സെപ്റ്റംബറിനു ശേഷം എ.ടി.എമ്മുകളിൽ 500 രൂപ നോട്ടുകൾ നിർത്തലാക്കുമോ?
text_fieldsന്യൂഡൽഹി: 2025 സെപ്റ്റംബർ 30നു ശേഷം എ.ടി.എമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വരുന്നത് നിർത്തുമെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ അഭ്യൂഹം നിരവധി ആളുകളിൽ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.
എന്നാൽ, സർക്കാറും റിസർവ് ബാങ്കും ഔദ്യോഗികമായി അക്കാര്യം നിഷേധിച്ചു. അത്തരമൊരു പദ്ധതിയില്ലെന്നും കൂടാതെ 500 രൂപ നോട്ടുകൾ നിയമപരമായ കറൻസിയായി ഉപയോഗിക്കുന്നത് തുടരുമെന്നും അറിയിച്ചു.
ആഗസ്റ്റ് 5ന് രാജ്യസഭയിലെ ഒരു സെഷനിൽ പാർലമെന്റ് അംഗങ്ങളായ യെരാം വെങ്കട സുബ്ബ റെഡ്ഡിയും മിലിന്ദ് മുരളി ദിയോറയും 2025 സെപ്റ്റംബർ 30നകം എ.ടി.എമ്മുകളിൽ നിന്ന് 500 രൂപ നോട്ട് പിൻവലിക്കുന്നത് നിർത്താൻ ആർ.ബി.ഐ എന്തെങ്കിലും നിർദേശം നൽകിയിട്ടുണ്ടോ എന്ന് ചോദിക്കുകയുണ്ടായി.
ഇതിനുള്ള മറുപടിയായി 500 രൂപ നോട്ടുകൾ നിർത്തലാക്കാൻ ഒരു നിർദേശവുമില്ലെന്നും എ.ടി.എമ്മുകളിൽ 100, 200 രൂപ നോട്ടുകൾക്കൊപ്പം ഈ നോട്ടുകളും വിതരണം ചെയ്യുന്നത് തുടരുമെന്നും സർക്കാർ വ്യക്തമാക്കി.
ആർ.ബി.ഐ യഥാർഥത്തിൽ ചെയ്തത്, ബാങ്കുകളോടും എ.ടി.എം ഓപ്പറേറ്റർമാരോടും 2025 സെപ്റ്റംബർ 30തോടെ അവരുടെ എ.ടി.എമ്മുകളിൽ കുറഞ്ഞത് 75 ശതമാനമെങ്കിലും 100, 200 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെടുകയാണ്. 2026 മാർച്ച് 31ഓടെ ഇതിന്റെ അളവ് 90 ശതമാനമായി ഉയർത്താനാവുമെന്നും പ്രതീക്ഷിക്കുന്നു. ചെറിയ മൂല്യങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനാണ് ഈ നീക്കം.
എന്നാൽ, എ.ടി.എമ്മുകളിൽ 500 രൂപ നോട്ടുകൾ ലഭ്യമാകുന്നത് നിർത്തുമെന്ന് ഇതിനർഥമില്ല. പൊതുജനങ്ങൾ പരിഭ്രാന്തരാകുകയോ കിംവദന്തികൾ വിശ്വസിക്കുകയോ ചെയ്യേണ്ടതില്ലെന്ന് സർക്കാരും ആർ.ബി.ഐയും പറഞ്ഞിട്ടുണ്ട്. 500 രൂപ നോട്ടുകൾ ഇപ്പോഴും സാധുവാണ്. ഭാവിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ പൊതുജനങ്ങളെ മുൻകൂട്ടി ഔദ്യോഗികമായി അറിയിക്കും. അതിനാൽ, സമൂഹ മാധ്യമങ്ങളിലെ വ്യാജ സന്ദേശങ്ങളിൽ വിശ്വസിക്കരുതെന്നും 500 രൂപ നോട്ടുകൾ ഉപയോഗിക്കുന്നത് നിർഭയം തുടരണമെന്നും അവർ ജനങ്ങളോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

