'അച്ഛാ, നിങ്ങൾ വില്ലനാണോ? അവസാനം മരിക്കുമോ?'; രാവണനായപ്പോൾ മകൻ ഞെട്ടിയെന്ന് യാഷ്
text_fieldsയാഷ്
യാഷ് രാവണനായി എത്തുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. രൺബീർ കപൂറും സായ് പല്ലവിയും പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള തയാറെടുപ്പിനിടെ ഉണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് യാഷ്.
താൻ രാമനായല്ല, രാവണനായാണ് അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോൾ തന്റെ മകന് ആദ്യം ഞെട്ടലായിരുന്നുവെന്ന് യാഷ് പറഞ്ഞു. ഒരു കഥാപാത്രവും അത് അവതരിപ്പിക്കുന്ന വ്യക്തിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വിശദീകരിക്കാൻ ഈ സംഭാഷണം തനിക്ക് അവസരം നൽകിയെന്നും താരം കൂട്ടിച്ചേർത്തു. തന്റെ മകന് താൻ ആരാണെന്ന് അറിയാമെന്നും എന്നാൽ രാമായണ കഥ അറിഞ്ഞപ്പോൾ താൻ രാവണനായി അഭിനയിക്കുന്നു എന്നറിഞ്ഞ് ഞെട്ടിപ്പോയെന്നും യാഷ് ഓർത്തെടുത്തു.
‘എന്റെ മകന് തന്റെ അച്ഛൻ ആരാണെന്ന് അറിയാം, പക്ഷേ ഇപ്പോൾ രാമായണ കഥ അറിഞ്ഞപ്പോൾ അവൻ ഞെട്ടി. അവൻ പറഞ്ഞു, 'അല്ല, നിങ്ങൾ മോശക്കാരനാണ്. നിങ്ങൾക്ക് എങ്ങനെ അത് ചെയ്യാൻ കഴിയും?' കഥ പൂർണമായി ആളുകൾക്ക് മനസ്സിലാകണമെങ്കിൽ നമ്മൾ മുഴുവൻ കഥയും ചിത്രീകരിക്കണമെന്ന് ഞാൻ അവനോട് വിശദീകരിച്ചു’ യാഷ് പറഞ്ഞു. രാവണന്റെ കഥാപാത്രം കഥക്ക് എന്തുകൊണ്ട് പ്രധാനമാണെന്നും വില്ലനെ അവതരിപ്പിക്കുന്നത് അവന്റെ പ്രവൃത്തികളെ പിന്തുണക്കുന്നതിന് തുല്യമല്ലെന്നും താൻ വിശദീകരിക്കേണ്ടി വന്നതായി നടൻ പറഞ്ഞു.
ശ്രീരാമൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങൾ തന്റെ കുട്ടികൾ മനസ്സിലാക്കണമെന്നും യാഷ് പറയുന്നു. അച്ഛൻ രാവണനായി അഭിനയിക്കുന്നത് ആസ്വദിക്കുമ്പോൾ തന്നെ രാമനെ ആദർശമായി കാണാൻ മകനെ പ്രേരിപ്പിക്കണമെന്ന് താരം ആഗ്രഹിച്ചു.
‘ഞാൻ എന്റെ മകനെ ഇരുത്തി പറഞ്ഞു. ഈ കഥയിൽ നിങ്ങൾ ഉറ്റുനോക്കേണ്ട പ്രധാന കഥാപാത്രം ശ്രീരാമനാണ്. എല്ലാവരും രാമന്റെ പാതയിലൂടെ നടക്കണം. രാവണൻ ഗംഭീരനും ശക്തനുമായി തോന്നിയേക്കാം, പക്ഷേ ജീവിതത്തിൽ യഥാർത്ഥവും നിലനിൽക്കുന്നതുമായ വിജയം വരുന്നത് രാമന്റെ നീതി ഉൾക്കൊള്ളുമ്പോൾ മാത്രമാണ്. ഞാൻ അവനോട് പറഞ്ഞു, 'നിങ്ങൾക്ക് തിയറ്ററിൽ ഒരു നടനെന്ന നിലയിൽ എന്നെ പ്രോത്സാഹിപ്പിക്കാം, പക്ഷേ കഥാപാത്രത്തെ ആദർശമായി തെറ്റിദ്ധരിക്കരുത്’ യാഷ് കൂട്ടിച്ചേർത്തു.
യാഷിന്റെ മകൻ രാവണൻ അവസാനം യുദ്ധത്തിൽ തോറ്റ് മരിക്കുമോ എന്ന് ചോദിച്ചതോടെ സംഭാഷണം കൂടുതൽ രസകരമായി. ചോദ്യം ഓർത്തെടുത്ത് നടൻ പറഞ്ഞു, ‘പിന്നെ അവൻ ചോദിച്ചു, നിങ്ങൾ അവസാനം മരിക്കുമോ? നിങ്ങൾ തോൽക്കുമോ?' അത് ബുദ്ധിമുട്ടായിരുന്നു. ഞാൻ ഈ പ്രോജക്റ്റിൽ ഒപ്പുവെച്ചപ്പോൾ, എന്റെ പ്രേക്ഷകർക്ക് മികച്ച പ്രകടനം നൽകുന്നതിനെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്, പക്ഷേ എന്റെ മകന്റെ ചോദ്യങ്ങൾ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഒരു നടനും ഒരു നാടകീയ വേഷവും തമ്മിലുള്ള വ്യത്യാസം അവനെ പഠിപ്പിക്കുന്നത് തികച്ചും ഒരു അനുഭവമായിരുന്നു യാഷ് പറഞ്ഞു.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രണ്ട് ഭാഗങ്ങളുള്ള ഇതിഹാസ ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്നു. രവി ദുബെ ലക്ഷ്മണനായും സണ്ണി ഡിയോൾ ഹനുമാനായും അരുൺ ഗോവിൽ ദശരഥനായും ലാറ ദത്ത കൈകേയിയായും രാകുൽ പ്രീത് സിങ് ശൂർപ്പണഖയായും ഷീബ ചദ്ദ മന്ഥരയായും അദിനാഥ് കൊത്താരെ ഭരതനായും വേഷമിടുന്നു. എ ആർ റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. ആദ്യ ഭാഗം 2026 നവംബർ 5 ന് ലോകമെമ്പാടും തിയറ്ററുകളിൽ എത്തും.

