ഹോളിവുഡ് ത്രില്ലറുകളെ വെല്ലുന്ന ആസൂത്രണം; അതിസുരക്ഷിത കോട്ടകൾക്കുള്ളിലെ കാണാതായ മാസ്റ്റർപീസുകൾ...
text_fieldsപ്രതീകാത്മക ചിത്രം
ലേസർ സെൻസറുകൾ, സിസിടിവി കാമറകൾ, ഇരുപത്തിനാല് മണിക്കൂറും കാവൽ നിൽക്കുന്ന സെക്യൂരിറ്റി ഗാർഡുകൾ... മ്യൂസിയങ്ങളുടെ ഈ അതിസുരക്ഷിതമായ കോട്ടമതിലുകൾ തകർത്ത്, കോടാനുകോടി ഡോളർ വിലമതിക്കുന്ന മാസ്റ്റർപീസുകൾ അപ്രത്യക്ഷമാകുന്നത് ഇന്നും ഒരു നിഗൂഢതയാണ്. ഇത്രയധികം സുരക്ഷയുണ്ടായിട്ടും ഇവ എങ്ങനെ മോഷണം പോകുന്നു എന്ന് നമ്മളൊക്കെ അത്ഭുതപ്പെടാറുണ്ട്.
ഫ്രഞ്ച് ഇംപ്രഷനിസ്റ്റ് ചിത്രകാരനായ പിയറി ആഗസ്റ്റ് റെനോയറുടെ, ഫ്രാൻസിലെ മ്യൂസിയത്തിൽനിന്ന് മോഷണം പോയ രണ്ട് അപൂർവ ചിത്രങ്ങൾ രഹസ്യ ഭിത്തിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് അടുത്തിടെയായിരുന്നു. ഇത് ആദ്യമായല്ല ലോകത്തെ അമ്പരപ്പിച്ചുള്ള ഇത്തരം ആർട്ട് മോഷണങ്ങൾ നടക്കുന്നത്. ഒരു ഹോളിവുഡ് ത്രില്ലർ സിനിമയെ വെല്ലുന്ന ആസൂത്രണവും നിഗൂഢതയും നിറഞ്ഞ ചില വിഖ്യാത ആർട്ട് മോഷണ കഥകളിലൂടെ...
രഹസ്യങ്ങൾ മറഞ്ഞിരിക്കുന്ന ലൂവ്ര്
കലയെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നവർ അതേ അളവിൽ ഇഷ്ടപ്പെടുന്ന മ്യൂസിയമാണ് പാരീസിലെ ലൂവ്ര്. ലോകമെമ്പാടുമുള്ള കലാസ്വാദകരുടെയും സഞ്ചാരികളുടെയും സ്വപ്നഭൂമിയായ ഈ കൊട്ടാരക്കെട്ടിൽ സൂക്ഷിച്ചിരിക്കുന്നത് ചരിത്രത്തിന്റെ തന്നെ വിലമതിക്കാനാവാത്ത അമൂല്യ നിധികളാണ്. എന്നാൽ, ഈ അതിസുരക്ഷിത കോട്ടമതിലുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ ചുരുൾ ഇനിയും പുറത്തുവന്നിട്ടില്ല.
ലൂവ്രിൽ മോഷണം നടക്കുന്നത് ഇത് ആദ്യമായല്ല. ലോകത്തെ ഞെട്ടിച്ച വലിയ ചില കലാകവർച്ചകൾക്ക് ഈ മ്യൂസിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച ലിയനാർഡോ ഡാവിഞ്ചിയുടെ വിശ്വവിഖ്യാത ചിത്രമായ 'മോണാലിസ'യുടെ തിരോധാനമാണ്.
