1984ന് ശേഷം ചരിത്രത്തിൽ ആദ്യം; 88 വാൻഗോഗ് മാസ്റ്റർപീസുകൾ ഒരുമിച്ച് പ്രദർശിപ്പിച്ച് ഡച്ച് മ്യൂസിയം
text_fieldsവാൻഗോഗിന്റെ ചിത്രം
ഓട്ടർലോ: ലോകപ്രശസ്ത ഡച്ച് ചിത്രകാരന് വിൻസന്റ് വാൻഗോഗിന്റെ 88 പെയിന്റിങ്ങുകൾ ഒരേ സമയം പ്രദർശനത്തിനെത്തിച്ച് ചരിത്രം കുറിച്ച് നെതർലൻഡ്സിലെ ക്രോളർ-മുള്ളർ മ്യൂസിയം. 1984ന് ശേഷം ആദ്യമായാണ് ഇത്രയധികം ചിത്രങ്ങൾ ഒരുമിച്ച് പ്രദർശിപ്പിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാൻഗോഗ് സ്വകാര്യ ശേഖരങ്ങളിലൊന്നാണ് സെൻട്രൽ നെതർലൻഡ്സിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയത്തിലുള്ളത്. എന്നാൽ ഇവ ഒരുമിച്ച് പ്രദർശിപ്പിക്കാറില്ല. പല ചിത്രങ്ങളും വായ്പയായോ, പുനരുദ്ധാരണത്തിനോ, ഗവേഷണ ആവശ്യങ്ങൾക്കോ മറ്റു മ്യൂസിയങ്ങളിലായിരിക്കും.‘വാൻഗോഗിന്റെ ചിത്രങ്ങൾ കാണുന്നത് തന്നെ പ്രത്യേകതയാണ്, എന്നാൽ 88 എണ്ണം ഒരുമിച്ച് ഈ നൂറ്റാണ്ടിൽ തന്നെ ആദ്യമായിരിക്കും’ മ്യൂസിയം ഡയറക്ടർ ബെന്നോ ടെംപൽ പറഞ്ഞു.
അപ്രതീക്ഷിതമായി എല്ലാ 88 ചിത്രങ്ങളും ഒരേ സമയം മ്യൂസിയത്തിൽ തിരിച്ചെത്തിയതാണ് ഈ അപൂർവ്വ പ്രദർശനത്തിന് വഴിയൊരുക്കിയത്. മ്യൂസിയം ജീവനക്കാർക്ക് പോലും ഇതാദ്യമായാണ് എല്ലാ ചിത്രങ്ങളും ഒരുമിച്ച് കാണാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾക്ക് ഇത് അതിശയിപ്പിക്കുന്ന, മനോഹരമായ അനുഭവമാണ്.’ ‘വാൻഗോഗ്, ഓൾ അവർ പെയിന്റിങ്സ്’ എന്ന പേരിലുള്ള പ്രദർശനത്തിലെ പ്രധാന ആകർഷണം 1885ൽ വരച്ച ലോകപ്രശസ്തമായ ദ പൊട്ടറ്റോ ഈറ്റേഴ്സ് തന്നെയാണ്.
കർഷകരുടെ ജീവിതം ചിത്രീകരിച്ച ഈ മാസ്റ്റർപീസിനൊപ്പം 1888ലെ "കഫേ ടെറസ് അറ്റ് നൈറ്റ്", 1884ലെ "ദ ഓൾഡ് ടവർ അറ്റ് ന്യൂനെൻ" തുടങ്ങിയ വിഖ്യാത ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. വിശ്വാസം, പ്രതീക്ഷ, സ്നേഹം എന്നിങ്ങനെ അടിസ്ഥാനമാക്കിയാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ വാൻഗോഗിന്റെ ജീവിതത്തെക്കുറിച്ച് മാത്രമല്ല, ഒരു കലാകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളർച്ചയെക്കുറിച്ചും കൂടുതൽ ഉൾക്കാഴ്ച ലഭിക്കുമെന്ന് ക്യൂറേറ്റർ റെൻസ്കെ കോഹൻ ടെർവാർട്ട് പറഞ്ഞു.
പീഡനങ്ങൾ അനുഭവിച്ച കലാകാരൻ എന്ന നിലയിലുള്ള വാൻഗോഗിനെ കുറിച്ചുള്ള കെട്ടുകഥകൾ ആവർത്തിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും, മറിച്ച് അദ്ദേഹം എന്തുകൊണ്ട് കലാകാരനാകാൻ ആഗ്രഹിച്ചു, തന്റെ ചിത്രങ്ങളെ എങ്ങനെ അനുകമ്പയുടെയും മറ്റുള്ളവരെ സഹായിക്കുന്നതിന്റെയും സന്ദേശമായി ഉപയോഗിച്ചു എന്ന് പര്യവേക്ഷണം ചെയ്യുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
ഹ്രസ്വമായ കരിയറിൽ 900 ഓളം ചിത്രങ്ങൾ വരച്ച പോസ്റ്റ്-ഇംപ്രഷനിസ്റ്റ് ചിത്രകാരനാണ് വാൻഗോഗ്. ഫ്രാൻസിലായിരുന്ന കാലഘട്ടത്തിലാണ് "സൺഫ്ലവേഴ്സ്" പരമ്പര ഉൾപ്പെടെയുള്ള പ്രശസ്തമായ സൃഷ്ടികൾ അദ്ദേഹം നടത്തിയത്. മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 1890ൽ 37-ാം വയസ്സിൽ സ്വയം വെടിവെച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അദ്ദേഹം മരിച്ചത്.
മ്യൂസിയത്തിന്റെ സ്ഥാപകയായ ഹെലെൻ ക്രോളർ-മുള്ളർ 1908നും 1930നും ഇടയിലാണ് പ്രദർശനത്തിലെ ഭൂരിഭാഗം ചിത്രങ്ങളും സ്വന്തമാക്കിയത്. നെതർലൻഡ്സിനെ സംബന്ധിച്ച് ഇത് ഒരു പ്രധാനപ്പെട്ട സംഭവമാണെന്നും, വിദേശത്ത് ലഭിക്കുന്ന പ്രശസ്തി സ്വന്തം നാട്ടിൽ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നും ക്യൂറേറ്റർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

