60 വർഷത്തിന് ശേഷം പൊതുജനങ്ങൾക്ക് മുന്നിൽ; വാൻ ഗോഗിന്റെ ചിത്രം കാണാൻ ഹോങ്കോങ്ങിൽ വൻ തിരക്ക്
text_fieldsപെയിന്റിങ്
ഹോങ്കോങ്: കലാലോകത്തെ ഞെട്ടിച്ച്, 60 വർഷത്തിലധികമായി ആരും കാണാതെ സൂക്ഷിച്ചിരുന്ന വിൻസെന്റ് വാൻ ഗോഗിന്റെ അത്യപൂർവ ചിത്രം പൊതുജനങ്ങൾക്ക് മുന്നിൽ. ചിത്രം കാണാൻ ഹോങ്കോങ്ങിൽ നൂറുകണക്കിന് ആളുകളാണ് ക്യൂ നിൽക്കുന്നത്.
അടുത്ത മാസം നവംബർ 18ന് ന്യൂയോർക്കിൽ സത്ബീസ് നടത്തുന്ന മെഗാ ലേലത്തിന് മുന്നോടിയായാണ് ചിത്രം ഹോങ്കോങ്ങിൽ പ്രദർശിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കലാസൃഷ്ടികളിൽ ഒന്നായി മാറാൻ പോകുന്ന ഈ ചിത്രത്തിന് ഏകദേശം 180 മില്യൺ ഡോളർ, അതായത് 1500 കോടിയിലധികം രൂപ ലഭിക്കുമെന്നാണ് സത്ബീസ് പറയുന്നത്.
ഇത് വാൻ ഗോഗിന്റെ ചിത്രങ്ങൾക്ക് ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന ലേലത്തുകയാകും. ചെസ്റ്റ്നട്ട് ട്രീസ് ഇൻ ബ്ലോസം എന്നാണ് ചിത്രത്തിന്റെ പേര്. 1890 മെയ് മാസത്തിൽ വരച്ചതാണ് ഈ ചിത്രം. ഡച്ച് ചിത്രകാരനായ വാൻ ഗോഗിന്റെ ജീവിതത്തിലെ അവസാന നാളുകളിൽ വരച്ച ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
ഫ്രാൻസിലെ ഓവർ-സുർ-ഒയിസ് ഗ്രാമത്തിൽ വെച്ചാണ് അദ്ദേഹം ഈ ചിത്രം വരച്ചത്. സെന്റ് റെയിമിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. പൂവിട്ടുനിൽക്കുന്ന ഒരു വലിയ ചെസ്റ്റ്നട്ട് മരം, അതിന്റെ പൂക്കളാൽ നിറഞ്ഞുനിൽക്കുന്ന ശിഖരങ്ങൾ.
ഈ ചിത്രം വരച്ച് വെറും രണ്ട് മാസത്തിന് ശേഷം, 37-ാം വയസ്സിൽ വാൻ ഗോഗ് മരിച്ചു. ഇത് അദ്ദേഹത്തിന്റെ കലാജീവിതത്തിലെ അസാധാരണമായ ശുഭാപ്തിവിശ്വാസത്തിന്റെയും ഊർജ്ജത്തിന്റെയും ആവേശത്തിന്റെയും നിറങ്ങളുടെയും നിമിഷമാണ് എന്ന് സത്ബീസിലെ മോഡേൺ ആർട്ട് വിഭാഗം തലവൻ സ്കോട്ട് നീഷെൽ പറഞ്ഞു.
ഈ ചിത്രത്തെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ലാത്ത ആളുകൾ പോലും ഇത് നേരിട്ട് കാണാൻ എത്തുന്നുണ്ട്. വാൻ ഗോഗ് മരിച്ച ശേഷം ഈ ചിത്രം അദ്ദേഹത്തിന്റെ സഹോദരൻ തിയോക്ക് ലഭിച്ചു. പിന്നീട് തിയോയുടെ ഭാര്യ ജൊഹാന്നക്കും മകൻ വിൻസെന്റ് വില്ലെമിനും കൈമാറി. തുടർന്ന് പ്രശസ്ത ജർമ്മൻ പ്രസാധകൻ സാമുവൽ ഫിഷർ, ക്യാപിറ്റോൾ റെക്കോർഡ്സിന്റെ സഹസ്ഥാപകനും അമേരിക്കൻ ഗാനരചയിതാവുമായ ജോർജ് ഡിസിൽവ തുടങ്ങിയവരുടെ കൈകളിലൂടെ ചിത്രം കടന്നുപോയി.
1953ൽ കളക്ടറായ ഹാരിയറ്റ് ഹാരിസ്-ജോനാസ് ചിത്രം സ്വന്തമാക്കി. അവരുടെ ശേഖരം അത്രത്തോളം പ്രധാനപ്പെട്ടതായി കണക്കാക്കിയതിനാൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് അവരുടെ ഫിഫ്ത് അവന്യൂ അപ്പാർട്ട്മെന്റിൽ ചിത്രങ്ങൾ കാണാൻ ആളുകളെ സംഘടിപ്പിച്ചിരുന്നു.
1975 മുതൽ ബ്ലാക്വിയർ കുടുംബത്തിന്റെ കൈവശമായിരുന്നു ഈ അമൂല്യ ചിത്രം. പോൾ സെസാന്റെ ആർലെക്വിൻ, ക്ലോഡ് മോനെയുടെ ലെ ജാർഡിൻ ഡെസ് ട്യൂലറീസ് എന്നിവയുൾപ്പെടെ 12 അപൂർവ ചിത്രങ്ങളുടെ ശേഖരത്തിലാണ് വാൻ ഗോഗിന്റെ ഈ മാസ്റ്റർപീസും ലേലത്തിന് വെക്കുന്നത്. സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഉയർന്ന നിലവാരമുള്ള കലാസൃഷ്ടികൾക്ക് ഇപ്പോഴും ആവശ്യക്കാരുള്ളത് വലിയ കാര്യമാണെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