1911ലായിരുന്നു സംഭവം. മ്യൂസിയത്തിലെ ജീവനക്കാരനായ വിൻസെൻസോ പെറുജിയ എന്ന ഇറ്റാലിയൻ സ്വദേശി ഒരു രാത്രി മ്യൂസിയത്തിനുള്ളിൽ ഒളിച്ചിരിക്കുകയും, അടുത്ത ദിവസം രാവിലെ മ്യൂസിയം ജീവനക്കാരുടെ വസ്ത്രം ധരിച്ച് മോണാലിസയുടെ ഫ്രെയിം അഴിച്ചെടുത്ത് കോട്ടിനുള്ളിൽ ഒളിപ്പിച്ച് കടന്നുകളയുകയുമായിരുന്നു. രണ്ടു വർഷത്തോളം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് മോണാലിസ ഇറ്റലിയിൽ തിരികെയെത്തിയത്. എന്നാൽ, ആ തിരോധനമാണ് സത്യത്തിൽ മോണാലിസയെ ലോകപ്രശസ്തമായ ഐക്കണാക്കി മാറ്റിയത് എന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലൂവ്ര് മ്യൂസിയം കണ്ട ഏറ്റവും വലിയ കവർച്ചകളിലൊന്നായിരുന്നു ഫ്രഞ്ച് ചിത്രകാരൻ ഷോൻ ബപ്റ്റീസ് കമീ കോഹോയുടെ 'ലു ഷെമിൻ ദ് സെവ്രൂ' മോഷണം. 1998 മേയ് 3ന്, സന്ദർശകരാൽ നിറഞ്ഞ ഒരു ഞായറാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച ആ കവർച്ച നടന്നത്. മ്യൂസിയത്തിന്റെ വാതിലുകൾ തകർക്കാതെ, ഭിത്തിയിലെ കൊളുത്തുകൾ വളരെ ശ്രദ്ധാപൂർവ്വം ഇളക്കിയെടുത്തായിരുന്നു കള്ളന്മാരുടെ ഓപ്പറേഷൻ. ഭാരമുള്ള ഫ്രെയിമിൽ നിന്ന് ക്യാൻവാസ് മാത്രം കൃത്യമായി മുറിച്ചെടുത്താണ് അവർ കടന്നുകളഞ്ഞത്. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ആ ചിത്രത്തെക്കുറിച്ചോ മോഷ്ടാക്കളെക്കുറിച്ചോ യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ലൂവ്രിലെ ശൂന്യമായ ആ ചുവര് ഇന്നും കലാലോകത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
ഫ്രഞ്ച് ചിത്രകാരൻ ഷാങ് ആന്റോയിൻ വാട്ടോയുടെ വിഖ്യാതമായ 'എൽ ഇൻഡിഫെറന്റ്' എന്ന കൊച്ചു ചിത്രം 1939ലാണ് ലൂവ്ര് മ്യൂസിയത്തിൽ നിന്ന് അപ്രത്യക്ഷമായത്. വെറും 25 സെന്റീമീറ്റർ മാത്രം വലിപ്പമുള്ള ചിത്രം, കള്ളൻ ഭിത്തിയിൽ നിന്ന് അടർത്തി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് വളരെ നിഷ്പ്രയാസം കടത്തിക്കൊണ്ടുപോകുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീതി പാരീസിന് മുകളിൽ നിഴലിച്ചു നിൽക്കുന്ന കാലം. ആ തിരക്കിനിടയിലാണ് ആരും ശ്രദ്ധിക്കാതെ 'എൽ ഇൻഡിഫെറന്റ്' ഭിത്തിയിൽ നിന്ന് അപ്രത്യക്ഷമായത്.
രണ്ട് മാസങ്ങൾക്ക് ശേഷം പാരീസിൽ ജീവിച്ചിരുന്ന സെർജ് ബോഗോസ്ലാവ്സ്കി എന്ന 24കാരനായ റഷ്യൻ കലാകാരൻ ചിത്രവുമായി പൊലീസിന് മുന്നിലെത്തി. രണ്ടുമാസം തന്റെ രഹസ്യ മുറിയിലിരുന്ന് ബോഗോസ്ലാവ്സ്കി ആ ചിത്രത്തിൽ വീണുപോയ അഴുക്കുകളും പഴയ വാർണിഷ് പാളികളും ശ്രദ്ധാപൂർവ്വം കഴുകിക്കളഞ്ഞു. വാട്ടോ വരച്ച അതേ യഥാർത്ഥ നിറങ്ങൾ ചിത്രത്തിന് തിരികെ നൽകിയ ശേഷമാണ് അയാൾ അത് ലൂവ്രിലേക്ക് തിരികെ ഏൽപ്പിക്കാൻ തയാറായത്.
