എ.ടി.എം മെഷീനിൽ പശ തേച്ച് കാർഡ് കുടുക്കും, പണം തട്ടിയെടുക്കും; രണ്ട് പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: എ.ടി.എം മെഷീനിൽ പശ തേച്ച് കാർഡ് തടസ്സപ്പെടുത്തി പണം തട്ടിയ രണ്ട് പേർ അറസ്റ്റിൽ. തെക്കൻ ഡൽഹിയിലെ നെബ് സരായ് സ്വദേശികളായ റൗഷൻ കുമാർ (23), പിന്റു കുമാർ (32) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിലുടനീളമുള്ള വിവിധ എ.ടി.എമ്മുകളിൽ 50ലധികം തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവരുടെ കൂട്ടത്തിലെ ഒൻപത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് എഫ്.ഐ.ആറുകളും അഞ്ച് പരാതികളും പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
എ.ടി.എം. മെഷീനിലെ കാർഡ് ഇടുന്ന സ്ലോട്ടിൽ പശ തേച്ചുപിടിപ്പിച്ച് മെഷീന് സമീപത്തായി ഒരു വ്യാജ കസ്റ്റമർ കെയർ നമ്പർ ഒട്ടിക്കും. പണം പിൻവലിക്കാനെത്തുന്നയാൾ കാർഡ് ഇടുമ്പോൾ, പശ കാരണം കാർഡ് അതിൽ കുടുങ്ങും. കാർഡ് കുടുങ്ങിയ ശേഷം പണം ലഭിക്കാതെ വരുമ്പോൾ ആളുകൾ വ്യാജ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കും. പ്രതികളിൽ ഒരാൾ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന ഫോണിൽ സംസാരിക്കുമ്പോൾ, മറ്റൊരാൾ എ.ടി.എം കൗണ്ടറിൽ മറഞ്ഞുനിന്ന് ഉപഭോക്താവ് നൽകുന്ന പിൻ നമ്പർ മനഃപാഠമാക്കും. പണം എടുക്കാൻ വരുന്നവർ പോയാൽ കുടുങ്ങിയ കാർഡ് പുറത്തെടുത്ത് ലഭിച്ച പിൻ ഉപയോഗിച്ച് ഇവർ പണം പിൻവലിക്കുന്നതാണ് തട്ടിപ്പ് രീതി.
സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളിൽ നിന്ന് എ.ടി.എം. കാർഡുകളും മറ്റ് വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എ.ടി.എം. ഉപയോഗിക്കുമ്പോൾ കാർഡ് കുടുങ്ങുകയാണെങ്കിൽ പുറത്ത് ഒട്ടിച്ചിട്ടുള്ള നമ്പറുകളിൽ ഒരു കാരണവശാലും വിളിക്കരുത്. നിങ്ങളുടെ ബാങ്കിന്റെ ഔദ്യോഗിക കസ്റ്റമർ കെയർ നമ്പറിൽ മാത്രം വിളിക്കുക. കാർഡ് കുടുങ്ങിയാൽ മറ്റൊരാളുടെ സാന്നിധ്യത്തിൽ നിങ്ങളുടെ പിൻ നമ്പർ നൽകുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യരുത്. ഉടൻ തന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് കാർഡ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുക എന്നും പൊതുജനത്തിനുള്ള സുരക്ഷാ നിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

