എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെ യുവാവിന് ഷോക്കേറ്റു
text_fieldsചെന്നൈ: കാഞ്ചീപുരത്ത് എ.ടി.എമ്മിൽ നിന്ന് പണമെടുക്കുന്നതിനിടെ യുവാവിന് ഷോക്കേറ്റു. ഖമ്മൻ സ്ട്രീറ്റ് സ്വദേശി വെങ്കടേശനാണ് വൈദ്യുതാഘാതമേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ചീപുരം ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എമ്മിലാണ് സംഭവം.
എട്ട് വയസുള്ള മകനുമൊത്ത് കാഞ്ചീപുരം ഹെഡ് പോസ്റ്റ് ഓഫിസിന് സമീപത്തെ എ.ടി.എമ്മിലെത്തിയതാണ്. കാർഡ് ഇട്ടശേഷം പിൻ നമ്പർ ടൈപ്പ് ചെയ്യുന്നതിനിടെ കീപാഡിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ആദ്യം ഷോക്ക് ആണോ എന്ന് ഉറപ്പില്ലാത്തതിനാൽ വീണ്ടും പിൻ നമ്പർ ടൈപ്പ് ചെയ്യാൻ ശ്രമിച്ചപ്പോൾ ശക്തമായ ഷോക്കേൽക്കുകയായിരുന്നു. വലത് കൈയിൽ ശക്തിയേറിയ വൈദ്യുതാഘാതമേറ്റതോടെ ഉടൻ പുറത്തിറങ്ങിയ വെങ്കടേശൻ കാഞ്ചീപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
കീപാഡിൽ വൈദ്യുതി പ്രവാഹമുള്ളതായി പൊലീസ് പരിശോധനയിൽ കണ്ടെത്തി. വൈദ്യുതി പ്രവാഹം കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായതെന്ന് പൊലീസ് അറിയിച്ചു. മറ്റുള്ളവർക്കും ഇതേ എ.ടി.എമ്മിൽനിന്ന് ചെറിയ രീതിയിലുള്ള ഷോക്ക് ഏറ്റിരുന്നതായും റിപ്പോർട്ടുകളുണ്ട്. എ.ടി.എം ഉടൻ തന്നെ നന്നാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ എ.ടി.എം ഉപയോഗിക്കാതെ ഉടൻതന്നെ അവിടെനിന്നും മാറുന്നതാണ് നല്ലതെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