ഫ്രഞ്ച് ഇംപ്രഷനിസ്റ്റ് പ്രസ്ഥാനത്തിന്റെ കുലപതിയായ പിയറി-ആഗസ്റ്റ് റെനോയറുടെ വിഖ്യാത പെയിന്റിങ്ങാണ് 'ഇരുന്നുള്ള സ്ത്രീയുടെ ചിത്രം'. എന്നാൽ, നിറങ്ങളുടെയും വെളിച്ചത്തിന്റെയും മാസ്മരികത തുളുമ്പുന്ന ഈ അമൂല്യ കലാസൃഷ്ടി ഇന്ന് ലൂവ്ര് മ്യൂസിയത്തിന്റെ ചുവരുകളിലില്ല. 1990ലായിരുന്നു മോഷണം അരങ്ങേറിയത്. അതിവിദഗ്ദ്ധനായ ഒരു മോഷ്ടാവ് പെയിന്റിങ്ങിന്റെ ഫ്രെയിമിൽ നിന്ന് കാൻവാസ് മാത്രം കൃത്യമായി മാറ്റിയെടുത്ത് അപ്രത്യക്ഷനാവുകയായിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും ഈ പെയിന്റിങ്ങിനെക്കുറിച്ചോ അത് കവർന്ന കള്ളന്മാരെക്കുറിച്ചോ ഒരു തുമ്പുപോലും പൊലീസിനോ അന്താരാഷ്ട്ര ഏജൻസികൾക്കോ കണ്ടെത്താനായിട്ടില്ല. ലൂവ്ര് മ്യൂസിയത്തിന്റെ ചരിത്രത്തിലെ ഇന്നും ചുരുളഴിയാത്ത ഏറ്റവും വലിയ നിഗൂഢതകളിലൊന്നായി ഈ ചിത്രം അവശേഷിക്കുന്നു.
1983ൽ ലൂവ്രിലെ ഡെക്കറേറ്റീവ് ആർട്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് 16-ാം നൂറ്റാണ്ടിലെ സ്വർണ-വെള്ളി പടച്ചട്ടകൾ മോഷണം പോയി. ജീവനക്കാരുടെ സഹായത്തോടെ ചില്ലുപേടകങ്ങൾ തുറന്നായിരുന്നു കവർച്ചയെങ്കിലും ദശകങ്ങളോളം തുമ്പൊന്നും ലഭിച്ചില്ല. ഒടുവിൽ 38 വർഷത്തിനു ശേഷം 2021 ജനുവരിയിൽ ഫ്രാൻസിലെ ബോർദോയിൽ, അന്തരിച്ച ഒരു കലാവസ്തു ശേഖരകന്റെ വീട്ടിലെ പരിശോധനയിലാണ് അവ കണ്ടെത്തിയത്. എന്നാൽ ആ പടച്ചട്ടകൾ അയാളുടെ കയ്യിലെത്തിയത് എങ്ങനെയെന്ന് ഇന്നും രഹസ്യം മാത്രം.
ഫ്രഞ്ച് ചക്രവർത്തിമാരുടെയും രാജ്ഞിമാരുടെയും ചരിത്രം ഉറങ്ങുന്ന ലൂവ്ര് മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ നടന്ന കവർച്ച, ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ആസൂത്രിത മോഷണങ്ങളിലൊന്നാണ്. നെപ്പോളിയൻ ചക്രവർത്തിയുടെയും അദ്ദേഹത്തിന്റെ പത്നി യുജീൻ ചക്രവർത്തിനിയുടെയും ഉൾപ്പെടെയുള്ള ഫ്രഞ്ച് രാജകീയ ആഭരണങ്ങളും അമൂല്യ രത്നങ്ങളും ലക്ഷ്യമിട്ട് നടന്ന ഈ കവർച്ച ലോകത്തെയാകെ ഞെട്ടിക്കുന്നതായിരുന്നു. നിർമാണ തൊഴിലാളികളുടെ വേഷത്തിലെത്തിയ നാലംഗ സംഘം വെറും എട്ട് മിനിറ്റിനുള്ളിൽ അതീവ വിദഗ്ദ്ധമായാണ് ഈ കൃത്യം നിർവഹിച്ചത്.
