ഭിന്നശേഷി സംവരണ നിയമനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ; എൻ.എസ്.എസ് വിധി മറ്റ് മാനേജ്മെൻറുകൾക്കും ബാധകമാക്കണമെന്ന് സുപ്രീംകോടതിയിൽ നിലപാട് സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
text_fieldsവി. ശിവന്‍കുട്ടി.
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണ നിയമനത്തിൽ മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് സർക്കാർ. വീണ്ടും കേസ് പരിഗണിക്കുമ്പോൾ എൻ.എസ്.എസിന് അനുവദിച്ച ഇളവുകൾ മറ്റ് മാനേജ്മെൻറുകൾക്കും ലഭ്യമാക്കണമെന്ന് സുപ്രീംകോടതിയിൽ നിലപാട് സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിന്റേതാണ് തീരുമാനം.
ക്രിസ്ത്യൻ മാനേജ്മെന്റുകളും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ പരസ്യവാക്പോരടക്കമുണ്ടായ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് അനുനയത്തിനുള്ള സാധ്യത തെളിഞ്ഞത്. ഭിന്നശേഷി അധ്യാപകരുടെ നാലുശതമാനം സംവരണ നിയമനങ്ങൾക്ക് ശേഷം മാത്രം ഇതര നിയമനങ്ങൾക്ക് അംഗീകാരം എന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനായിരുന്നു എൻ.എസ്.എസ് കോടതിയെ സമീപിച്ചത്.
കോടതിയിൽ നിന്ന് എൻ.എസ്.എസിന് അനുകൂല ഉത്തരവ് ലഭിച്ചതിന് പിന്നാലെ സർക്കാർ നിയമനങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. അതേസമയം, ഉത്തരവ് തങ്ങൾക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി ക്രൈസ്തവ മാനേജ്മെന്റടക്കമുള്ളവർ രംഗത്തെത്തിയെങ്കിലും സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. തുടർന്ന്, ഉത്തരവ് എൻ.എസ്.എസിന് മാത്രം ബാധകമെന്ന് എ.ജി നിയമോപദേശം നൽകുകയായിരുന്നു.
വിധി എൻ.എസ്.എസിന് മാത്രം ബാധകമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നതോടെ ക്രൈസ്തവ മാനേജ്മെന്റുകളടക്കമുള്ളവർ പരസ്യപ്രതിഷേധവുമായി രംഗത്തെത്തി. സഭാ നേതൃത്വവും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ നേരിട്ട് വാക്പോരിലേർപ്പെടുന്നത് വരെ കാര്യങ്ങൾ വഷളായിരുന്നു.
ഇതിന് പിന്നാലെയാണ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടത്. അടുത്തിടെ, കർദിനാൾ ക്ളിമീസുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും നിർണായകമായി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സഭകളെ പിണക്കേണ്ടതെന്ന നിലപാടാണ് സി.പി.എമ്മും സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ.
ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ്, സഭക്ക് വഴങ്ങി അനുനയത്തിന്റെ പാതയിലേക്ക് വരുന്നത്. 15,000ത്തോളം അധ്യാപകർക്കാണ് സർക്കാർ നിലപാട് മാറുന്നതോടെ നിയമനം ലഭിക്കുക. ഇത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന ആശങ്കയുമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

