​ലെ ഒ​​രു​കൂ​​ട്ടം ഗു​​രു​​ക്ക​​ന്മാ​​രെ ക​​ണ്ടു നാം ​​ഈ ലേ​​ഖ​​ന​​ത്തി​​ൽ. അ​​വ​​രി​​ൽ പ​​ല​​രും സ​​വ​​ർ​​ണ​​രാ​​ണ്. ദ​​ലി​​ത​​നാ​​യ പ്രി​​യ ശി​​ഷ്യ​​നി​​ലേ​​ക്ക് അ​​വ​​ർ ക​​രു​​ണ​​യു​​ടെ, മാ​​ന​​വി​​ക​​ത​​യു​​ടെ ക​​രം നീ​​ട്ടി​​നി​​ൽ​​ക്കു​​ന്ന​​ത് ഏ​​തു മ​​നു​​ഷ്യ​​സ്നേ​​ഹി​​യെ​​യാ​​ണ് ആ​​വേ​​ശം കൊ​​ള്ളി​​ക്കാ​​ത്ത​​ത്!​​സ്വ​​ന്തം വ​​ർ​​ഗം അ​​ടി​​ത്ത​​ട്ട് സ​​മൂ​​ഹ​​ത്തി​​നു​മേ​​ൽ ന​​ട​​ത്തി​​യ കൈ​​യേ​​റ്റ​​ങ്ങ​​ൾ​​ക്ക് അ​​തേ​​കാ​​ല​​ത്ത് ന​​ന്മ​​കൊ​​ണ്ട് പ്രാ​​യ​​ശ്ചി​​ത്തം ചെ​​യ്യു​​ക​​യാ​​ണ​​വ​​ർ. കാ​​ല​​ത്തി​​ൽ​​നി​​ന്ന് ഒ​​രു സ്വ​​പ്നം​പോ​​ലെ മാ​​ഞ്ഞു​​പോ​​യ ആ ​​കാ​​ഴ്ച​​യാ​​ണ് ച​​രി​​ത്ര​​രേ​​ഖ​​ക​​ളി​​ൽ​​നി​​ന്ന് ന​​മ്മ​​ളി​​പ്പോ​​ൾ വീ​​ണ്ടെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.

സൂ​ചി​ക

1. Castes and Tribes of Southern India, Vol. VII, pp 303-04, 1909: Reprint by Asian Educational Services, New Delhi 16, 1987

2. Judicial, bundle No. 147, File No. 71 of 1914, pp 1-79, directorate of Kerala State Archives Dept., Tvpm.

News Summary - History Archives about dalith ba student in ayyankali era