നെപ്പോളിയൻ മൂന്നാമന്റെ പത്നിയായ യുജീൻ ചക്രവർത്തിനി ധരിച്ചിരുന്ന വജ്രങ്ങളും രത്നങ്ങളും പതിച്ച കിരീടം, ആയിരക്കണക്കിന് മുത്തുകൾ കോർത്ത ഡയഡം, നെപ്പോളിയൻ തന്റെ രണ്ടാമത്തെ ഭാര്യയായ മരിയ ലൂയിസിന് സമ്മാനിച്ച അപൂർവ്വ എമറാൾഡ് നെക്ലേസ് തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. ഇതിനിടയിൽ, ഭാരക്കൂടുതൽ മൂലം കൊണ്ടുപോകാൻ സാധിക്കാതെ വന്ന ചില ആഭരണങ്ങൾ മോഷ്ടാക്കൾ വഴിയിൽ ഉപേക്ഷിച്ചിരുന്നു. പിന്നീട് കേടുപാടുകളോടെയാണ് കണ്ടെടുത്തത്. കവർച്ച ചെയ്യപ്പെട്ട ആ നിധികളിൽ പലതും ഇനിയും കണ്ടെത്താനായിട്ടില്ല.
മോഷണങ്ങൾ കഴിയുന്നില്ല
ലൂവ്ര് മ്യൂസിയം മാത്രമല്ല, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ പ്രശസ്തമായ മ്യൂസിയങ്ങളും ഞെട്ടിക്കുന്ന കലാകവർച്ചകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1990 മാർച്ചിൽ പൊലീസ് വേഷത്തിലെത്തിയ രണ്ടുപേർ ബോസ്റ്റണിലെ ഇസബെല്ല സ്റ്റുവർട്ട് ഗാർഡ്നർ മ്യൂസിയത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ബന്ധനസ്ഥരാക്കി. റെംബ്രാന്റ്, വെർമീർ തുടങ്ങിയവരുടെ 13 അമൂല്യ കലാസൃഷ്ടികളാണ് അവർ കവർന്നത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഈ ആർട്ട് മോഷണത്തിലെ ചിത്രങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.
നോർവീജിയൻ ചിത്രകാരനായ എഡ്വാർഡ് മഞ്ചിന്റെ വിഖ്യാത ചിത്രം 'ദി സ്ക്രീം' 1994ൽ ഓസ്ലോ നാഷണൽ ഗാലറിയിൽ നിന്ന് മോഷ്ടിക്കപ്പെടുകയും പിന്നീട് വീണ്ടെടുക്കുകയും ചെയ്തു. എന്നാൽ 2004ൽ, ആയുധധാരികളായ കള്ളന്മാർ മഞ്ച് മ്യൂസിയത്തിൽ നിന്ന് ഇതിന്റെ മറ്റൊരു പതിപ്പും 'മഡോണ' എന്ന ചിത്രവും കവർന്നു. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ 2006ലാണ് ഇവ വീണ്ടെടുത്തത്. 2002ൽ ആംസ്റ്റർഡാമിലെ വാൻ ഗോഗ് മ്യൂസിയത്തിന്റെ മേൽക്കൂര തകർത്ത് അകത്തുകയറിയ സംഘം രണ്ട് പ്രശസ്ത പെയിന്റിങ്ങുകൾ മോഷ്ടിച്ചു. വർഷങ്ങൾക്ക് ശേഷം 2016ൽ ഇറ്റലിയിൽ നടന്ന അന്വേഷണങ്ങൾക്കിടയിലാണ് ഈ ചിത്രങ്ങൾ തിരികെ ലഭിച്ചത്.
ഏറ്റവും കർശനമായ സുരക്ഷാ സംവിധാനങ്ങളുള്ള മ്യൂസിയങ്ങൾ പോലും കൃത്യമായ ആസൂത്രണത്തിലൂടെ ഭേദിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതാണ് ഇത്തരം കവർച്ചകൾ. മോഷ്ടിക്കപ്പെട്ട പല കലാസൃഷ്ടികളും ഇന്നും തിരികെ ലഭിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം, സാംസ്കാരിക സ്ഥാപനങ്ങളുടെ സുരക്ഷ നേരിടുന്ന വെല്ലുവിളികളെയാണ് ഓർമിപ്പിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

